ഫെഡററുടെ റെക്കോർഡ് ഇനി പഴങ്കഥ; ചരിത്രം കുറിച്ച് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലിൽ
ഒന്നാം സെറ്റ് നഷ്ടമായ ശേഷമാണ് മൂന്ന് സെറ്റുകൾ വിജയിച്ച് ജോക്കോ വൻതിരിച്ചുവരവ് നടത്തിയത്
ലണ്ടന്‍: വിംബിൾഡണിൽ പുതു ചരിത്രം കുറിച്ച് സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. ബ്രിട്ടന്റെ കാമറൂൺ നോറിയെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യൻ കൂടിയായ ജോക്കോവിച്ച് വീണ്ടും ഫൈനലിലെത്തിയത്.
ഇതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന പുരുഷതാരം എന്ന റെക്കോർഡ് ജോക്കോവിച്ച് തന്റെ പേരിൽ കുറിച്ചു. 31 തവണ ഫൈനൽപ്രവേശം നേടിയ റോജർ ഫെഡററുടെ റെക്കോർഡാണ് പഴങ്കഥയായത്. 32ാം തവണയാണ് ജോക്കോവിച്ച് ഗ്രാന്‍റ്സ്ലാം ഫൈനലിലെത്തുന്നത്.
ഒന്നാം സെറ്റ് നഷ്ടമായ ശേഷമാണ് മൂന്ന് സെറ്റുകൾ വിജയിച്ച് ജോക്കോ വൻതിരിച്ചുവരവ് നടത്തിയത്. സ്കോര്‍- 2-6, 6-3, 6-2,6-4. ഇത് എട്ടാം തവണയാണ് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്നത്. അതിൽ ആറ് തവണ താരം കിരീടം ചൂടുകയും ചെയ്തു. തുടർച്ചയായി നാലാം തവണയാണ് വിംബിൾഡണിൽ ജോക്കോവിച്ചിന്റെ ഫൈനൽ പ്രവേശം. ഫൈനലിൽ ആസ്‌ട്രേലിയയുടെ നിക് കിർഗിയോസാണ് ജോക്കോവിച്ചിന്റെ എതിരാളി. വിജയിച്ചാൽ തന്റെ 21ാം ഗ്ലാന്റ്സ്ലാം കിരീടത്തിൽ ജോക്കോവിച്ചിന് മുത്തമിടാനാവും.