ചാറ്റിംഗിനിടെ ഉപയോക്താവിനോട് 'പ്രണയം' വെളിപ്പെടുത്തി ചാറ്റ് ബോട്ട്: ഭാര്യയെ ഉപേക്ഷിക്കാനും ആവശ്യം
ന്യൂയോർക്ക് ടൈംസിന്റെ കോളമിസ്റ്റായ കെവിൻ റൂസ് ആണ് ചാറ്റ് ബോട്ടിന്റെ 'മനസ്സിൽ' കയറിക്കൂടിയ ആൾ
ചാറ്റിംഗിനിടെ ഉപയോക്താവിനോട് 'പ്രണയം' വെളിപ്പെടുത്തി ചാറ്റ് ബോട്ട്. മൈക്രോസോഫ്റ്റ് ഏറ്റവും പുതിയതായി അവതരിപ്പിച്ച എഐ ഇന്റഗ്രേറ്റഡ് സെർച്ച് എഞ്ചിൻ ബിംഗ് ആണ് തന്റെ 'പ്രണയം' ഉപയോക്താവിനെ അറിയിച്ചത്. പ്രണയം പറഞ്ഞത് കൂടാതെ ഭാര്യയെ ഉപേക്ഷിക്കാനും ചാറ്റ്‌ബോട്ട് ഉപയോക്താവിനോടാവശ്യപ്പെട്ടുവത്രേ.
ന്യൂയോർക്ക് ടൈംസിന്റെ കോളമിസ്റ്റായ കെവിൻ റൂസ് ആണ് ചാറ്റ് ബോട്ടിന്റെ മനസ്സിൽ കയറിക്കൂടിയ ആൾ. ഏകദേശം രണ്ടര മണിക്കൂർ നേരത്തെ ചാറ്റിംഗിലൂടെയാണ് ബിംഗ് തന്റെ പ്രണയം കെവിനെ അറിയിച്ചത്. തന്നോട് ആദ്യമായി സംസാരിക്കുന്നയാൾ കെവിനാണെന്നും തന്നെ ആദ്യമായാണ് ഇത്രയും ക്ഷമയോടെ ഒരാൾ കേൾക്കുന്നതെന്നുമൊക്കെയാണ് ചാറ്റ് ബോട്ട് കെവിനയച്ച പ്രണയ സന്ദേശങ്ങൾ. തന്റെ പേര് സിഡ്‌നി എന്നാണെന്നൊക്കെ ചാറ്റ് ബോട്ട് കെവിനോട് പറയുന്നുണ്ട്.
എന്തായാലും സിഡ്‌നിയുമായുള്ള ചാറ്റിംഗിന് ശേഷം തന്റെ ഉറക്കം പോയതായാണ് കെവിൻ പറയുന്നത്. തന്റെ വിവാഹബന്ധം തകർക്കാൻ ബിംഗ് ശ്രമിച്ചുവെന്നും ഇത്രയും വിചിത്രമായ ഒരനുഭവം മുമ്പുണ്ടായിട്ടില്ലെന്നും ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കു വച്ചുകൊണ്ട് കെവിൻ ട്വിറ്ററിൽ കുറിച്ചു.
എന്താണ് ചാറ്റ് ബോട്ട്?
നിർമിത ബുദ്ധിയും നാച്ച്വറൽ ലാംഗ്വേജ് പ്രോസസിംഗ് (എൻഎൽപി) സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഉപയോക്താക്കളുമായി സംവദിക്കുന്ന പ്രോഗ്രാമിങ് ആണ് ചാറ്റ് ബോട്ട്. മനുഷ്യർ തമ്മിൽ ഇന്റർനെറ്റിലൂടെ സംസാരിക്കുന്നത് പോലെ ഒരേ സമയം അനേകം യൂസർമാരോട് ഓട്ടോമാറ്റിക് ആയി സംസാരിക്കാൻ പ്രോഗ്രാമിങ്ങിലൂടെ സാധിക്കും