സെമി കണ്ടക്ടര്‍ ക്ഷാമം; സ്മാര്‍ട്‌ഫോണുകളുടെ വില വര്‍ധിച്ചേക്കും

സാംസങ്, ഓപ്പോ, ഷവോമി തുടങ്ങിയ ബ്രാൻഡുകളെയാണ് സെമി കണ്ടക്ടര്‍ ക്ഷാമം കൂടുതല്‍ ബാധിക്കുക

Update: 2021-10-03 09:00 GMT
Editor : Nisri MK | By : Web Desk
Advertising

ആഗോളതലത്തില്‍ സാങ്കേതിക രംഗം നേരിടുന്ന സെമി കണ്ടക്ടര്‍ ക്ഷാമം കാര്‍ നിര്‍മാണം ഉള്‍പ്പടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കിയപ്പോഴും സ്മാര്‍ട്‌ഫോണ്‍ വിപണി  പിടിച്ചുനിന്നു. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണരംഗത്തും താമസിയാതെ സ്ഥിതി വഷളാവുമെന്ന് കൗണ്ടര്‍ പോയിന്‍റ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷാമം രൂക്ഷമായാല്‍ സ്മാര്‍ട്‌ഫോണുകളുടെ വില വര്‍ധിച്ചേക്കും

2020 അവസാനത്തോടെയാണ് ലോകവ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ആരംഭിച്ചത്. കോവിഡ് വ്യാപനമാരംഭിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഈ ഘട്ടത്തിലും സ്മാര്‍ട്‌ഫോണ്‍ വിപണിയ്ക്ക് പിടിച്ചുനില്‍ക്കാനായത് നേരത്തെ തന്നെ സ്വീകരിച്ച തയ്യാറെടുപ്പുകള്‍ കൊണ്ടാണ്. ആപ്ലിക്കേഷന്‍ പ്രൊസസറുകള്‍, ക്യാമറ സെന്‍സറുകള്‍ പോലുള്ള അനുബന്ധ ഘടകങ്ങള്‍ സംഭരിച്ചുവെക്കാന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചു. 

എന്നാല്‍ ശേഖരിച്ചുവെച്ച അനുബന്ധ ഘടകങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതും ആവശ്യത്തിന് പുതിയ സ്റ്റോക്ക് എത്താതിരിക്കുന്നതും സ്മാര്‍ട്‌ഫോണ്‍ രംഗത്തെയും ചിപ്പ് ക്ഷാമം  പിടികൂടുന്നതിന് വഴിവെക്കുന്നു. ആവശ്യപ്പെടുന്നതിന്‍റെ 70 % ഘടകങ്ങള്‍ മാത്രമേ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നുള്ളൂ.

സാംസങ്, ഓപ്പോ, ഷാവോമി തുടങ്ങിയ ബ്രാൻഡുകളെയാണ് സെമി കണ്ടക്ടര്‍ ക്ഷാമം കൂടുതല്‍ ബാധിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിളിന് ഈ സങ്കീര്‍ണത നേരിടാന്‍ ഒരു പരിധിവരെ സാധിച്ചേക്കും.

അവസ്ഥ രൂക്ഷമായാല്‍ ചില സ്മാര്‍ട്‌ഫോണുകളില്‍ മാത്രമായി കമ്പനികള്‍ക്ക് ശ്രദ്ധകൊടുക്കേണ്ടിവരും. മറ്റ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത് നിര്‍ത്തിവെക്കേണ്ടിയും വരും. ഇത് സ്മാര്‍ട്‌ഫോണുകളുടെ വില വര്‍ധനവിനും കാരണമായേക്കും.

കാറുകൾ, മൊബൈലുകൾ, ഗെയിമിംഗ് ഉപകരണങ്ങൾ മുതൽ റഫ്രിജറേറ്ററുകൾ, മൈക്രോവേവ് എന്നിവയില്‍ വരെ ചിപ്പുകൾ ഉപയോഗിക്കുന്നു. ചിപ്പ് ഉൽപാദനത്തിൽ 200 എംഎം അല്ലെങ്കിൽ 300 എംഎം സിലിക്കൺ വേഫറുകളാണ് ഉപയോഗിക്കുന്നത്, അവയെ ചെറിയ ചിപ്പുകളായി വിഭജിക്കും. വലിയ വേഫറുകൾ ചെലവേറിയതാണ്. അതിനാൽ, ചെറിയവയുടെ ആവശ്യകത വർദ്ധിച്ചു. എന്നാല്‍ 200 എംഎം നിർമ്മാണ ഉപകരണങ്ങളുടെ അഭാവമാണ് ചിപ്പ് ക്ഷാമത്തിന് കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News