ക്ലബ്ഹൗസ് ചർച്ചകൾ ഇനിമുതൽ റെക്കോഡ് ചെയ്യാം
സംസാരത്തിന് പ്രാധാന്യം നൽകുന്ന സാമൂഹ്യ മാധ്യമമായ ക്ലബ്ഹൗസിൽ ഇനിമുതൽ ചർച്ചകൾ റെക്കോഡ് ചെയ്യാം. ഒരു തത്സമയ സെഷൻ റെക്കോഡ് ചെയ്യാനും സ്വന്തം പ്രൊഫൈലിലോ ക്ലബ്ബിലോ സേവ് ചെയ്യാനും സാധിക്കുന്ന റീപ്ലേ എന്ന ഫീച്ചറാണ് ക്ലബ്ഹൗസ് പുറത്തിറക്കിയത്. പുതിയ സംവിധാനം ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. റെക്കോഡ് ചെയ്ത ഫയലുകളും ഡൗൺലോഡ് ചെയ്ത് ആപ്പിന് പുറത്ത് ഷെയർ ചെയ്യാനും ഇനിമുതൽ കഴിയും.
ട്വിറ്റർ തങ്ങളുടെ ഓഡിയോ പ്ലാറ്റ്ഫോമായ സ്പേസസിൽ അടുത്തിടെ ചർച്ചകൾ റെക്കോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം പുറത്തിറക്കിയിരുന്നു. ക്ലബ്ഹൗസിലെ റൂമിൽ റീപ്ലേ സംവിധാനം വേണമോയെന്ന് അഡ്മിനുകൾക്ക് തീരുമാനിക്കാം. റീപ്ലേ സംവിധാനം അനുവദിക്കുകയാണെങ്കിൽ ആ റൂമിലെ ഏല്ലാവർക്കും ചർച്ച മൊത്തത്തിൽ റെക്കോഡ് ചെയ്യാനും പിന്നീട് ആവശ്യമുള്ളപോലെ കേൾക്കാനും കഴിയും.
തത്സമയ ചർച്ചകളുടെ തന്നെ അനുഭവം നൽകുന്നതായിരിക്കും റെക്കോഡഡ് സെഷനുകൾ. റീപ്ലേ ഉപയോഗിക്കുന്ന ഒരാൾക്ക് റെക്കോഡിങ് പോസ് ചെയ്യാനും അടുത്ത സ്പീക്കറുടെ സംസാരം തെരഞ്ഞെടുക്കാനും കൂടുതൽ വേഗത്തിൽ സംസാരം കേൾക്കാനും സാധിക്കും. ആരൊക്കെ റീപ്ലേ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാൻ അഡ്മിനുകൾക്ക് സാധിക്കും.