വിന്‍സെന്‍റ് അബൂബക്കര്‍... ഈ പേര് ഓര്‍മയില്‍ വെച്ചോളൂ; ഹൃദയം കീഴടക്കിയ കാമറൂണ്‍കാരന്‍
ഒരുപക്ഷേ വിന്‍സെന്‍റ് അബൂബക്കറിനെതിരെ ചുവപ്പ് കാർഡ് പുറത്തെടുക്കുമ്പോൾ ആ റഫറിക്ക് പോലും കുറ്റബോധം തോന്നിയിരിക്കണം
റിമെംബര്‍ ദ നെയിം, ഞാന്‍ വിന്‍സെന്‍റ് അബൂബക്കര്‍... ആര്‍ത്തലക്കുന്ന ഗ്യാലറികളെ സാക്ഷിയാക്കി അയാള്‍ തന്‍റെ പത്താം നമ്പര്‍ ജഴ്സിയൂരി ഉറക്കെ വിളിച്ചുപറഞ്ഞു. ആ 30 വയസുകാരന്‍റെ സെലെബ്രേഷന് ചുവപ്പ് കാര്‍ഡ് കൊടുക്കുന്നതിന് മുമ്പ് റഫറി ഇസ്മായിൽ ഇൽഫത് സ്നേഹത്തോടെ അയാളുടെ തലയിൽ തലോടുന്ന കാഴ്ച ഫുട്ബോള്‍ ലോകത്തിന് അപരിചിതമായിരുന്നു. ഒരുപക്ഷേ കാർഡ് പുറത്തെടുക്കുമ്പോൾ ആ റഫറിക്ക് പോലും കുറ്റബോധം തോന്നിയിരിക്കണം.
1990 ലോകകപ്പില്‍ ചാമ്പ്യന്മാരുടെ പകിട്ടോടെ എത്തിയ അര്‍ജന്‍റീനയെ കാമറൂണ്‍ അട്ടിമറിക്കുമ്പോള്‍ വിന്‍സെന്‍റ് അബൂബക്കര്‍ ജനിച്ചിട്ടില്ല. 32 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീലിനെ ആദ്യമായി ലോകകപ്പില്‍ കാമറൂണ്‍ കീഴടക്കുമ്പോള്‍ കാഴ്ചക്കാരനായി മാറിയ ബ്രസീല്‍ ഗോളി എഡേഴ്‌സണൊപ്പം ലോകം മുഴുവന്‍ അത്ഭുതത്തോടെ സാക്ഷിയായത് വിന്‍സെന്‍റ് അബൂബക്കറിന്‍റെ ഹീറോയിസത്തിനാണ്, ഇന്‍ജുറി ടൈമിലെ കാമറൂണിന്‍റെ എണ്ണം പറഞ്ഞ ഒരേയൊരു ഗോളില്‍ ബ്രസീല്‍ തലകുനിച്ച് മടങ്ങുമ്പോള്‍ ചുവപ്പ് കാര്‍ഡും വാങ്ങി തലയുയര്‍ത്തി വിന്‍സെന്‍റ് അബൂബക്കര്‍ ഡഗ്ഔട്ടിലേക്ക് നടക്കുന്നുണ്ടായിരുന്നു. 98 ലോകകപ്പിന് ശേഷം ബ്രസീല്‍ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങിയതും ആ ദിവസമായിരുന്നു.
90 മിനുട്ടും കഴിഞ്ഞ് ഇന്‍ജുറി ടൈമിലേക്ക് കടന്ന കളി ഗോൾരഹിതമായി ഒടുങ്ങുമെന്ന തോന്നലുകൾക്ക് മീതെയാണ് കാമറൂണ്‍ ക്യാപ്റ്റന്‍ വിന്‍സെന്‍റ് അബൂബക്കര്‍ അവതരിക്കുന്നത്. ജെറോം എൻഗോം എംബെകെലിക തളികയിലേക്കെന്ന പോലെ നീട്ടിനല്‍കിയ ക്രോസില്‍ അയാള്‍ അതിമനോഹരമായി തലവെക്കുമ്പോള്‍ ബ്രസീൽ ഗോൾ മുഖത്ത് മൂന്ന് പ്രതിരോധ താരങ്ങളുണ്ടായിരുന്നു. ക്രോസ്ബാറിന് കീഴില്‍ അതുവരെ പിഴക്കാതെ കോട്ട കാത്ത എഡേഴ്‌സണും, പക്ഷേ അവർക്കിടയിൽ നിന്നെല്ലാം പൂ നുള്ളുന്ന ലാഘവത്തോടെയാണ് വിൻസെൻ്റ് പന്ത് പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടത്. ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ് കണ്ടുനില്‍ക്കാനല്ലാതെ നിന്ന നില്‍പ്പില്‍ നിന്നൊന്ന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല എന്നതായിരുന്നു സത്യം.
സ്ക്വാഡ് ഡെപ്ത് കൊണ്ട് അതിസമ്പന്നമായ ഒരു ടീം, സൈഡ്ബെഞ്ചില്‍ പോലും ഒരു ലോകകപ്പിനിറക്കാനുള്ള താരങ്ങള്‍, അങ്ങനെയുള്ള ലോക ഒന്നാം നമ്പര്‍ ടീമിനെയാണ് ലോകറാങ്കിങില്‍ 43-ാമതുള്ള ഒരു ആഫ്രിക്കന്‍ രാജ്യം വീഴ്ത്തുന്നത്. എല്ലാ കളിയും ജയിച്ച് ഒൻപത് പോയിൻ്റിൻ്റെ ആർഭാടത്തോടെ ബ്രസീൽ പ്രീ ക്വാർട്ടറിൽ കയറും എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷേ അവർ മെനഞ്ഞുണ്ടാക്കിയ നീക്കങ്ങൾക്കെല്ലാം ഫൈനൽ തേഡിൽ കാമറൂണിന്റെ കരളുറപ്പിനു മുന്നിൽ മുനയൊടിഞ്ഞു വീഴാനായിരുന്നു വിധി. ക്രോസ്ബാറിന് കീഴില്‍ ചിലന്തി വലകെട്ടുന്നതുപോലെ സേവുകള്‍ നടത്തിയ ഗോൾകീപ്പർ ഡേവിസ് എപാസ്സിയും ചരിത്രനിമിഷത്തില്‍ കാമറൂണിന്‍റെ കാവല്‍ക്കാരനായി.
വിന്‍സെന്‍റ് അബൂബക്കറിലേക്ക് തന്നെ വരാം, ഈ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ അയാളുടെ കോണ്‍ഫിഡന്‍സ് ലെവല്‍ ലോകം മുഴുവന്‍ കണ്ടതാണ്. മുഹമ്മദ് സലാഹിനോട് ഒരു പ്രത്യേത മതിപ്പുമില്ലെന്നും അയാൾക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം തനിക്കും ചെയ്യാന്‍ കഴിയുമെന്നും വിളിച്ചുപറയുമ്പോള്‍ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു ആ മനുഷ്യന്‍റെ ആത്മവിശ്വാസത്തിന്‍റെ തോത്.
കാമറൂണ്‍ പോലൊരു രാജ്യത്തുനിന്ന് ലോകശ്രദ്ധയാകര്‍ഷിച്ച ഇതിഹാസ താരങ്ങള്‍ വിരലില്‍ എണ്ണാവുന്നതിലും കുറവാണ്... സാമുവല്‍ ഏറ്റൂ, റോജര്‍ മില്ല, തോമസ് എന്‍കോണോ,റിഗോബെര്‍ട്ട് സോങ്... അത്രയൊക്കെയേ ഉള്ളൂ, അവിടെ നിന്നാണ് വിന്‍സെന്‍റ് അബൂബക്കര്‍ എന്ന പേരിനെ കളിപ്രേമികള്‍ ഏറ്റെടുക്കുന്നത്.
അയാളുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുന്നത് 2017ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലാണ്. അന്നും കളിയവസാനിക്കാന്‍ വെറും രണ്ട് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു എങ്ങുനിന്നോ ആ മാലാഖ അവതരിച്ചത്. അതുവരെ സമനിലയില്‍ കുരുങ്ങിനിന്ന മത്സരത്തില്‍ ഈജിപ്തിന്‍റെ ഹൃദയം തകര്‍ത്തുകൊണ്ട് വിന്‍സെന്‍റ് അബൂബക്കറിന്‍റെ ഗോള്‍ വന്നു.
കാമറൂണിന്‍റെ ഹാഫില്‍ നിന്ന് ഈജിപ്തിന്‍റെ ബോക്സിലേക്ക് പറന്നിറങ്ങിയ പന്തിനെ തലകൊണ്ടെടുത്ത് മൂന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് ഒരു ബൌണ്‍സ് ഷോട്ടിലൂടെ വല കുലുക്കുമ്പോള്‍ കാമറൂണ്‍ നേഷന്‍സ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച കാമറൂണിനെ
വിന്‍സെന്‍റ് അബൂബക്കര്‍ കൈപിടിച്ചുകയറ്റിയത് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നേഷന്‍സ് കപ്പ് കിരീടത്തിലേക്കാണ്.
പിന്നീട് നടന്ന 2019ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പക്ഷേ അദ്ദേഹത്തിന് ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഫിറ്റ്നസില്‍ ടീം കോച്ച് ക്ലാരൻസ് സീഡോർഫിന് തൃപ്തിയില്ലാതിരുന്നതാണ് കാരണം. എന്നാല്‍ 2021ല്‍ നായകനായി ആയിരുന്നു വിന്‍സെന്‍റ് അബൂബക്കറിന്‍റെ തിരിച്ചുവരവ്. ആ തിരിച്ചുവരവില്‍ ടൂര്‍ണമെന്‍റ് ടോപ്ഗോള്‍സ്കോററായി ഗോള്‍ഡന്‍ ബൂട്ടുമായി ആണ് കാമറൂണ്‍ നായകന്‍ മടങ്ങിയത്. ഏഴ് കളികളില്‍ നിന്ന് എട്ട് ഗോളുകളുമായി അങ്ങനെ സ്വന്തം നാട്ടില്‍ വെച്ചുനടന്ന ടൂര്‍ണമെന്‍റില്‍ അയാള്‍ തിരിച്ചുവരവ് ആഘോഷമാക്കി.
അതിന് ശേഷമാണ് ലോകകപ്പിലേക്ക് കാമറൂണിനെ നയിച്ചുകൊണ്ടുള്ള വിന്‍സെന്‍റിന്‍റെ വരവ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ അഞ്ചും ജയിച്ചു. അങ്ങനെ ലോകകപ്പിലെത്തിയ കാമറൂണ്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് തോറ്റെങ്കിലും കരുത്തരായ സെര്‍ബിയയുമയി സമനില പിടിച്ചു. അതും മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച്. സെര്‍ബിയയുമായുള്ള മത്സരത്തിലാണ് വിന്‍സെന്‍റ് അബൂബക്കറിന്‍റെ ആദ്യ ലോകകപ്പ് ഗോളും പിറക്കുന്നത്. ആ ഗോളിനെ ഔട്ട്റേജസ് സ്കൂപ്പ് എന്നാണ് ബിബിസി വിശേഷിപ്പിച്ചത്. തന്നെ ടാക്കിള്‍ ചെയ്യാന്‍ ശ്രമിച്ച ഡിഫന്‍ഡറെയും കബളിപ്പിച്ച് ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് സ്കൂപ്പ് ചെയ്തിടുകയായിരുന്നു അയാള്‍. ആ മത്സരത്തില്‍ കാമറൂണിന്‍റെ മൂന്നാം ഗോളിന് അസിസ്റ്റ് ചെയ്തതും നായകന്‍ വിന്‍സെന്‍റ് അബൂബക്കര്‍ തന്നെയയിരുന്നു.
അങ്ങനെ 2002 ലോകകപ്പിന് ശേഷം കാമറൂണിനായി അയാള്‍ ലോകകപ്പിൽ ആദ്യ സമനില നേടിക്കൊടുത്തു. പിന്നാലെ അടുത്ത മത്സരത്തില്‍ ലോക ഒന്നാം റാങ്കുകാരായ ബ്രസീലിനെതിരെ വിജയവും. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കാമറൂണിന്‍റെ ആദ്യ ലോകകപ്പ് വിജയം കൂടിയായിരുന്നു അത്. പ്രീക്വാര്‍ട്ടര്‍ കാണാതെ കാമറൂണിന് പുറത്താകേണ്ടി വന്നെങ്കിലും കിരീടം നേടിയതിനോളം ആഹ്ലാദിക്കാനുള്ള നിമിഷങ്ങള്‍ ആ രാജ്യത്തിന് സമ്മാനിച്ചുകൊണ്ടാണ് നായകന്‍ വിന്‍സെന്‍റ് അബൂബക്കര്‍ ലോകകപ്പില്‍ നിന്ന് തങ്ങളുടെ ടീമുമായി തിരികെ പോകുന്നത്.