ഒരാളുടെ സ്വഭാവം മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റുമോ ? ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് പറ്റും
ഈ പഠനം വിജയിച്ചാൽ റോബോട്ടുകളും മനുഷ്യനും തമ്മിലുള്ള ആശയവിനിമയവും, ഡ്രൈവറില്ലാ കാറുകളുടെ പ്രവർത്തനവും എ.ഐ അസിസ്റ്റന്റുകളുടെ പ്രവർത്തനത്തെയും സഹായിക്കും.''-
ഓരോ മനുഷ്യരെയും വ്യത്യസ്തരാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓരോരുത്തരുടെയും സ്വഭാവം. പ്രവചിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും മനുഷ്യന്റെ പെരുമാറ്റമാണ്. എന്നാൽ ഇനി മനുഷ്യന്റെ സ്വഭാവം പ്രവചിക്കാനും പറ്റും എന്നാണ് ഇപ്പോൾ പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നത്. അമേരിക്കയിലുള്ള കൊളംബിയ സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് അപ്ലൈഡ് സയൻസിലെ ഗവേഷകരാണ് പഠനം പുറത്തുവിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് ഇത് സാധ്യമാക്കാൻ പറ്റുമെന്നാണ് 'ലേണിങ് ദി പ്രഡിക്റ്റബിലിറ്റി ഓഫ് ദി ഫ്യൂച്ചർ' എന്ന് പേരിട്ട പഠനം പറയുന്നത്.
'ഞങ്ങളുടെ അൽഗോരിതം മെഷീനുകൾക്ക് മനുഷ്യൻമാരുടെ സ്വഭാവം പ്രവചിക്കാൻ കഴിവുള്ളയാണ്, ഈ പഠനം വിജയിച്ചാൽ റോബോട്ടുകളും മനുഷ്യനും തമ്മിലുള്ള ആശയവിനിമയവും, ഡ്രൈവറില്ലാ കാറുകളുടെ പ്രവർത്തനവും എ.ഐ അസിസ്റ്റന്റുകളുടെ പ്രവർത്തനത്തെയും സഹായിക്കും.''- കൊളംബിയ സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് അപ്ലൈഡ് സയൻസിലെ കാൾ വോൻഡ്രിക്ക് പറഞ്ഞു.
പഠനത്തിന്റെ പ്രത്യേകതകൾ
മനുഷ്യന്റെ ജീവിതരീതി സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. മനുഷ്യൻ വ്യത്യസ്തമായ വീഡിയോകൾ കാണുന്നതിനെയും ടി.വി കാണുന്നതിനെയും കമ്പ്യൂട്ടർ ഉപയോഗിച്ച് നിരീക്ഷിച്ചു. ആൾക്കാർ ഓഫീസിൽ വരുന്നതും ഹസ്തദാനം ചെയ്യുന്നതുമെല്ലാം നിരീക്ഷിച്ചു.
പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ മനുഷ്യന്റെ പെരുമാറ്റത്തെ കുറിച്ച് പഠിക്കാനാണ് ഏറ്റവും കൂടുതൽ സമയമെടുത്തത്.
മെഷീനുകൾക്ക് മനുഷ്യന്റെ പ്രവൃത്തികൾ മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞാൽ കൂടുതൽ ക്രിയാത്മമായി കമ്പ്യൂട്ടറിന് മനുഷ്യനെ സഹായിക്കാൻ പറ്റുമെന്ന് ഗവേഷകരിലൊരാളായ റുഷോയ് ലിയു പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പഠനം അതിന്റെ ആദ്യഘട്ടത്തിലാണ്. എന്നിരുന്നാലും ഭാവിയിൽ കൂടുതൽ മികച്ച കണ്ടുപിടുത്തങ്ങൾക്ക് ഈ പഠനം സഹായകമാകും. പ്രത്യേകിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ.