'ജോക്കോ ദ ചാമ്പ്യൻ'; വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നൊവാക് ജോക്കോവിച്ചിന്

നാലാം സെറ്റിലും കടുത്ത പോരാട്ടം തന്നെ തുടർന്നു. ടൈബ്രേക്കറിലേക്കിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ജോക്കോവിച്ച് 7-3 ന് വിജയിച്ചാണ് മത്സരം സ്വന്തമാക്കിയത്

Update: 2022-07-10 17:05 GMT
Editor : Dibin Gopan | By : Web Desk
Advertising

ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ തോൽപ്പിച്ചാണ് ജോക്കോവിച്ച് ചാമ്പ്യനായത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ലോകചാമ്പ്യൻ കിരീടം നേടുകയായിരുന്നു. സ്‌കോർ- 4-6,6-3,6-4,7-6

ജോക്കോവിച്ചിന്റെ 21-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. വിംബിൾഡണിലെ ജോക്കോവിച്ചിന്റെ ഏഴാം കിരീടവും. ഇതോടെ കിരീടനേട്ടത്തിൽ പീറ്റ് സംപ്രസിനൊപ്പമെത്താനും കഴിഞ്ഞു. എട്ട് കിരീടങ്ങൾ നേടിയ റോജർ ഫെഡററാണ് ഏറ്റവും കൂടുതൽ വിംബിൾഡൺ നേടിയ താരം.

മത്സരത്തിന്റെ തുടക്കത്തിൽ കിർഗിയോസാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യ സെറ്റിൽ പിഴവുകൾ വരുത്താതെ കളിച്ച കിർഗിയോസ് ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കി.എന്നാൽ രണ്ടാം സെറ്റ് ഉജ്വലമായി റാക്കേറ്റേന്തിയ ജോക്കോവിച്ച് കിർഗിയോസിനെ നിഷ്പ്രഭമാക്കി. 6-3 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സെന്റർ കോർട്ട് സാക്ഷ്യം വഹിച്ചത്. കിർഗിയോസിന്റെ സർവുകൾക്ക് മുന്നിൽ പലപ്പോഴും ജോക്കോവിച്ച് പതറി. എന്നാൽ ജോക്കോവിച്ച് പരിചയസമ്പത്ത് ഉപയോഗിച്ച് റാക്കറ്റേന്തിയതോടെ കിർഗിയോസിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. മൂന്നാം സെറ്റ് 6-4 ന് ജോക്കോവിച്ച് നേടി.

നാലാം സെറ്റിലും കടുത്ത പോരാട്ടം തന്നെ തുടർന്നു. ടൈബ്രേക്കറിലേക്കിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ജോക്കോവിച്ച് 7-3 ന് വിജയിച്ചാണ് മത്സരം സ്വന്തമാക്കിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News