ബിന്നി ബൻസാലും ഫ്‌ളിപ്കാർട്ട് വിട്ടിറങ്ങി; ഇനിയെല്ലാം വാൾമാർട്ടിന്
2008ൽ ബംഗളൂരുവിലെ ഒരു ഒറ്റമുറി അപാർട്ട്‌മെന്റിൽ ഓൺലൈൻ ബുക്ക് സ്‌റ്റോർ ആയാണ് ഫ്‌ളിപ്കാർട്ട് ആരംഭിക്കുന്നത്...
ഫ്‌ളിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബിൻസാലും കമ്പനി വിട്ടിറങ്ങി. ഓഹരികൾ മുഴുവൻ വാൾമാർട്ടിന് വിറ്റാണ് പടിയിറക്കം. ബിന്നിക്കൊപ്പം കമ്പനിയുടെ ആദ്യകാല നിക്ഷേപകരിലൊരാളായ ആക്‌സലും യുഎസ് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റും കമ്പനിയിൽ നിന്നിറങ്ങിയിട്ടുണ്ട്.
കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനായ സച്ചിൻ ബൻസാൽ 2018ൽ തന്റെ ഓഹരികൾ വാൾമാർട്ടിന് നൽകി കമ്പനിനിയിൽ നിന്നിറങ്ങിയിരുന്നു. ബൻസാൽ ജോഡി അരങ്ങൊഴിഞ്ഞതോടെ പൂർണമായും യുഎസ് ഇ-കൊമേഴ്‌സിന് പിടിയിലായി ഫ്‌ളിപ്കാർട്ട്.
2008ൽ ബംഗളൂരുവിലെ ഒരു ഒറ്റമുറി അപാർട്ട്‌മെന്റിൽ ഓൺലൈൻ ബുക്ക് സ്‌റ്റോർ ആയാണ് ഫ്‌ളിപ്കാർട്ട് ആരംഭിക്കുന്നത്. 20 ശതമാനം ഓഹരിവിഹിതവുമായി ആക്‌സൽ ആണ് ആദ്യത്തെ നിക്ഷേപകർ. എന്നാൽ 2018ൽ വാൾമാർട്ട് 77ശതമാനം വിഹിതവും സ്വന്തമാക്കുമ്പോഴേക്കും 6 ശതമാനം ഓഹരിവിഹിതം മാത്രമാണ് അവർക്കുണ്ടായിരുന്നത്.
ഫ്‌ളിപ്കാർട്ടിൽ നിന്നിറങ്ങിയ ശേഷം സച്ചിൻ ബൻസാൽ പല മുൻ നിര കമ്പനികളിലും നിക്ഷേപമിറക്കി. 2018ൽ നവി എന്ന ഫിൻടെക്ക് കമ്പനിയും ആരംഭിച്ചു. ഫ്‌ളിപ്കാർട്ടിനെ വാൾമാർക്കിന് വിറ്റതിലൂടെ 1.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന് ലഭിച്ചത്.
ബിന്നി ബൻസാൽ നിലവിൽ ഫോൺപേയുടെ നികേഷപകരിലൊരാളാണ്. ഇദ്ദേഹം ഫോൺപേയിൽ തന്റെ നിക്ഷേപം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.