'സൂപ്പര്‍ വുമണ്‍'; സ്മൃതി മന്ദാനക്ക് കോഹ്‍ലിയുടെ സര്‍പ്രൈസ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
അരുൺ ജെയിറ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്‍.സി.ബി തോൽപിച്ചത്
ന്യൂഡല്‍ഹി: 'ഈ വർഷം കപ്പ് നമുക്ക്...' ഐ.പി.എല്ലിൽ ആർ.സി.ബി ആരാധകർ എല്ലാ വർഷവും ഈ മുദ്രാവാക്യം മുഴക്കാറുണ്ട്. എന്നാൽ ലീഗ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ഒരു തവണ പോലും കപ്പിൽ മുത്തമിടാൻ വിരാട് കോഹ്ലിക്കും സംഘത്തിനുമായിട്ടില്ല. ഇപ്പോഴിതാ ആ വലിയ നാണക്കേടിനെ മായ്ച്ചു കളയുകയാണ് ആർ.സി.ബി യുടെ പെൺ പട. വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ ആദ്യ കിരീടത്തിൽ മുത്തമിട്ടത്.
കിരീട നേട്ടത്തിന് പിന്നാലെ ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയെ തേടി ഒരു സർപ്രൈസ് കോളെത്തി. സാക്ഷാൽ വിരാട് കോഹ്ലി. വീഡിയോ കോളിലൂടെ താരങ്ങളെ കോഹ്ലി അഭിനന്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയും കോഹ്ലി താരങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്നു. സൂപ്പർ വുമൺ എന്ന തലവാചകത്തോടെയാണ് ടീമിനെ അഭിനന്ദിച്ച് കൊണ്ടുള്ള സ്‌റ്റോറി കോഹ്ലി പങ്കിട്ടത്.
ഡൽഹി അരുൺ ജെയിറ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് ആര്‍.സി.ബി തോൽപിച്ചത്. സ്‌കോർ: ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113. റോയൽ ചലഞ്ചേഴ്‌സ് 19.3 ഓവറിൽ 115-2
113 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ഓപ്പണിങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥാനയും(31) സോഫിയ ഡെവൈനും(32) മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ക്രീസിലെത്തിയ എലീസ് പെറിയും(35)വിക്കറ്റ് കീപ്പർ റിച്ച ഘോഷും(17) ചേർന്ന് വിജയ തീരമണച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യഓവറുകളിൽ ടീം തകർന്നടിഞ്ഞു. 27 പന്തിൽ 44 റൺസെടുത്ത ഷഫാലി വർമയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറർ. നാലു വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റെടുത്ത സോഫി മോളിനെക്‌സും രണ്ട് വിക്കറ്റെടുത്ത മലയാളി താരം ആശാ ശോഭനയും ചേർന്നാണ് ഡൽഹിയെ കറക്കിയിട്ടത്.
ഓപ്പണിംഗ് വിക്കറ്റിൽ ഷഫാലി വർമയും ക്യാപ്റ്റൻ മെഗ് ലാനിങും ചേർന്ന് ഡൽഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഏഴോവറിൽ ഇരുവരും ചേർന്ന് 64 റൺസടിച്ചു. 27 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 44 റൺസടിച്ച ഷഫാലിയായിരുന്നു കൂടുതൽ ആക്രമിച്ചു കളിച്ചത്. എന്നാൽ എട്ടാം ഓവറിലെ ആദ്യ പന്തിൽ മോളിനെക്‌സിനെ സിക്‌സിന് പറത്താനുള്ള ഷഫാലിയുടെ ശ്രമം സ്‌ക്വയർ ലെഗ് ബൗണ്ടറിയിൽ വാറെഹാമിമിൻറെ കൈകളിലൊതുങ്ങിയതോടെ ഡൽഹിയുടെ തകർച്ച തുടങ്ങി. ഒരു പന്തിൻറെ ഇടവേളയിൽ ജെമീമ റോഡ്രിഗസിനെയും അടുത്ത പന്തിൽ അലീസ് ക്യാപ്‌സിയെയും ക്ലീൻ ബൗൾഡാക്കി കടുത്ത പ്രഹരമേൽപ്പിച്ചു ബംഗളൂരു. മലയാളി താരം മിന്നു മണിയെ(5) ശ്രേയങ്ക പാട്ടീൽ വീഴ്ത്തിയതോടെ 64-0ൽ നിന്ന് ഡൽഹി 87-7ലേക്ക് അവിശ്വസനീയമായി തകർന്നടിഞ്ഞു.