ഏയ്‌സർ ലാപ്‌ടോപ്പുകളുടെ നിർമാണം ഇനി ഇന്ത്യയിൽ; ഡിക്‌സൻ ടെക്‌നോളജിസുമായി കരാർ
ഒരു വർഷം അഞ്ച് ലക്ഷം ഏയ്‌സർ ലാപ്‌ടോപ്പുകൾ നിർമിച്ചു നൽകാൻ ശേഷിയുള്ള പ്ലാന്റ് നിർമിക്കാൻ ഡിക്‌സൻ തീരുമാനിച്ചിട്ടുണ്ട്
രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന ഡിക്‌സൺ ടെക്‌നോളജിയുമായി ഏയ്‌സർ ലാപ്‌ടോപ് കമ്പനി കൈക്കോർക്കുന്നു. ഏയ്‌സറിന്റെ ലാപ്‌ടോപ്പുകൾ ഇനിമുതൽ ഡിക്‌സൻ കമ്പനി നിർമിച്ച് നൽകും. തുടക്കത്തിൽ ഇന്ത്യൻ വിപണിയിലേക്ക് ആവശ്യമുള്ള ലാപ്‌ടോപ്പുകളായിരിക്കും ഡിക്‌സൻ നിർമിക്കുക. പിന്നീട് നിർമിക്കുന്നവ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യും.
ഒരു വർഷം അഞ്ച് ലക്ഷം ഏയ്‌സർ ലാപ്‌ടോപ്പുകൾ നിർമിച്ചു നൽകാൻ ശേഷിയുള്ള പ്ലാന്റ് നിർമിക്കാൻ ഡിക്‌സൻ തീരുമാനിച്ചിട്ടുണ്ട്. ഡിസംബറിൽ പുതിയ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ 10 ലക്ഷം ലാപ്‌ടോപ്പുകൾ നിർമിക്കാനും ഡിക്‌സൻ കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ വർഷത്തിൽ 20 ലക്ഷം ടാബ്‍ലെറ്റുകൾ നിർമിക്കുന്ന മറ്റൊരു പ്ലാന്റ് നിർമിക്കാനും ഡിക്‌സൻ ആലോചിക്കുന്നുണ്ട്. ഏയ്‌സറുമായുള്ള പുതിയ കരാർ വാർത്തകൾ പുറത്തു വന്നതോടെ ഡിക്‌സൻ ടെക്‌നോളജിസിന്റെ ഓഹരി മൂല്യം 0.6 ശതമാനം വർധിച്ചിട്ടുണ്ട്.
നിലവിൽ എച്ച്പി, ഡെൽ, ലെനോവേ എന്നി കമ്പനികളുടെ ലാപ്‌ടോപ്പുകൾ മാത്രമാണ് രാജ്യത്ത് നിർമിക്കുന്നത്. 8.7 ശതമാനം മാത്രമാണ് ഏയ്‌സർ ലാപടോപ്പുകൾ ഇന്ത്യൻ വിപണിയിലുള്ളത്. എന്നാൽ ഡിക്‌സനുമായുള്ള കരാറോടെ ഇതിൽ വർധനവ് ഉണ്ടാകുമെന്നാണ് ഏയ്‌സറിന്റെ പ്രതീക്ഷ