കാലാവസ്ഥാ വ്യതിയാനം; തെറ്റായ വിവരങ്ങൾ നൽകുന്നതിനെതിരെ ഗൂഗിൾ
കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാരായ മനുഷ്യർ തന്നെ അവയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഗൂഗിൾ പറയുന്നത്
കാലവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും യൂട്യുബ് വീഡിയോകൾക്കെതിരെയും നടപടിയുമായി ഗൂഗിൾ. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഗൂഗിൾ ഇനിമുതൽ അത്തരം ഉള്ളടക്കങ്ങൾക്ക് പണം നൽകുക.
തെറ്റായ വിവരങ്ങൾ നൽകുന്ന യൂട്യുബ് വീഡിയോകൾക്കു എത്ര പ്രേക്ഷകരുണ്ടെങ്കിലും ഇനിമുതൽ പണം നൽകില്ല. കൂടാതെ ഇത്തരം വിവരങ്ങൾ നൽകുന്ന ഉള്ളടക്കങ്ങൾക്കു പരസ്യം അനുവദിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബർ 6 മുതലാണ് ഗൂഗിളിന്റെ പുതിയ നയം പ്രാബല്യത്തിൽ വരിക. ഇതുപ്രകാരം കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലങ്ങളെ കുറിച്ചും തെറ്റായ വിവരങ്ങൾ നൽകുന്ന സ്രോതസുകളുടെ പട്ടിക ഗൂഗിൾ തയ്യാറാക്കുകയും അവർക്കു മേൽ നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണക്കാരായ മനുഷ്യർ തന്നെ അവയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഗൂഗിൾ പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുന്നതിനെതിരെയും ഗൂഗിൽ സമാന നടപടി സ്വീകരിച്ചിരുന്നു