ശുഭ്മാന്‍ ഗില്‍; ഇന്ത്യയുടെ പുകഴ്ത്തപ്പെടാത്ത ഹീറോ

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ക്രീസിലെത്തി 97 പന്തില്‍ നിന്ന് രണ്ട് സിക്സുകളുടേയും 14 ഫോറുകളുടേയും അകമ്പടിയില്‍ 116 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.

Update: 2023-01-15 12:47 GMT
Advertising

തിരുവനന്തപുരം: വിരാട് കോഹ്‍ലിയുടെ രാജകീയ ഇന്നിങ്സ് കണ്ട ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ പുകഴ്ത്തപ്പെടാതെ പോയൊരു ഹീറോ കൂടിയുണ്ട്.  ശുഭ്മാന്‍ ഗില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ക്രീസിലെത്തി 97 പന്തില്‍ നിന്ന് രണ്ട് സിക്സുകളുടേയും 14 ഫോറുകളുടേയും അകമ്പടിയില്‍ 116  റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഏകദിന കരിയറില്‍ ഗില്ലിന്‍റെ രണ്ടാം സെഞ്ച്വറിയാണിത്. കോഹ്‍ലിയും ഗില്ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 

 ആദ്യം പയ്യെ തുടങ്ങിയ ഗില്‍ പിന്നീട് ടോപ് ഗിയറിലാവുന്ന കാഴ്ചയാണ് കാര്യവട്ടത്ത് ആരാധകര്‍ കണ്ടത്. 52 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഗില്‍ സെഞ്ച്വറി തികക്കാന്‍ പിന്നീട് എടുത്തത് വെറും 37 പന്താണ്.  ലഹിരു കുമാരയുടെ ഒരോവറില്‍ തുടര്‍ച്ചയായ നാല് ഫോറുകളാണ് ഗില്‍ അടിച്ചെടുത്തത്. നേരത്തേ ഇഷാന്‍ കിഷനെ ടീമിലെടുക്കാതെ ഗില്ലിനെ ടീമിലെടുത്തതിന് സെലക്ടര്‍മാര്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഗില്ലിന്‍റെ മനോഹര ഇന്നിങ്സ് സെലക്ടര്‍മാരുടെ ആ തലവേദന ഒഴിവാക്കും. 

ശ്രീലങ്കന്‍ ബൌളര്‍മാര്‍ക്ക് യാതൊരു അവസരവും കൊടുക്കാതെ  ഗില്ലും വിരാട് കോഹ്‍ലിയും ആടിത്തകര്‍ത്ത മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. ഗില്ലിന്‍റെ രണ്ടാം ഏകദിന സെഞ്ച്വറിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയായപ്പോള്‍ മറുവശത്ത് കോഹ്ലി തന്‍റെ 46-ാം ഏകദിന സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News