''എല്ലാവരും വാക്‌സിനെടുക്കണം, സ്വയമെടുക്കുന്ന തീരുമാനങ്ങൾക്ക് പ്രത്യാഘാതവുമുണ്ടാകും''- ജോക്കോവിച്ചിനെ പിന്തുണക്കാതെ നദാൽ

''എനിക്കും കോവിഡ് വന്നിട്ടുണ്ട്. രണ്ടു തവണ വാക്‌സിനെടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളും ഇങ്ങനെ ചെയ്താൽ ഇവിടെ കളിക്കുന്നതിന് ഒരു പ്രശ്‌നവുമുണ്ടാകില്ല''-റാഫേൽ നദാൽ

Update: 2022-01-07 13:05 GMT
Editor : Shaheer | By : Web Desk
Advertising

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് ആസ്‌ട്രേലിയ വിസ നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി റാഫേൽ നദാൽ. എല്ലാവരും വാക്‌സിനെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സ്വന്തമായെടുക്കുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജോക്കോവിച്ചിനെ സൂചിപ്പിച്ച് നദാൽ പറഞ്ഞു. ഇത്തരത്തിൽ നിയമം അനുസരിക്കാത്തവർ കാരണം ലോകം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

വാർത്താസമ്മേളനത്തിലായിരുന്നു മുൻ ലോക ഒന്നാം നമ്പർ താരത്തിന്റെ പ്രതികരണം. ആരോഗ്യരംഗത്തുള്ളവർ പറയുന്നത് ഞാൻ വിശ്വസിക്കുന്നു. ജനങ്ങൾ വാക്‌സിനെടുക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞാൽ നമ്മളത് ചെയ്യണം. എനിക്കും കോവിഡ് വന്നിട്ടുണ്ട്. രണ്ടു തവണ വാക്‌സിനെടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളും ഇങ്ങനെ ചെയ്താൽ ഇവിടെ കളിക്കുന്നതിന് ഒരു പ്രശ്‌നവുമുണ്ടാകില്ല. അതുമാത്രമാണ് പറയാനുള്ള കാര്യമെന്നും താരം വ്യക്തമാക്കി.

ജോക്കോവിച്ചിന് ആഗ്രഹമുണ്ടെങ്കിൽ ഒരു പ്രശ്‌നവുമില്ലാതെ അദ്ദേഹത്തിന് കളിക്കാനാകും. അദ്ദേഹം സ്വന്തമായെടുത്ത തീരുമാനമായിരുന്നു അത്. എല്ലാവർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അതിന്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ താനും അതൃപ്തനാണ്. അദ്ദേഹത്തോട് സഹതാപം തോന്നുന്നുണ്ട്. എന്നാൽ, അതേസമയം മാസങ്ങൾക്കുമുൻപ് തന്നെ അദ്ദേഹത്തിന് സാഹചര്യം അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം സ്വയമെടുത്ത തീരുമാനമാണിതെന്നും നദാൽ കൂട്ടിച്ചേർത്തു.

കോവിഡ് വാക്‌സിനേഷനെ തുടക്കംതൊട്ടേ എതിർക്കുന്നയാളാണ് നദാൽ. വാക്‌സിനെടുക്കാതിരിക്കാനുള്ള ആരോഗ്യപരമായ ഇളവ് തനിക്ക് ലഭിച്ചെന്ന് കഴിഞ്ഞ ചൊവ്വാഴ്ച താരം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ആസ്‌ട്രേലിയൻ ഓപണിൽ കളിക്കാമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ടൂർണമെന്റിനായി വ്യാഴാഴ്ച ആസ്‌ട്രേലിയയിലെത്തിയപ്പോഴാണ് ഓസീസ് വൃത്തങ്ങൾ അദ്ദേഹത്തെ തടയുകയും വിസ റദ്ദാക്കുകയും ചെയ്യുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങളിൽ ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്ന നിലപാടിലാണ് ആസ്‌ട്രേലിയ. ലോക ഒന്നാം നമ്പർ താരത്തിനും എല്ലാവരെയും പോലെ നിയമങ്ങൾ ബാധകമാണെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. ആസ്‌ട്രേലിയയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജോക്കോവിച്ച് മണിക്കൂറുകളോളം മെൽബൺ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.

Summary: Everybody is free to take their own decisions. But then there are some consequences. If the people says that we need to get vaccinated, we need to get the vaccine, Rafael Nadal responds to Novak Djokovic visa issue

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News