നിരക്ക് വർധിപ്പിച്ചതോടെ വെട്ടിലായി കമ്പനികൾ;ജിയോ വിട്ടുപോയത് 1.2 കോടി ഉപഭോക്താക്കൾ

വോഡഫോൺ ഐഡിയക്ക് 16.14 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു

Update: 2022-02-19 02:16 GMT
Editor : Dibin Gopan | By : Web Desk
Advertising

മൊബൈൽ നിരക്കുകൾ 25 ശതമാനം വരെ വർധിപ്പിച്ചതോടെ സർവീസ് ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ബിഎസ്എൻഎല്ലും എയർടെലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതൽ വരിക്കാരുള്ള റിലയൻസ് ജിയോക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 1.2 കോടി വരിക്കാരെയാണ്. വോഡഫോൺ ഐഡിയക്ക് 16.14 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് ഇതിനു മുൻപ് സെപ്റ്റംബറിലാണ് വൻ തിരിച്ചടി നേരിട്ടത്. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോയ്ക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു അത്. എന്നാൽ, ഒക്ടോബറിൽ വൻ തിരിച്ചുവരവാണ് ജിയോ നടത്തിയത്. ഇതേ മുന്നേറ്റം നവംബറിലും പ്രകടമായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം ഡിസംബറിൽ ജിയോയ്ക്ക് 1.29 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു.

എന്നാൽ, ജിയോയുടെ എതിരാളികളായ ഭാരതി എയർടെലിന് ഡിസംബറിൽ 4.75 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.57 കോടിയായി. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 16.14 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.55 കോടിയുമായി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്എൻഎൽ) ഡിസംബറിൽ 1.17 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ബിഎസ്എൻഎലിന്റെ മൊത്തം വരിക്കാർ 11.75 കോടിയുമായി.

മൊത്തം വയർലെസ് വരിക്കാർ ഡിസംബർ അവസാനത്തോടെ 1,15.46 കോടിയായി താഴ്ന്നു. പ്രതിമാസ ഇടിവ് നിരക്ക് 1.1 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു. നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം നവംബറിലെ 66 കോടിയിൽ നിന്ന് ഡിസംബർ അവസാനത്തിൽ 65.52 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ നവംബറിലെ 53.09 കോടിയിൽ നിന്ന് ഡിസംബറിൽ 52.32 കോടിയായും താഴ്ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയർലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 0.74 ശതമാനവും 1.46 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ കാണിക്കുന്നു. ഡിസംബറിൽ 8.54 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു. നവംബറിലെ 652.88 ദശലക്ഷത്തിൽ നിന്ന് ഡിസംബറിൽ 661.42 ദശലക്ഷമായി വർധിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News