ഇതിഹാസങ്ങള്‍ക്കൊപ്പം സഞ്ജു; ഐ.പി.എല്ലില്‍ ചരിത്ര നേട്ടം
69 റണ്‍സ് അടിച്ചെടുത്ത സഞ്ജു ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു
സ്‌കോർ ബോർഡിൽ റൺ തെളിയും മുമ്പേ വിക്കറ്റ് വീഴുന്നു. ഈ സമയം വൺഡൗണായി ക്രീസിലെത്തുന്ന ക്യാപ്റ്റന്റെ മനോവ്യഥകളെന്തൊക്കെയായിരിക്കും. 183 ബാലികേറാ മലയൊന്നുമല്ല. പതിയെ തുടങ്ങണം. സമ്മർദ ഘട്ടം മറി കടക്കണം. ടീമിനെ വിജയ തീരമണക്കണം. റീസ് ടോപ്ലിയുടെ ആദ്യ ഓവർ വെറും ഒരു റണ്ണിലവസാനിച്ചു.
യാഷ് ദയാലിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ സ്‌ക്വയറിലൂടെ മനോഹരമായൊരു ബൗണ്ടറി. ഐ.പി.എല്ലിലെ എലൈറ്റ് ബാറ്റർമാരുടെ പട്ടികയിലേക്കാണ് സഞ്ജു ആ ബൗണ്ടറി പായിച്ചത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ടി20 ലീഗിൽ 4000 റൺസ് കുറിച്ച് അയാളിപ്പോൾ ഇതിഹാസങ്ങളുടെ നിരയിലാണ്. ഐ.പി.എല്ലിൽ നാളിതുവരെ 16 പേർക്ക് മാത്രമേ ഈ നാഴികക്കല്ലിൽ തൊടാനായിട്ടുള്ളൂ.
152 ഇന്നിങ്‌സുകൾ. മൂന്ന് സെഞ്ച്വറികൾ.. 22 അർധ സെഞ്ച്വറികൾ. 137.31 സ്‌ട്രൈക്ക് റൈറ്റ്. സഞ്ജു 4000 എന്ന വലിയ അക്കത്തിൽ തൊട്ടത് ഈ സംഖ്യകളിലൂടെയൊക്കെ സഞ്ചരിച്ചാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ വലിയ നേട്ടം തൊട്ടവരില്‍ സ്ട്രൈക്ക് റേറ്റില്‍ സഞ്ജുവിനേക്കാള്‍ മുന്നിലുള്ളത് മൂന്നേ മൂന്ന് പേര്‍ മാത്രമേയുള്ളൂ എന്നതാണ്. ഐ.പി.എല്ലിലെ എക്കാലത്തേയും വലിയ കൂറ്റനടിക്കാരായ എ.ബി. ഡിവില്ലിയേഴ്സ്, ക്രിസ് ഗെയില്‍, ഡേവിഡ് വാര്‍ണര്‍. നാലാമന്‍ സഞ്ജു. അതായത് പ്രഹരശേഷിയില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമൊക്കെ സഞ്ജുവിനും താഴെയാണെന്ന് സാരം.
42 പന്തിൽ 69 റൺസുമായി രാജസ്ഥാൻ നായകൻ 15ാം ഓവറിൽ മടങ്ങുമ്പോൾ സഞ്ജയ് മഞ്ജരേക്കർ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു. ''സഞ്ജുവിന് റെക്കോർഡുകൾ പ്രധാനമല്ല. അയാൾ ടീമിന് വേണ്ടി ഷോട്ടുകൾ കളിച്ച് കൊണ്ടേയിരിക്കുന്നു. വിജയമുറപ്പിച്ച് മടങ്ങുന്നു. അത് കൊണ്ടാണയാളെ എതിര്‍ടീമുകള്‍ ഭയക്കുന്നതും''
നാളിതുവരെ ഫോമിലെത്താൻ കഴിയാതിരുന്ന ഓപ്പണർ ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ സഞ്ജു പടുത്തുയർത്തിയ 148 റൺസിന്റെ കൂട്ടുകെട്ടാണ് രാജസ്ഥാൻ ജയത്തിന് അടിത്തറയിട്ടത്. നാല് സിക്‌സുകളും എട്ട് ഫോറുകളും. ആ ഇന്നിങ്‌സിന് മിഴിവേകി.
രാജസ്ഥാൻ ഇന്നിങ്‌സിലെ പത്താം ഓവർ. പന്തെറിയാനെത്തിയത് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായ മുഹമ്മദ് സിറാജ്. സിറാജിന്റെ മൂന്നാം പന്ത് വായുവിലുയർന്ന് പൊങ്ങി ഒരു അപ്പർ കട്ടിലൂടെ സഞ്ജു ഗാലറിയിലെത്തിക്കുമ്പോൾ ഗാലറിക്കൊപ്പം സോഷ്യൽ മീഡിയയും ഇളകി മറിഞ്ഞു. ഈ മത്സരത്തിൽ സഞ്ജു കളിച്ച ഏറ്റവും മനോഹരമായ ഷോട്ട്.
തൊട്ടടുത്ത ഓവർ എറിഞ്ഞത് ടി20 ക്രിക്കറ്റിൽ റൺസ് വിട്ട് നൽകാൻ ഏറെ പിശുക്ക് കാണിക്കുന്ന മായങ്ക് ഡാഗർ. മായങ്കിനോട് ഒരു ബഹുമാനവും കാണിക്കാതെ നിർദാക്ഷിണ്യം പ്രഹരിച്ച സഞ്ജു ആ ഓവറിൽ പന്തിനെ അതിർത്തി കടത്തിയത് മൂന്ന് തവണ. ഡാഗറിന്‍റെ അഞ്ചാം പന്തിനെ എക്‌സ്ട്രാ കവറിന് മുകളിലൂടെ ഗാലറിയിലെത്തിച്ച് അർധ സെഞ്ച്വറി. അങ്ങനെയങ്ങനെ എത്രയെത്ര മനോഹരമായ കാഴ്ചകള്‍
സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് ജോസ് ബട്ലറെ തിരികെ കിട്ടിയ ദിവസം കൂടിയായിരുന്നു ഇന്നലെ. ആദ്യ മൂന്ന് മത്സരങ്ങളിലും അമ്പേ പരാജയമായിരുന്ന ബട്ലര്‍ താനിവിടെയൊക്കെ തന്നെയുണ്ടെന്ന് വിളിച്ച് പറഞ്ഞ് തിരിച്ചെത്തിയ ദിവസം. 58 പന്തില്‍ സെഞ്ച്വറി. കളിയവസാനിക്കും വരെയും പുറത്താകാതെ ക്രീസില്‍. 19 ാം ഓവറവസാനിക്കുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ ഇനി വേണ്ടത് വെറും ഒരു റണ്‍സ്. 20 ാം ഓവറിലെ ആദ്യ പന്ത് ഗാലറിയിലേക്ക് പായിച്ച് സെഞ്ച്വറിയും രാജസ്ഥാന്‍റെ വിജയറണ്ണും കുറിച്ചു ബട്ലര്‍. ബട്ലറുടെ സെഞ്ച്വറി അയാളെക്കാള്‍ ആഘോഷിച്ചത് ചിലപ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍റിലുണ്ടായിരുന്ന ഷിംറോണ്‍ ഹെറ്റ്മയറായിരിക്കണം. ഡഗ്ഗൗട്ടിലേക്ക് ക്യാമറ പായുമ്പോള്‍ ഹെറ്റ്മയറുടെ മുഖത്ത് വിടര്‍ന്ന അതേ പുഞ്ചിരി പലമുഖങ്ങളില്‍ അവിടെയും കണ്ടു.
രാജസ്ഥാന്‍ ക്യാമ്പില്‍ എല്ലാം ഓ.കെയാണ്. നാലില്‍ നാല് വിജയവുമായി ടീം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ റിയാന്‍ പരാഗും സഞ്ജുവും. വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് യുസ്വേന്ദ്ര ചാഹല്‍.
രാജസ്ഥാൻ റോയൽസിന്റെ പിങ്ക് പ്രോമിസും മത്സരത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്തു. കളിയില്‍ പിറക്കുന്ന ഓരോ സിക്‌സും രാജസ്ഥാനിലെ ആറ് വീടുകളിൽ സോളാർ എനർജിയെത്തിക്കുമെന്നായിരുന്നു രാജസ്ഥാന്റെ പ്രഖ്യാപനം. രാജസ്ഥാനിലെ ഗ്രാമങ്ങളെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തിയ സ്ത്രീ ജനങ്ങളുടെ പോരാട്ടത്തിനുള്ള ആദരവെന്ന നിലയിലായിരുന്നു ടീം പിങ്ക് പ്രോമിസ് അവതരിപ്പിച്ചത്. മത്സരത്തിലുടനീളം 15 സിക്സുകളാണ് ഇന്നലെ പിറന്നത്.