യു.എസ് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്; ലോക ഒന്നാം നമ്പർ ആകുന്ന ആദ്യ കൗമാരക്കാരൻ
കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന ആദ്യ കൗമാരക്കാരനാണ് അൽകാരസ്. 19 വയസ്സാണ് അൽകാരസിന്റെ പ്രായം.
യു.എസ് ഓപ്പൺ കിരീടം സ്‌പെയിനിന്റെ കാർലോസ് അൽകാരസിന്. കലാശപ്പോരാട്ടത്തിൽ നോർവേയുടെ കാസ്പർ റൂഡിനെയാണ് പരാജയപ്പെടുത്തിയത്. കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന ആദ്യ കൗമാരക്കാരനാണ് അൽകാരസ്. 19 വയസ്സാണ് അൽകാരസിന്റെ പ്രായം.
അൽകാരസിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്. 6-4, 2-6, 7-6, 6-3 എന്നിങ്ങനെയാണ് സ്‌കോർ നില. അമേരിക്കൻ പ്രതീക്ഷയായ ഫ്രാൻസിസ് ടിയാഫോയുടെ വെല്ലുവിളി മറികടന്നാണ് കാർലോസ് അൽകാരസ് ഫൈനലിലെത്തിയത്. 2005ൽ നദാൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ശേഷം കപ്പുയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അൽകാരസ്. 1990 ലെ പീറ്റ് സാംപ്രസിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ യു.എസ് ഓപ്പൺ ചാമ്പ്യനുമാണ്.
ചരിത്രത്തിൽ ആദ്യമായാണ് ടീനേജ് താരം പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആവുന്നത്. മികച്ച മത്സരം ആണ് ആർതർ ആഷെ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ആദ്യ സെറ്റിൽ തന്നെ ബ്രേക്ക് പോയിന്റുകൾ രക്ഷിച്ച അൽകാരസ് ബ്രേക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ചിലത് രക്ഷിക്കാൻ റൂഡിന് ആയെങ്കിലും ഒടുവിൽ ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 6-4 നു സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ എന്നാൽ റൂഡ് ശക്തമായി തിരിച്ചു വന്നു. കളം മുഴുവൻ നിറഞ്ഞു കളിച്ച റൂഡ് ഒടുവിൽ ഒരു ബ്രേക്ക് നേടി. ഇടക്ക് തന്റെ മികവ് കൈവിട്ട അൽകാരസിനെ ഈ സെറ്റിൽ ഒരിക്കൽ കൂടി ബ്രേക്ക് ചെയ്ത റൂഡ് സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ അവിശ്വസനീയ ഷോട്ട് ഉതിർത്ത അൽകാരസ് റൂഡിനെ ബ്രേക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രേക്ക് ചെയ്ത റൂഡ് തിരിച്ചടിച്ചു.
തുടർന്ന് രണ്ടു തവണ തന്റെ സർവീസിൽ സെറ്റ് പോയിന്റുകൾ വഴങ്ങിയ അൽകാരസ് ഇത് രണ്ടും കടുത്ത സമ്മർദത്തിലും രക്ഷിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ അവിശ്വസനീയ മികവ് കാണിച്ച അൽകാരസ് മൂന്നാം സെറ്റ് 7-6 (7-1) എന്ന സ്‌കോറിന് സ്വന്തം പേരിൽ കുറിച്ചു. നാലാം സെറ്റിൽ തുടക്കത്തിൽ ഇരു താരങ്ങൾക്കും സർവീസ് നിലനിർത്താൻ ആയി. എന്നാൽ തുടർന്ന് ബ്രേക്ക് കണ്ടത്തിയ അൽകാരസ് മത്സരം രണ്ട് ഹോൾഡ് മാത്രം അകലെയാക്കി. തുടർന്ന് തന്റെ സർവീസ് നിലനിർത്തിയ അൽകാരസ് ചരിത്രം സൃഷ്ടിച്ചു. ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും സെറ്റ് 6-3 നു കൈവിട്ട റൂഡ് മത്സരം അടിയറവ് പറഞ്ഞു.
റഷ്യയുടെ കാരൻ ഖച്ചനോവിനെ നാലു സെറ്റുകളിൽ മറികടന്നായിരുന്നു കാസ്പർ റൂഡ് ഫൈനലിലെത്തിയത്. കാസ്പർ റൂഡിന് ഈ വർഷത്തെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാലിനു മുന്നിലാണ് റൂഡ് മുട്ടുമടക്കിയത്.