'വിദേശതാരങ്ങൾക്ക് ആത്മാർത്ഥതയില്ല'; തുറന്നടിച്ച് നോർത്ത് ഈസ്റ്റ് കോച്ച് ഖാലിദ് ജമീൽ

വിമർശനങ്ങൾക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽനിന്ന് ഖാലിദിനെ മാനേജ്‌മെന്റ് മാറ്റിനിർത്തി

Update: 2022-02-27 08:35 GMT
Editor : abs | By : Web Desk
Advertising

പനാജി: ഐഎസ്എല്ലിൽ മോശം പ്രകടനം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പൊട്ടിത്തെറി. വിദേശ കളിക്കാർക്ക് ആത്മാർത്ഥതയില്ലെന്നും ക്ലബ് മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങൾ ടീമിന്റെ കെട്ടുറപ്പിനെ തകർത്തെന്നും കോച്ച് ഖാലിദ് ജമീൽ ആരോപിച്ചു. വിദേശ കോച്ചുമാർക്ക് ഈഗോയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമർശനങ്ങൾക്ക് പിന്നാലെ, എസ്.സി ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിന് മുമ്പോടിയായുള്ള വാർത്താസമ്മേളനത്തിൽനിന്ന് ഖാലിദിനെ മാനേജ്‌മെന്റ് മാറ്റിനിർത്തി. ഗോൾ കീപ്പിങ് കോച്ച് ആസിയർ റേ സാന്റിനാണ് പകരമെത്തുക.

'സീസണിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ കളിക്കാർ എന്റെ വാക്കുകൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ സീസണിന്റെ പകുതിയിൽ മാനേജ്‌മെന്റ് ടെക്‌നിക്കൽ ഡയറക്ടറെ നിയമിച്ചു. അവർ അദ്ദേഹത്തെയും ശ്രദ്ധിച്ചു. അതിൽ എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാൽ ആ നിയമനത്തിൽ എനിക്ക് പങ്കാളിത്തമുണ്ടായിരുന്നില്ല. അത് ടീമിന്റെ സന്തുലിതത്വത്തെ ബാധിച്ചു. ടീമിന്റെ നന്മ ആഗ്രഹിച്ച് മിണ്ടാതിരിക്കുകയായിരുന്നു. ആരെയും കുറ്റപ്പെടുത്തുകയല്ല. മാനേജ്‌മെന്റ് നന്നായി പരിശ്രമിച്ചിട്ടുണ്ട്. സീസണിന്റെ തുടക്കം മുതൽ തന്നെ അവർ നല്ല സ്വാതന്ത്ര്യം നൽകിയിരുന്നു. അടുത്ത സീസണിലും തുടരണമെന്നാണ് ആഗ്രഹം. കാത്തിരുന്നു കാണാം.' - ഖാലിദ് പറഞ്ഞു.

'ഇന്ത്യക്കാർക്ക് കളിയെ കുറിച്ച് നല്ല ധാരണയില്ലെന്നാണ് വിദേശകോച്ചുമാർ കരുതുന്നത്. ഐഎസ്എല്ലിലെ എല്ലാ ടീമിലും ഈ പ്രശ്‌നമുണ്ട്. മിക്ക ഇന്ത്യക്കാരും മിണ്ടാതിരിക്കുകയാണ്. കാരണം ടീമിന്റെ വീര്യത്തെ ഇല്ലാതാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. വിദേശ കോച്ചുമാർക്ക് വലിയ ഈഗോയുണ്ട്. അവരാണ് മികച്ചവർ എന്ന ധാരണയുമുണ്ട്.'- അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശതാരങ്ങളെ കുറിച്ച് ഖാലിദ് പറഞ്ഞതിനങ്ങനെ; 'മുതിർന്ന വിദേശതാരങ്ങൾക്ക് ഡ്രസിങ് റൂമിൽ 'ആരാധക പ്രശ്‌നം' ഉണ്ടായിരുന്നു. ധാരാളം ഗ്രൂപ്പുകളുമുണ്ടായിരുന്നു. ഞാൻ കഠിനാധ്വാനം ചെയ്യിക്കുന്നു എന്നായിരുന്നു അവരുടെ പരാതി. അവർ പിന്നെ എന്താണ് പ്രതീക്ഷിക്കുന്നത്. 15 മിനിറ്റിലെ പരിശീലനമോ? ദിവസം രണ്ടു നേരമായിരുന്നു പരിശീലനം. അതെന്തോ തെറ്റു പോലെയാണ് അവർ കണ്ടിരുന്നത്.'

ക്ലബിന്റെ സഹഉടമ ജോൺ അബ്രഹാം മാത്രമാണ് തന്നെ പിന്തുണച്ചത് എന്നും അദ്ദേഹമില്ലായിരുന്നെങ്കിൽ എന്നോ പുറത്തായിരുന്നേനെ എന്നും ഖാലിദ് പറഞ്ഞു. മാനേജ്‌മെന്റിനെതിരെ സംസാരിച്ചതിലൂടെ ഖാലിദ് പുറത്തുപോകുമെന്ന് ഉറപ്പായി.

19 കളികളിൽ 13 പോയിന്റു മാത്രം നേടിയ ലീഗിൽ പത്താം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. 18 കളികളിൽനിന്ന് 10 പോയിന്റ് നേടിയ ഈസ്റ്റ് ബംഗാൾ മാത്രമാണ് നോർത്ത് ഈസ്റ്റിന്റെ താഴെയുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News