നിലയ്ക്കാത്ത സമ്മാനപ്പെരുമഴ; പക്ഷേ നീരജ് ചോപ്ര ഇനിയെത്ര നികുതി നല്‍കണം ?

കേന്ദ്രസര്‍ക്കാരിന് പുറമെ, വിവിധ സംസ്ഥാനങ്ങളും സ്വകാര്യവ്യക്തികളും നീരജ് ചോപ്രക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Update: 2021-08-09 07:05 GMT
Editor : Suhail | By : Web Desk
Advertising

സ്വര്‍ണത്തിളക്കത്തോടെ ഒളിമ്പിക് വേദിയില്‍ നിന്നും മടങ്ങിയെത്തിയ ചരിത്രപുരുഷന്‍ നീരജ് ചോപ്രക്ക് സമ്മാനപ്പെരുമഴയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും രാജ്യത്തിന്റെ ഏക സ്വര്‍ണ മെഡല്‍ ജേതാവിനെ അനുമോദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. അഭിനന്ദനങ്ങള്‍ക്ക് പുറമെ, വമ്പിച്ച ഓഫറുകളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, പലര്‍ക്കുമള്ള സംശയമായിരിക്കും, ഈ ലഭിക്കുന്ന ഭീമമായ സമ്മാനങ്ങള്‍ക്കെല്ലാം നീരജ് ചോപ്ര അടക്കേണ്ട നികുതി എത്രയാകുമെന്ന്.

വാസ്തവത്തില്‍, നീരജ് ചോപ്രക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ ചട്ടപ്രകാരം തന്നെ നികുതി ഒഴിവാക്കപ്പെട്ടിട്ടുള്ളവയാണ്. ആദായനികുതി നിയമം സെക്ഷന്‍ 10(17A) പ്രകാരം കേന്ദ്ര, സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്ന സമ്മാനങ്ങള്‍ക്ക് നികുതി അടക്കേണ്ടതില്ല. ഈ നിയമം നിലനില്‍ക്കേ തന്നെ, കേന്ദ്ര നികുതി ബോര്‍ഡ് 2014ല്‍ പാസാക്കിയ നിയമപ്രകാരം ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് നല്‍കുന്ന സാമ്പത്തികമോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ക്ക് നികുതി അടക്കേണ്ടതില്ല.

കേന്ദ്രസര്‍ക്കാരിന് പുറമെ ഹരിയാന ആറ് കോടിയും പഞ്ചാബ് രണ്ട് കോടിയും മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു കോടിയുമാണ് നീരജ് ചോപ്രക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിയമപ്രകാരം, മറ്റു സംസ്ഥാനങ്ങളിലുള്ള താരങ്ങള്‍ക്ക് ഒരു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സമ്മാനങ്ങളും നികുതിയില്‍ ഉള്‍പ്പെടില്ല. ഇതോടെ, നീരജ് ചോപ്രക്ക് ഇതുവരെ പ്രഖ്യാപിച്ച സമ്മാനങ്ങള്‍ ഒന്നുംതന്നെ നികുതിയില്ലാതെ തന്നെ താരത്തിന് കൈപ്പറ്റാവുന്നതാണ്.

എന്നാല്‍ സ്വകാര്യവ്യക്തികളോ സംഘടനകളോ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതുണ്ട്. അതായത്, നീരജ് ചോപ്രക്ക് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച എസ്.യു.വിക്ക് 30 ശതമാനം നികുതിയാണ് അടക്കേണ്ടത്.

എന്നാല്‍ ഈ നികുതിയിളവുകളെല്ലാം ബാധകമാവുക മെഡല്‍ ജേതാക്കള്‍ക്ക് മാത്രമാണ്. മറ്റു ഒളിമ്പിക് താരങ്ങള്‍ക്ക് പ്രഖ്യാപിച്ച സമ്മാനങ്ങള്‍ക്ക് യഥാവിധി നികുതി അടക്കേണ്ടതുണ്ട്. അതായത്, ഇന്ത്യന്‍ വനിതാ ഹോക്കി ടീം അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപക്ക് നികുതി നല്‍കണം. അതേപോലെ, തന്നെ വിജയികളല്ലാത്ത താരങ്ങളുടെ പരിശീലകര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ക്കും നികുതി നല്‍കേണ്ടതുണ്ട്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News