വരുന്നത് ആപ്പിൾ ഇന്റലിജൻസ്: ഐഫോൺ 16 സെപ്തംബറിൽ തന്നെ
ഇതിനകം തന്നെ ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് 16നുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്
കാലിഫോര്‍ണിയ: ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 16 പരമ്പരയിലെ മോഡലുകള്‍ സെപ്തംബറില്‍ തന്നെ എത്തും. ഇവന്റ് വൈകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും വരാത്തതിനാല്‍ അടുത്ത മാസം തന്നെ മോഡലുകള്‍ എത്തുമെന്ന് ഉറപ്പായി.
ഐഫോൺ 16, 16പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് എന്നിങ്ങനെയായിരിക്കും മോഡലുകള്‍. അടുത്ത മാസം പകുതിയോടെയായിരിക്കും അനാവരണ ചടങ്ങ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സെപ്തംബറിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ മോഡലുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രീ-ബുക്കിംഗ് സെപ്റ്റംബര്‍ 13ന് തുടങ്ങുകയും വില്‍പന 20ന് ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2020 ഒക്ടോബറിൽ ഐഫോൺ 12 ലോഞ്ച് ചെയ്തതായിരുന്നു ഇതിനൊരു അപവാദം. കോവിഡ് ആണ് അന്ന് വില്ലനായത്. ഐഫോണ്‍ 4എസും ഒക്ടോബറിലായിരുന്നു. പിന്നീടാണ് സെപ്തംബറിലേക്ക് ചടങ്ങ് മാറ്റിയത്.
അതേസമയം ഐഫോണ്‍ 16 സിരീസിന്‍റെ നിര്‍മാണം ഊര്‍ജിതമായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി ഐഫോണിന്‍റെ ഏറ്റവും വലിയ നിര്‍മാതാക്കളായ ചൈനയിലെ ഫോക്‌സ്‌കോണ്‍ 50,000 തൊഴിലാളികളെ കഴിഞ്ഞ രണ്ടാഴ്‌ച അധികമായി ജോലിക്കെടുത്തു എന്ന് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിലീസ് തിയതി അടുത്തിരിക്കേ ഐഫോണ്‍ 16 മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഫോക്‌സ്കോണ്‍ ശ്രമിക്കുന്നത്.
ഇതിനകം തന്നെ ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് 16നുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. ആപ്പിളിന്റേതായ പ്രഖ്യാപനം അവരുടെ എ.ഐ മാത്രമാണ്. ഇതാദ്യമായാണ് ആപ്പിൾ, എ.ഐ തങ്ങളുടെ മോഡലുകളിലേക്ക് കൊണ്ടുവരുന്നത്. സാംസങും മറ്റു കമ്പനികളും വിപണിയിൽ ഇറക്കി നേട്ടമുണ്ടാക്കിയ വിപണിയിലേക്ക് ആപ്പിൾ വരുമ്പോൾ എന്തെങ്കിലുമൊരു പുതുമ ഉണ്ടാകും എന്ന് ഉറപ്പാണ്. അതേസമയം ഇന്ത്യയിൽ പുതിയ ഐഫോൺ 16 മോഡലുകളുടെ ഉത്പാദനം സജീവമായാൽ, ഇന്ത്യയിൽ ഐഫോൺ മോഡലുകളുടെ നിരക്കിൽ വലിയ വ്യത്യാസം ഉണ്ടായേക്കും.