'കോൾ ലിങ്ക്‌സ്'; ഓഡിയോ-വീഡിയോ കോളുകളിൽ പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
ഓഡിയോ - വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന 'കോൾ ലിങ്ക്‌സ്' ആണ് ഒരു ഫീച്ചർ
ന്യൂഡൽഹി: ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകൾ പുറത്തിറക്കാനൊരുങ്ങി വാട്‌സ്ആപ്പ്. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് വ്യക്തമാക്കിയത്.
ഓഡിയോ - വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന 'കോൾ ലിങ്ക്‌സ്' ആണ് ഒരു ഫീച്ചർ. ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ അതിലേക്ക് മറ്റു സുഹൃത്തുകൾക്ക് കയറാൻ ലിങ്കുകൾ പങ്കുവെക്കാം എന്നതാണ് പ്രത്യേകത. ലിങ്കിൽ ക്ലിക്ക് ചെയ്ത ഉപയോക്താക്കൾക്ക് സുഗമമായി കോളിൽ പ്രവേശിക്കാം.
32 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാനാകും എന്നതാണ് രണ്ടാമത്തെ ഫീച്ചർ. അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ആരംഭിച്ചെന്ന് സക്കർബർഗ് അറിയിച്ചു. ഇതുവരെ എട്ടുപേർക്ക് മാത്രമാണ് ഗ്രൂപ്പ് വീഡിയോ കോൾ സാധ്യമായിരുന്നത്. ഈ ആഴ്ചതന്നെ രണ്ടു ഫീച്ചറുകളും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാകും ഇത് ലഭിക്കുക.