ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപ്പൺ എ.ഐ 2024 ഓടെ പാപ്പരാകുമെന്ന് റിപ്പോർട്ട്
ചാറ്റ് ജി.പി.ടിയുടെ പ്രതിദിന പ്രവർത്തനങ്ങൾക്ക് എകദേശം ഏഴ് ലക്ഷം ഡോളറാണ് (5.80 കോടി രുപ) ചെലവ് വരുന്നത്
എ.ഐ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളായ ഓപ്പൺ എ.ഐയ്ക്ക് ഉടൻ കൂടൂതൽ ഫണ്ട് ലഭിച്ചില്ലെങ്കിൽ 2024 അവസാനത്തോടെ പാപ്പരാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
ചാറ്റ് ജി.പി.ടി വെബ്‌സൈറ്റിൽ ഈ വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ തുടർച്ചയായി ഉപയോക്താക്കൾ കുറയുന്നതായി അനലിറ്റിക്‌സ് ഇന്ത്യ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. അനലറ്റിക്‌സ് കമ്പനിയായ സിമിലർ വെബ് പുറത്തുവിട്ട കണക്കനുസരിച്ച് മെയ് മാസത്തിൽ 1.9 ബില്ല്യണും ജൂണിൽ 1.7 ബില്ല്യണുമുണ്ടായിരുന്ന ഉപയോക്താക്കൾ ജുലൈയിൽ 1.5 ബില്ല്യണായി കുറഞ്ഞു.
ചാറ്റ് ജി.പി.ടിയുടെ പ്രതിദിന പ്രവർത്തനങ്ങൾക്ക് എകദേശം ഏഴ് ലക്ഷം ഡോളറാണ് (5.80 കോടി രുപ) ചെലവ് വരുന്നത്. ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ ചെലവുകൾ കണ്ണു നനയിക്കുന്നതാണെന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് കമ്പനികളായ ഓപ്പൺ എ.ഐ, ആന്ത്രോപിക് എന്നിവ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐ.പി.ഒ) വിപണിയിൽ വളരെ നേരത്തെയാണെന്ന് അടുത്തിടെ പുറത്തു വന്ന ഇൻവെസ്‌റ്റോപീഡിയയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു ഐ.പി.ഒ വിജയകരമാകാൻ കുറഞ്ഞത് 10 വർഷം പ്രവർത്തിക്കുകയും 100 മില്ല്യൺ ഡോളർ വരുമാനവും ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
അതിനിടെ ചാറ്റ് ജി.പി.ടിയെ വെല്ലുവിളിക്കാൻ പുതിയ ചാറ്റ്‌ബോട്ട് നിർമിക്കുമെന്ന് ഇലോൺ മസ്‌ക് അവകാശപ്പെട്ടിരുന്നു. ഇതേസമയം 2023ൽ 200 മില്ല്യൺ ഡോളറിന്റെ വാർഷിക വരുമാനമാണ് ഓപ്പൺ എ.ഐ പ്രതീക്ഷിക്കുന്നത്. 2024 ൽ ഇത് ഒരു ബില്ല്യൺ ഡോളറിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റിന്റെ 10 ബില്ല്യൺ ഡോളർ നിക്ഷേപമാണ് കമ്പനിയെ ഇപ്പോൾ പ്രധാനമായും പിടിച്ചു നിർത്തുന്നത്.