സെക്രട്ടറിയേറ്റ് പടിക്കൽ മുട്ടിലിഴഞ്ഞ് കായിക താരങ്ങളുടെ സഹനസമരം
മരണം വരിക്കേണ്ടിവന്നാലും ജോലി ലഭിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് കായികതാരങ്ങൾ പറഞ്ഞു
അർഹതപ്പെട്ട ജോലി ലഭിക്കുന്നതിന് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ മുട്ടിലിഴഞ്ഞ് കായിക താരങ്ങളുടെ സഹനസമരം. മരണം വരിക്കേണ്ടിവന്നാലും ജോലി ലഭിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് കായികതാരങ്ങൾ പറഞ്ഞു. പതിനേഴ് ദിവസം പിന്നിടുകയാണ് കായിക താരങ്ങളുടെ സെക്രട്ടറിയറ്റ് പടിക്കലെ സമരം. അതിനിടെ സമരം ചെയ്ത കായികതാരത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. വോളിബോള്‍ താരം ലിമയ്ക്കാണ് അസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ചർച്ചക്ക് വിളിച്ച് മന്ത്രി അപമാനിച്ചതോടെയാണ് കായിക താരങ്ങൾ സമരം കൂടുതൽ ശക്തമാക്കിയത്. ചർച്ചക്ക് വിളിച്ചിട്ടില്ല എന്ന് മന്ത്രിയുടെ ഓഫീസ് പറയുന്നത് കള്ളമാണെന്ന് സമരക്കാർ പറഞ്ഞു. അർഹതപ്പെട്ട ജോലി ലഭിക്കുന്നതിനു വേണ്ടി സമരമല്ലാതെ മറ്റൊരു മാർഗവും മുന്നിൽ ഇല്ല. ഇനിയെങ്കിലും കായിക മന്ത്രി തങ്ങളോടൊന്ന് സംസാരിക്കാൻ എങ്കിലും തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നും കായിക താരങ്ങൾ പറയുന്നു.