കിടിലൻ ഓഫറുകളും കൈനിറയെ സമ്മാനങ്ങളും; ആപ്പിൾ ദീപാവലി സെയിൽ നാളെ മുതൽ

ആപ്പിൾ ഐപാഡുകൾ, മാക്ബുക്കുകൾ, ഇയർഫോണുകൾ, ആപ്പിൾ വാച്ചുകൾ എന്നിവക്കെല്ലാം ദീപാവലി സെയിൽ സമയത്ത് കിഴിവുകൾ നൽകാൻ സാധ്യതയുണ്ട്

Update: 2022-09-25 10:25 GMT
Editor : banuisahak | By : Web Desk
Advertising

ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യണിലും ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലും നൽകിവരുന്ന ഓഫറുകൾ പോരാ എന്ന മട്ടിലാണ് ആപ്പിൾ. ഇപ്പോഴിതാ ദീപാവലി പൊലിപ്പിക്കാൻ അടുത്ത ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

സെപ്റ്റംബർ 26ന് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ആപ്പിൾ ദീപാവലി സെയിൽ നടത്തുക. ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഡീലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകളൊന്നും കമ്പനി നടത്തിയിട്ടില്ല. ദീപാവലി ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമാകും ലഭ്യമാവുക. കൂടാതെ, ഓരോ പർച്ചേസിനും സമ്മാനങ്ങളും ലഭിക്കും. 

ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവക്കൊപ്പം സൗജന്യ എയർപോഡുകൾ ആപ്പിൾ വാഗ്‌ദാനം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം, ഐഫോൺ 12-നും അതിന്റെ മിനി പതിപ്പിനുമൊപ്പം കമ്പനി സൗജന്യ എയർപോഡുകൾ നൽകിയതിനാൽ ഇത്തവണയും പ്രതീക്ഷക്ക് വകയുണ്ട്.

അതേസമയം, ഐഫോൺ 14 സീരീസ് പുറത്തിറങ്ങിയ അവസരത്തിൽ, കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐഫോൺ 13ന്റെ വില കമ്പനി വെട്ടിക്കുറച്ചിരുന്നു. അതിനാൽ ദീപാവലി സെയിലിൽ ഐഫോൺ 13 സീരീസ് മോഡലുകൾക്ക് വിലക്കിഴിവ് ലഭിച്ചേക്കില്ല.

ഇന്ത്യയിൽ ഐഫോൺ 13ന്റെ വില 69,900 രൂപയാണ്. ഇപ്പോൾ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ 56,900 രൂപക്ക് ഐ ഫോൺ 13 സ്വന്തമാക്കാവുന്നതാണ്. സെപ്റ്റംബർ 22ന് ബാങ്ക് ഓഫറുകൾ അടക്കം 48,000 രൂപക്കായിരുന്നു ഫ്ലിപ്പ്കാർട്ടിൽ ഐ ഫോൺ 13ന്റെ വിൽപന. വലിയ തോതിലാണ് അന്ന് 13 വിറ്റുപോയത്. വളരെ കുറച്ച് ദിവസത്തേക്ക് മാത്രമായിരുന്നു ഈ ഓഫർ. ഇപ്പോൾ 56990 രൂപയാണ് ഐ ഫോൺ 13 ഫ്ലിപ്പ്കാർട്ടിൽ വിൽപനക്ക് വെച്ചിരിക്കുന്നത്.

ആപ്പിൾ ഐപാഡുകൾ, മാക്ബുക്കുകൾ, ഇയർഫോണുകൾ, ആപ്പിൾ വാച്ചുകൾ എന്നിവക്കെല്ലാം ദീപാവലി സെയിൽ സമയത്ത് കിഴിവുകൾ നൽകാൻ സാധ്യതയുണ്ട്. തിങ്കളാഴ്‌ച നടക്കുന്ന സെയിലിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി ഉടൻ തന്നെ പുറത്തുവിടും. ആപ്പിൾ വാച്ചുകൾ ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News