ദേശ്പാണ്ഡെ വിവാഹിതനാകുന്നു; വധു കളിക്കൂട്ടുകാരി,ശ്രീയെ പിന്നിലിരുത്തി റോഡിലൂടെ ചീറിപ്പാഞ്ഞ് മഹി; ഇന്നത്തെ പ്രധാന ട്വിറ്റര്‍ വാര്‍ത്തകള്‍
ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന വാര്‍ത്തകള്‍ ഇവയാണ്
മൈതാനത്തേക്കോടിയിറങ്ങി ആരാധകന്‍; ചേര്‍ത്തുപിടിച്ച് മെസി, വീഡിയോ വൈറല്‍
ബെയ്ജിങ്: കഴിഞ്ഞ ദിവസം ബെയ്ജിങ്ങിൽ വച്ച് നടന്ന അർജന്റീന ആസ്‌ത്രേലിയ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ നിറഞ്ഞാട്ടമാണ് ആരാധകർ കണ്ടത്. മത്സരം ആരംഭിച്ച് 75 സെക്കന്റ് പിന്നിടും മുമ്പേ സൂപ്പർ താരം മനോഹരമായൊരു ഗോളിലൂടെ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചു. കളിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.
മത്സരത്തിനിടെ മൈതാനത്ത് ചില രസകരമായ സംഭവങ്ങളും അരങ്ങേറി. കളി പുരോഗമിച്ചു കൊണ്ടിരിക്കേ ഗാലറിയിൽ നിന്ന് മൈതാനത്തേക്കിറങ്ങിയ ഒരു ആരാധകൻ ലയണല്‍ മെസ്സിയുടെ അടുക്കലേക്ക് ഓടിയെത്തിയതിനെ തുടര്‍ന്ന് മത്സരം അല്‍പ്പ നേരം നിര്‍ത്തി വക്കേണ്ടി വന്നു. കളിയുടെ 66 ാം മിനിറ്റിലാണ് സംഭവം. കോര്‍ണര്‍ കിക്കെടുക്കാനായി കോര്‍ണര്‍ ഫ്ലാഗിനടുത്തേക്ക് നടന്നു നീങ്ങുകയായിരുന്നു മെസ്സി. ഇതിനിടെ ഗാലറിയില്‍ നിന്ന് ആരാധകന്‍ മൈതാനത്തേക്ക് ചാടിയിറങ്ങി താരത്തിന് അടുക്കലേക്ക് ഓടി. മെസ്സിയെ ആലിംഗനം ചെയ്ത ആരാധകനെ മെസി ചേര്‍ത്ത് പിടിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടുന്നത് കണ്ട് മൈതാന മധ്യത്തേക്ക് ഓടിയ ആരാധകന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനും കൈ കൊടുത്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ മൈതാനത്ത് നിന്ന് പിടിച്ചു കൊണ്ടു പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടം കറക്കിയ ആരാധകന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ശ്രീയെ പിന്നിലിരുത്തി റോഡിലൂടെ ചീറിപ്പാഞ്ഞ് മഹി; ട്രെന്‍ഡിങ്ങായി പഴയ ബൈക്ക് റൈഡ് വീഡിയോ
ന്യൂ ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി എന്ന് ആരാധകരുടെ മഹിയുടെ ബൈക്കുകളോടുള്ള കമ്പം അറിയാത്തവര്‍ വിരളമാണ്. അദ്ദേഹത്തിന്റെ റാഞ്ചിയിലുള്ള വീട്ടിലെ ബൈക്കുകളുടെ കമനീയ ശേഖരം കണ്ട് കണ്ണ് തള്ളിയവരാണ് വാഹന പ്രേമികള്‍.
മഹിയുടെ പഴയൊരു ബൈക്ക് റൈഡിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്നത്. മലയാളിയും മുന്‍ ഇന്ത്യന്‍ പേസറുമായ ശ്രീശാന്തിനെ തന്റെ ബൈക്കിന്റെ പിന്നിലിരുത്തി തിരക്കുള്ള റോഡിലൂടെ ചീറിപ്പായുകയാണ് മഹി വീഡിയോയിയില്‍.
ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ താരങ്ങളെ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്ന ആരാധകരേയും വീഡിയോയില്‍ കാണാം. നിരവധി ആരാധകരാണ് മഹിയുടെ ഈ അപൂര്‍വ്വ ബൈക്ക് റൈഡ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, കാല്‍മുട്ടിലെ പരിക്കുമായാണ് മഹി ഇത്തവണ ഐ.പി.എല്ലിനിറങ്ങി ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. പരിക്ക് കാരണം താരത്തിന് കളിക്കളത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ ആരാധകരേയും ഒരേപോലെ നിരാശരാക്കിയിരുന്നു. ടൂര്‍ണമെന്റിന് ശേഷം താരം ശസ്ത്രക്രയക്ക് വിധേയനാവുകയും ചെയ്തു.
പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും അടുത്ത സീസണില്‍ തിരിച്ചുവരുമെന്ന വാക്ക് ആരാധകര്‍ക്ക് കൊടുത്തിട്ടാണ് മഹി മടങ്ങിയത്. അടുത്ത സീസണില്‍ ടീമിന് വേണ്ടി കളിക്കാനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മഹി വ്യക്തമാക്കി.
മണൽക്കടത്ത് പിടിക്കാനെത്തിയ ഹെഡ് കോൺസ്റ്റബിളിനെ ട്രക്ക് ഇടിച്ചുകൊലപ്പെടുത്തി
ബംഗളൂരു: അനധികൃത മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസുകാരനെ ട്രക്ക് ഇടിച്ചുകൊലപ്പെടുത്തി. കലബുറഗി ജില്ലയിലെ നാരായണപുരയിലാണ് സംഭവം. ജില്ലയിലെ നിലോഗി പൊലീസ് സ്റ്റേഷനിൽ ഹെഡ്‌കോൺസ്റ്റബിളായ മൈസൂർ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്.
അനധികൃത മണൽക്കടത്ത് നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചാണ് മൗസൂർ ചാഹാൻ നാരായണപുരയിലെത്തുന്നത്. കോൺസ്റ്റബിൾ പ്രമോദ് ദോഡ്മാണിയെ കൂട്ടി ബൈക്കിലാണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ട്രക്കിലാണ് മണൽ കടത്താൻ ശ്രമമുണ്ടായത്. മണൽക്കടത്തു സംഘത്തെ തടയുകയും ചോദ്യംചെയ്യുകയും ചെയ്യുന്നതിനിടയിൽ പൊലീസുകാരന്റെ ദേഹത്തേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു സംഘം.
തൽക്ഷണം തന്നെ ചൗഹാൻ മരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. കലബുറഗി ജില്ലയിലെ അഫ്‌സൽപൂർ സ്വദേശിയാണ് മരിച്ച മൈസൂർ ചൗഹാൻ. ചൗഹാന്റെ മരണത്തിൽ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, സംഭവത്തെ രാഷ്ട്രീയായുധമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ആഴ്ചകൾക്കുമുൻപ് അധികാരമേറ്റ കോൺഗ്രസ് സർക്കാരിനെ അടിക്കാനുള്ള സുവർണാവസരമായാണ് ഇതിനെ ബി.ജെ.പി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്റെ തെളിവാണ് സംഭവമെന്ന് ബി.ജെ.പി പ്രതികരിച്ചു. കോൺഗ്രസ് മണൽമാഫിയയ്ക്കും നിയമവിരുദ്ധ സംഘങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ബി.ജെ.പി ദേശീയ വക്താവ് ഷെസാദ് പൂനവാല ആരോപിച്ചു.
'ഞാൻ ഞെട്ടിപ്പോയി, മണിപ്പൂരിലെ ക്രമസമാധാനം പൂർണമായും തകര്‍ന്നു': തന്‍റെ വീടിന് ആള്‍ക്കൂട്ടം തീയിട്ടതിനെ കുറിച്ച് കേന്ദ്രമന്ത്രി
ഇംഫാല്‍: മണിപ്പൂരിലെ ക്രമസമാധാനം പൂർണമായും തകര്‍ന്നെന്ന് കേന്ദ്രമന്ത്രി ആർ.കെ രഞ്ജൻ സിങ്. മന്ത്രിയുടെ ഇംഫാലിലെ വീട് ആയിരത്തോളം വരുന്ന ജനക്കൂട്ടം തീയിട്ടതിനു പിന്നാലെയാണ് പ്രതികരണം.
"ഞാൻ ഞെട്ടിപ്പോയി. എന്‍റെ നാട്ടിലെ ജനങ്ങളില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല. ആക്രമണം നടക്കുമ്പോള്‍ എന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു? മണിപ്പൂരിലെ ക്രമസമാധാനം പൂർണമായും തകര്‍ന്നു"- രഞ്ജൻ സിങ് വാര്‍ത്താഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മണിപ്പൂരിൽ നടക്കുന്നത് ആൾക്കൂട്ട ആക്രമണമാണെന്നും വർഗീയ സംഘർഷമല്ലെന്നും മന്ത്രി പറഞ്ഞു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണ മൂലമാണ് സംഘര്‍ഷമുണ്ടായത്. പള്ളികൾക്കൊപ്പം അമ്പലങ്ങളും ആക്രമിക്കപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഇംഫാലിലെ മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയ അക്രമികൾ പെട്രോൾ ബോബുകൾ എറിഞ്ഞത്. വീടിന്‍റെ രണ്ട് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ഔദ്യോഗിക ആവശ്യത്തിനായി കേരളത്തിലായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ കേരളത്തിലെ പരിപാടികൾ റദ്ദാക്കി.
നെഹ്‌റുവിനെ വെട്ടി കേന്ദ്രം; തീൻമൂർത്തി ഭവനിലെ മ്യൂസിയത്തിന്റെ പേരുമാറ്റി
ന്യൂഡൽഹി: നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ഡൽഹിയിലെ തീർമൂർത്തി ഭവനിലുള്ള നെഹ്‌റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പേരാണ് മാറ്റിയത്. പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാണ് പുതിയ നാമം. നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീർമൂർത്തി ഭവൻ. 16 വർഷത്തോളമാണ് നെഹ്‌റു ഇവിടെ താമസിച്ചത്. തീൻമൂർത്തി ഭവനും നെഹ്‌റുവും തമ്മിൽ അറുത്തുമാറ്റാനാകാത്ത ബന്ധമുണ്ട്. അതിനാലാണ്, മരണശേഷം നെഹ്‌റുവിനുള്ള ആദരമായി കേന്ദ്രം അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമാക്കി മാറ്റിയത്. 1966ലാണ് മ്യൂസിയത്തിന്റെ
സാംസ്‌കാരിക മന്ത്രാലയമാണ് നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേരുമാറ്റിയിരിക്കുന്നത്. പ്രതിരോധ മന്ത്രിയും മ്യൂസിയം സൊസൈറ്റി വൈസ് പ്രസിഡന്റുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. തീരുമാനത്തെ പിന്താങ്ങുന്നതായി രാജ്‌നാഥ് അറിയിച്ചു.
ജവഹർലാൽ നെഹ്‌റു മുതൽ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടയുടെ എല്ലാ നിറവും ആനുപാതികമായി പ്രതിനിധീകരിച്ചാലേ അതു സുന്ദരമാകൂ. പേരുമാറ്റ നടപടി ജനാധിപത്യപരവും എല്ലാ പ്രധാനമന്ത്രിമാർക്കുമുള്ള ആദരവുമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്റെയും ഏകാധിപത്യമനോഭാവത്തിന്റെ ഭാഗമാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ചരിത്രമില്ലാത്തവർ മറ്റുള്ളവരുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുകയാണ്. ആധുനിക ഇന്ത്യയുടെ ശിൽപിയായ നെഹ്‌റുവിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഖാർഗെ വ്യക്തമാക്കി.
ചെന്നൈ താരം തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; വധു കളിക്കൂട്ടുകാരി
മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. കളിക്കൂട്ടുകാരി നാഭ ഗദ്ദംവറാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ മുംബൈയിൽ നടന്നു.
ക്രിക്കറ്റ് ബോൾ കൈയിൽ പിടിച്ചായിരുന്നു ഇരുവരും വിവാഹ നിശ്ചയ ശേഷമുള്ള ഫോട്ടോ ഷൂട്ട് നടത്തിയത്. 'അവൾക്ക് സ്‌കൂൾ ക്രഷിൽനിന്ന് ഭാവി വധുവിലേക്ക് സ്ഥാനക്കയറ്റം കിട്ടി' എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത്.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് തുഷാർ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. കിരീടം നേടിയ ധോണിയുടെ സംഘത്തില്‍ ബൗളിങ് ആക്രമണത്തിലെ പ്രധാനിയായിരുന്ന താരം 16 മത്സരങ്ങളിൽനിന്ന് 21 വിക്കറ്റാണ് വീഴ്ത്തിയത്. 17 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് സീസണിലെ മികച്ച പ്രകടനം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ആറാമത്തെ കളിക്കാരനാണ്.
ഒരു പന്തില്‍ രണ്ട് റിവ്യൂ; വിചിത്ര തീരുമാനവുമായി അശ്വിന്‍
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ദിണ്ഡിഗല്‍ ഡ്രാഗൺസിന്‍റെ താരമാണ് ഇന്ത്യന്‍ ബോളര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ ദിവസം ലീഗില്‍ ബൈസി ട്രിച്ചിയുമായുള്ള മത്സരത്തിൽ പന്തെറിഞ്ഞ അശ്വിൻ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. മത്സരത്തില്‍ വിചിത്രമായൊരു തീരുമാനമെടുത്താണ് താരം ആരാധകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞത്. മത്സരത്തിലെ ഒരു പന്തില്‍ അംപയറുടെ തീരുമാനം പുനപ്പരിശോധിച്ച് തേര്‍ഡ് അംപയര്‍ വിധി പറഞ്ഞ ശേഷം വീണ്ടും അശ്വിന്‍ റിവ്യൂ നല്‍കിയതാണ് ആരാധകരെ ഞെട്ടിച്ചത്.
മത്സരത്തിലെ 13ാം ഓവർ എറിഞ്ഞത് അശ്വിനായിരുന്നു. ഓവറിലെ അവസാന പന്തിൽ ട്രിച്ചി ബാറ്റർ രാജ്കുമാറിനെ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത് പുറത്താക്കി. എന്നാൽ രാജ്കുമാർ ഡി.ആർ.എസ് പോയതോടെ തേർഡ് അംപയർ തീരുമാനം പുനപ്പരിശോധിച്ച് നോട്ടൗട്ട് വിധിച്ചു. ഇതിന് പിന്നാലെ അശ്വിൻ വീണ്ടും റിവ്യൂവിന് പോയി. വീഡിയോ ദൃശ്യങ്ങൾ തേർഡ് അംപയർ ഒരിക്കൽ കൂടി പരിശോധിച്ചെങ്കിലും നോട്ടൗട്ട് എന്ന് തന്നെയായിരുന്നു വിധി. തുടർന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന അംപയർമാരുമായി അശ്വിൻ തർക്കിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായിരുന്നു എന്നാണ് ദിണ്ഡിഗൽ താരങ്ങളുടെ വാദം.
''രണ്ടാം റിവ്യൂ പോകാനുള്ള തീരുമാനത്തെക്കുറിച്ച് അശ്വിൻ മത്സരത്തിനു ശേഷം വിശദീകരിച്ചു. ‘തമിഴ്നാട് പ്രീമിയർ ലീഗിൽ ഡിആർഎസ് പുതിയ കാര്യമാണ്....പന്ത് ബാറ്റിനെ കടന്നുപോകുമ്പോൾ ചെറിയ ശബ്ദമുണ്ടായിരുന്നു. അവർ അത് മറ്റേതെങ്കിലും ആംഗിളിൽ കൂടി പരിശോധിക്കുമെന്നാണു കരുതിയത്''- അശ്വിന്‍ പറഞ്ഞു.
മതസൗഹാർദം പ്രമേയം: 'ഡെയർ ഡെവിൾ മുസ്തഫ' യ്ക്ക് നികുതിയിളവ് നൽകി കർണാടക സർക്കാർ
മതസൗഹാർദം പ്രമേയമായെത്തിയ കന്നഡ ചിത്രം ' ഡെയർ ഡെവിൾ മുസ്തഫ' യ്ക്ക് നികുതിയിളവ് നൽകി കർണാടക സർക്കാർ. സമൂഹത്തിലെ വിഭജനങ്ങളെ തുറന്നുകാട്ടുന്നതും മതസൗഹാർദത്തെ ബലപ്പെടുത്തുന്ന സന്ദേശം നൽകുന്നതുമാണ് ചിത്രമെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു.
പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാലി ധനഞ്ജയ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് സോഗലാണ്. ഹിന്ദുവിദ്യാർഥികൾ മാത്രം പഠിക്കുന്ന കോളേജിൽ പഠിക്കാനെത്തിയ മുസ്‌ലിം വിദ്യാർഥിയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാ, സംസ്‌കാരിക രംഗത്തെ നിരവധി പേരാണ് സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നേരത്തേ ഏറെ വിവാദമായ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.
Kannada movie Daredevil Mustafa gets tax exemptionhttps://t.co/NWshIaFJLX
— TheNewsMinute (@thenewsminute) June 15, 2023
അമേരിക്കയിലെ ആദ്യ മുസ്‌ലിം വനിത ഫെഡറൽ ജഡ്ജിയായി ചരിത്രം കുറിച്ച് നുസ്രത് ചൗധരി
ന്യൂയോർക്ക്: അമേരിക്കൻ നീതിന്യായ ചരിത്രത്തിലാദ്യമായി ഒരു മുസ്‌ലിം വനിതയെ ഫെഡറൽ ജഡ്ജിയായി സെനറ്റ് തിരഞ്ഞെടുത്തു. ബംഗ്ലാദേശ് വംശജയായ പൗരാവകാശ പ്രവർത്തക നുസ്രത് ജഹാൻ ചൗധരിക്കാണ് ഈ അപൂർവ നേട്ടം. കിഴക്കൻ ന്യൂയോർക്കിലെ ജില്ലാകോടതിയിലാണ് നുസ്രത് ചൗധരി ജഡ്ജിയായി സ്ഥാനമേൽക്കുന്നത്.
2022 ജനുവരിയിലാണ് പ്രസിഡന്റ് ജോ ബൈഡൻ ചൗധരിയെ ഫെഡറൽ ബെഞ്ചിലേക്ക് നാമനിർദേശം ചെയ്തത്. ആദ്യ ബഗ്ലാദേശി-അമേരിക്കൻ ഫെഡറൽ ജഡ്ജിയായ ചൗധരിക്ക് 49 ന് എതിരെ 50 വോട്ടാണ് ലഭിച്ചത്. ഇല്ലിനോയിസിലെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ (എ.സി.എൽ.യു) ലീഗൽ ഡയറക്ടറായിരുന്ന ചൗധരി വംശീയ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ നിയമസഹായം നൽകുന്ന റേഷ്യൽ ജസ്റ്റിസ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
First Muslim woman confirmed as federal judge https://t.co/59RoKpn1fY
— State of the Union (@CNNSotu) June 16, 2023
ഫിഫയുടെ വംശീയ വിരുദ്ധ സമിതി തലവനായി വിനീഷ്യസ് ജൂനിയറിനെ തെരഞ്ഞെടുത്തു
മൈതാനങ്ങളിൽ ഫുട്‌ബോൾ താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങൾക്കെതിരെ ഫിഫ രൂപീകരിച്ച വംശീയ വിരുദ്ധ സമിതിയുടെ തലവനായി റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇക്കാര്യം അറിയിച്ചത്. കളിക്കളത്തിൽ വംശീയതയെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നും വംശീയ സംഭവങ്ങള്‍ അരങ്ങേറിയ ഉടന്‍ കളി അവിടെ വച്ച് അവസാനിപ്പിക്കണമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
''വംശീയതയെ ഇനി കളിക്കളങ്ങളിൽ വച്ചു പൊറുപ്പിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ അരങ്ങേറിയാൽ മത്സരം ഉടൻ അവസാനിപ്പിക്കണം. ഫിഫയുടെ വംശീയ വിരുദ്ധ സമിതിയെ നയിക്കാൻ ഞാൻ വിനീഷ്യസിനോട് ആവശ്യപ്പെട്ടു. വംശീയതക്കെതിരായ ശക്തമായ നടപടികൾ ഈ സമിതി കൈക്കൊള്ളും''- ഇൻഫാന്റിനോ പറഞ്ഞു.
Brazil forward Vinicius Jr to lead new anti-racism committee: FIFA https://t.co/qy4iYLwTeM
— The Times Of India (@timesofindia) June 15, 2023
കഴിഞ്ഞ സീസണില്‍ വലൻസിയയ്‌ക്കെതിരായ റയലിന്റെ തോൽവിക്കു പിന്നാലെയാണ് വിനീഷ്യസ് കടുത്ത വംശീയാധിക്ഷേപം നേരിട്ടത്. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ താരത്തെ വരവേറ്റത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്.