'നിങ്ങളായിത്തന്നെ തുടരുക, മാറാൻ ശ്രമിക്കരുത്'; വിവാഹിതർക്ക് സാനിയയുടെ ഉപദേശം
ഈയിടെ സാനിയയും ഭർത്താവ് ഷുഹൈബ് മാലികും വിവാഹമോചിതരായിരുന്നു
ഹൈദരാബാദ്: ടെന്നിസ് സൂപ്പർ താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലികും വിവാഹമോചിതരായതാണ് കഴിഞ്ഞയാഴ്ചകളില്‍ സൈബറിടം ചർച്ച ചെയ്ത ഏറ്റവും ചൂടുള്ള വിഷയങ്ങളിലൊന്ന്. ജനുവരി 20ന് നടി സന ജാവേദിനെ മാലിക് വിവാഹം ചെയ്തതോടെയാണ് സാനിയയുടെ സ്വകാര്യ ജീവിതം ഒരിക്കൽകൂടി ശ്രദ്ധയിലേക്ക് വന്നത്. ഇതിന് ശേഷം ഇരുവരും നൽകിയ നിരവധി ഇന്റർവ്യൂകളാണ് ഓൺലൈനിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
2023ൽ മെറ്റ ആതിഥ്യം വഹിച്ച റൗണ്ട്‌ടേബിൾ ചർച്ചയിൽ സാനിയ പറഞ്ഞ വാക്കുകൾ ഇതിനിടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കണ്ടന്റ് ക്രിയേറ്റർ അങ്കിത സഹിഗാളുമായി നടത്തിയ സംഭാഷണത്തിനിടെ വിവാഹിതരെ കുറിച്ചായിരുന്നു താരത്തിന്റെ പരാമർശം. 'നിങ്ങൾ നിങ്ങളായി തുടരുക, മാറാൻ ശ്രമിക്കരുത്. കാരണം, നിങ്ങളായതിന്റെ പേരിലാണ് നിങ്ങൾ സ്‌നേഹിക്കപ്പെടുന്നത്' - എന്നാണ് സാനിയ സംഭാഷണത്തില്‍ പറയുന്നത്.
ഷുഹൈബ് മാലികിന്റെ വിവാഹത്തിന് പിന്നാലെ, മാസങ്ങൾക്ക് മുമ്പു തന്നെ ഇരുവരും വിവാഹമോചിതരായി എന്ന് സാനിയയുടെ കുടുംബം അറിയിച്ചിരുന്നു. ഷുഹൈബിന്റെ മൂന്നാം വിവാഹമാണിത്. 2010ലാണ് സാനിയയും പാക് താരവും വിവാഹിതരായത്.
വിവാഹ മോചനത്തിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് സാനിയ ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 'ആളുകൾ അറിയുക പോലും ചെയ്യാത്ത ആയിരക്കണക്കിന് കാര്യങ്ങൾ ജീവിതത്തിലുണ്ടാകും. നിങ്ങളെ മാറ്റുകയും തകർത്തു കളയുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരും. അത് നിങ്ങളെ കൂടുതൽ കരുത്തരാക്കും.' - എന്നിങ്ങനെയായിരുന്നു അവരുടെ കുറിപ്പ്.