ഇഷ്ടാനുസരണം സ്റ്റിക്കറുകൾ നിർമിക്കാം; പുതിയ എ.ഐ ഫീച്ചറുമായി വാട്‌സ്ആപ്പ്
ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഇത് നിലവിൽ ലഭ്യമാവുക
ഇഷ്ടാനുസരണം വിവരണം നൽകി സ്റ്റിക്കർ നിർമിക്കാനും പങ്കുവക്കാനും സാധിക്കുന്ന പുതിയ എ.ഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഇത് നിലവിൽ ലഭ്യമാവുക. ബീറ്റാ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിൽ കീബോർഡ് തുറക്കുമ്പോൾ സ്റ്റിക്കർ ടാബിനുള്ളിൽ ക്രിയേറ്റ് ബട്ടൺ കാണാൻ സാധിക്കും. ക്രിയേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആവശ്യാനുസരണം വിവരണം നൽകി സ്റ്റിക്കർ നിർമിക്കാൻ സാധിക്കും.
മെറ്റയുടെ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എ.ഐ സ്റ്റിക്കറുകൾ നിർമിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നിർമിക്കുന്ന സ്റ്റിക്കറുകൾ മോശവും അപകടകരവുമാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനുളള സംവിധാനുമുണ്ട്.
ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റാ പതിപ്പിൽ ഈ സംവിധാനം ലഭ്യമാവുമെങ്കിലും നിലവിൽ നിശ്ചിത എണ്ണം ബീറ്റാ ടെസ്റ്റർമാർക്കാണ് ഈ ഫീച്ചർ ലഭിക്കുന്നത്. ഒരു ഡിവൈസിൽ ഒന്നിലധികം അകൗണ്ടുകൾ ഉപയോഗിക്കാവുന്ന മൾട്ടി അക്കൗണ്ട് ഫീച്ചറും ഫോട്ടോയും വീഡിയോയും എച്ച്.ഡി ക്വാളിറ്റിയിൽ അയക്കാൻ സാധിക്കുന്ന സംവിധാനവും വാട്‌സ്ആപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.