ഡാർക് വെബിൽ തോക്കു മാത്രമല്ല, എന്തും കിട്ടും! ഇന്റർനെറ്റിലെ ഇരുണ്ട ലോകം ഇങ്ങനെ

വാർത്തകളിൽ നിറയുന്ന ഡാർക് വെബ് അത്രയെളുപ്പത്തിൽ ആയുധങ്ങൾ കിട്ടുന്ന ഒരിടമാണോ?

Update: 2021-08-02 06:56 GMT
Editor : abs | By : Web Desk
Advertising

മാനസ കൊലപാതകത്തിൽ പ്രതി രഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നെന്ന അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്ടിച്ചതോ അല്ലെങ്കിൽ ഡാർക് വെബിൽ നിന്ന് സംഘടിപ്പിച്ചതോ ആകാം തോക്ക് എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്ന ഡാർക് വെബ് അത്രയെളുപ്പത്തിൽ ആയുധങ്ങൾ കിട്ടുന്ന ഒരിടമാണോ? പരിശോധിക്കുന്നു.

എന്തും കിട്ടുന്ന വിപണി

പേരു കേൾക്കുന്ന പോലെ തന്നെ ഇന്റർനെറ്റിന്റെ അധികം ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത മേഖലയാണ് ഡാർക് വെബ്. ആയുധവ്യാപാരം, ലഹരി വ്യാപാരം, അശ്ലീല വ്യാപാരം തുടങ്ങി കുറ്റകരമായ എല്ലാ ഇടപാടുകളും അരങ്ങുവാഴുന്ന ഇടമാണിത്. നിയമത്തിന്റെ കണ്ണുവെട്ടിച്ച് വ്യാപാരം നടത്തുന്ന ഇന്റർനെറ്റിലെ മാഫിയാ ലോകം എന്നു വിശേഷിപ്പിക്കാം.

ചില പ്രത്യേക സെർച്ച് എഞ്ചിൻ വഴി മാത്രമേ ഇന്റർനെറ്റിലെ ഈ അധോലോകത്തേക്ക് പ്രവേശിക്കാനാകൂ. ഉപഭോക്താവിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താതെ, സ്വകാര്യ കമ്പ്യൂട്ടർ നെറ്റ്വർക്ക് വഴിയാണ് ഡാർക് വെബിൽ ആശയവിനിമയം സാധ്യമാകുന്നത്.

ഇന്റർനെറ്റിൽ സാധാരണ ബ്രൗസ് ചെയ്താൽ ഉപരിതല വിവരങ്ങൾ മാത്രമാണ് ലഭ്യമാകുക. എന്നാൽ ഡാർക് വെബ് അങ്ങനെയല്ല. ആയുധവ്യാപാരം, ലഹരിക്കടത്ത്, കള്ളനോട്ട്, അവയവദാനം, അശ്ലീലം, ഭീകരത തുടങ്ങി മാഫിയയുടെ വൻലോകം തന്നെ അതിന് അകത്തുണ്ട്.

ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയാ ആപ്ലിക്കേഷനുകൾ ഡാർക് വെബിലെ ചെറുപതിപ്പാണ്. വാട്‌സ് ആപ്പ് വഴിയുള്ള ഒരു സന്ദേശം മറ്റുള്ളവർക്ക് നിരീക്ഷിക്കാമെങ്കിൽ ടെലഗ്രാമിൽ അതിനാകില്ല. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്ന നയമാണ് ടെലഗ്രാം പോലുള്ള ആപ്ലിക്കേഷന്റേത്.

ആഡം ഫ്‌ളവേഴ്‌സ് എന്ന ഫാർമേഴ്‌സ് മാർക്കറ്റ്

2006 മുതൽ മാത്രമാണ് ഡാർക് വെബ് വഴിയുള്ള ഇ കൊമേഴ്‌സ് വ്യാപാരം സജീവമാകുന്നത്. അതിനു മുമ്പ് കഞ്ചാവു പോലുള്ള ലഹരിവസ്തുക്കൾ വാങ്ങാനായി യുഎസിൽ ഇത്തരത്തിലുള്ള വെബ് ഗ്രൂപ്പുകൾ സജീവമായിരുന്നു. 1980ൽ ആൾട്ട് ഡോട് ഡ്രഗ്‌സ് പോലുള്ള വെബ്‌സൈറ്റുകളും സജീവമായിരുന്നു. എന്നാൽ 1990കളിൽ വേൾഡ് വൈബ് വഴിയുള്ള ഇ കൊമേഴ്‌സ് വ്യാപാരം വളർച്ച പ്രാപിച്ചതോടെ സാധ്യതകളുടെ മറ്റൊരു ലോകം തുറന്നുവരികയായിരുന്നു.


2006ൽ സ്ഥാപിതമായ ആഡം ഫ്‌ളവേഴ്‌സ് എന്നറിയപ്പെടുന്ന ദ ഫാർമേഴ്‌സ് മാർക്കറ്റാണ് ഡാർക് വെബിലെ ആദ്യത്തെ മാർക്കറ്റുകളിൽ ഒന്ന്. ലഹരി വസ്തുക്കൾ വിറ്റിരുന്ന സൈറ്റ് നിലവിൽ ആക്ടീവല്ല. ഡച്ച് പൗരനായ മാർക് പീറ്റർ വില്ലെംസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വെബ്‌സൈറ്റ്. ടിഒആർ നെറ്റ്‌വർക്കും അജ്ഞാത ഐപികളും വഴിയായിരുന്നു അന്താരാഷ്ട്ര ലഹരിവിൽപ്പന. വെസ്റ്റേൺ യൂണിയൻ, പെകുനിക്‌സ്, പേ പാൽ, ഐ ഗോൾഡർ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പണമിടപാട് നടന്നിരുന്നത്. നാൽപ്പത്തിയഞ്ച് രാഷ്ട്രങ്ങളിൽ ആഡം ഫ്‌ളവേഴ്‌സിന് ഇടപാടുകാരുണ്ടായിരുന്നു. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി രണ്ടു വർഷം നീണ്ട ഓപറേഷൻ ആഡംബോംബ് എന്ന അന്വേഷണത്തിന് ശേഷമാണ് മാർക്കറ്റ് പൂട്ടിച്ചത്. വെബ്‌സൈറ്റിൽ 2012 വരെ 2.5 മില്യൺ യുഎസ് ഡോളറിന്റെ ലഹരിക്കച്ചവടം നടന്നതായി യുഎസ് ഏജൻസി വെളിപ്പെടുത്തിയിരുന്നു. കേസിൽ പത്തു വർഷം തടവിന് ശിക്ഷിക്കപ്പെട്ട് യുഎസ് ജയിലിലാണ് ഇപ്പോൾ വില്ലെംസ്.

സിൽക്ക് റോഡും അഗോറയും

യുഎസ് പൗരൻ റോസ് വില്യം അൽബ്രിച്ച് സ്ഥാപിച്ച സിൽക്ക് റോഡായിരുന്നു ഡാർക്ക് മാർക്കറ്റ് വിപണിയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ വെബ്‌സൈറ്റ്. ഡ്രെഡ് പിറേറ്റ് റോബർട്‌സ് എന്ന പേരിലാണ് ഇദ്ദേഹം സൈറ്റ് ആരംഭിച്ചത്. അഫ്ഗാനി കഞ്ചാവു മുതൽ ഹെറോയിൻ വരെ ലഭ്യമായിരുന്നു ഇതിൽ. ഇത് അടച്ചു പൂട്ടിയതിന് പിന്നാലെ, അഗോള, ഉട്ടോപ്യ, സിൽക്ക് റോഡ് 2, പ്രോജക്ട് ബ്ലാക് ഫ്‌ളാഗ്, ബ്ലാക് മാർക്കറ്റ് റീ ലോഡഡ് എന്ന പേരുകളിലെല്ലാം ഡിജിറ്റൽ ഡാർക് മാർക്കറ്റുകൾ ലഭ്യമായി.

ദ റിയൽ ഡീൽ, ഡീപ് ഡോട് വെബ്, സൈബർ ആംസ് ബസാർ തുടങ്ങി നിരവധി ഡാർക് സൈറ്റുകൾ ഇന്ന് ആഗോളതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം ആദ്യമാണ് യൂറോപാൽ എന്ന മാർക്കറ്റ് ഇറ്റാലിയൻ പൊലീസ് അടച്ചുപൂട്ടിയത്. ജർമനി, ഓസ്ട്രിയ, ഡെന്മാർക്ക്, യുക്രയിൻ, യുകെ തുടങ്ങിയ രാഷ്ട്രങ്ങളിൽ വെബ്‌സൈറ്റിന് ഓപറേഷനുണ്ടായിരുന്നു.

പ്രവർത്തിക്കുന്നത് എങ്ങനെ

ഗൂഗ്ൾ, ബിങ് പോലെ നമ്മൾ സാധാരണ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനുകൾ വഴി ഡാർക് വെബിലേക്ക് പ്രവേശിക്കാനാകില്ല. ടോർ (TOR) എന്നറിയപ്പെടുന്ന ദ ഒനിയൻ റൗട്ടർ പോലുള്ള പ്രത്യേക ബ്രൗസറുകളിലൂടെ മാത്രമേ ഈ ലോകത്തേക്കുള്ള പ്രവേശനമുള്ളൂ. പേരു സൂചിപ്പിക്കുന്നതു പോലെ പല പാളികളിലായി പ്രവർത്തിക്കുന്ന നെറ്റ്‌വർക്ക് ഓപറേറ്റിങ് സവിധാനമാണിത്. അതീവ സുരക്ഷിതവും കടന്നുചെല്ലാൻ എളുപ്പവുമല്ലെന്ന് ചുരുക്കം.

ഐപി അഡ്രസുകൾ വഴി പ്രത്യേകം ലോഗിൻ ചെയ്താണ് സൈറ്റിലേക്ക് പ്രവേശിക്കുന്നത്. ടോർ വഴി അയച്ച ഒരു സന്ദേശം പല ഐപി അഡ്രസുള്ള കമ്പ്യൂട്ടറുകളിലൂടെ മാറിക്കയറിയാണ് ഉദ്ദേശിച്ച ആൾക്കെത്തുന്നത്. സന്ദേശത്തിന്റെ ഉത്ഭവം കണ്ടെത്താൻ ദുഷ്‌കരമാണെന്ന് ചുരുക്കം.

ഇന്ത്യയിലെ സ്ഥിതി

ഐപി അഡ്രസും ഉപഭോക്താവിന്റെ ലൊക്കേഷനും മറച്ചുവക്കുന്നത് കൊണ്ട് ഡാർക് വെബിലേക്ക് കയറുന്നത് ഇന്ത്യയിൽ നിരോധിതല്ല. ലൊക്കേഷൻ ലഭിക്കാത്തതു കൊണ്ടു തന്നെ ഏതു രാഷ്ട്രത്തിൽനിന്നാണ് ഉപഭോക്താവ് ഡാർക് വെബിൽ എത്തുന്നത് എന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. ഡിജിറ്റൽ ഡാർക് മാർക്കറ്റ് ഏതു രാജ്യത്തു നിന്നാണ് ഹോസ്റ്റ് ചെയ്തത് എന്നതും അറിയാനാകില്ല. അതുകൊണ്ടു തന്നെ ഇതിന്റെ നിയമസാധുതയെ ചൊല്ലി ചോദ്യങ്ങളും ഉയർന്നിട്ടില്ല. 

നിരവധി രാഷ്ട്രങ്ങളിൽനിന്ന് ഡാർക് വെബ് വഴി ഇന്ത്യയിലേക്ക് സാധനങ്ങൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കൊൽക്കത്തയിൽ 'ലോകത്തെ ഏറ്റവും ശക്തമായ കഞ്ചാവ് മാർക്കറ്റിനെ' പൊലീസ് തകർത്തത്. യുഎസിൽ നിന്ന് ഉയർന്ന അളവിലുള്ള ടിഎച്ച്‌സിയുള്ള കഞ്ചാവാണ് കൊറിയർ വഴി കൊൽക്കത്തയിലെത്തിയത്. കോവിഡ് അടച്ചിടലിൽ ഇത്തരം വിൽക്കൽ വാങ്ങലുകൾ സജീവമായിട്ടുണ്ട്. ഈ വർഷം മാത്രം 51 ശതമാനം സ്‌പൈവയർ അധികം ഉപയോഗമാണ് ഇന്ത്യയിൽ ഉണ്ടായത് എന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഭുവനേശ്വറിൽ ഡാർക് വെബ് വഴി തോക്ക് വാങ്ങിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നാണയം ക്രിപ്‌റ്റോ കറൻസി

ഇ-കൊമേഴ്‌സ് വ്യാപാരത്തിന് സാധാരണ കറൻസികളാണ് ഉപയോഗിക്കുന്നത് എങ്കിൽ ഡാർക് വെബിൽ അത് ക്രിപ്‌റ്റോകറൻസിയാണ്. ബിറ്റ്‌കോയിനാണ് അതിൽ പ്രധാനപ്പെട്ടത്. ലൈറ്റ് കോയിൻ, നെയിംകോയിൻ, ഗ്രിഡ് കോയിൻ, റിപ്പിൾ, ബിറ്റ്ക്ലൗട്ട്, ടെതർ, നാനോ തുടങ്ങി നിരവധി ക്രിപ്‌റ്റോ കറൻസികളുണ്ട്. 


ഡിജിറ്റൽ പണമാണ് ക്രിപ്‌റ്റോ കറൻസികൾ. സ്പർശിക്കാൻ കഴിയില്ലെങ്കിലും ഇവയ്ക്ക് മൂല്യമുണ്ട്. ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇല്ലെങ്കിലും ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയുണ്ട്. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചുള്ള വ്യാപാരത്തിന് അനുവാദമില്ല.

മുന്നറിയിപ്പ്: ഡാർക് വെബ് വഴിയുള്ള നിയമവിരുദ്ധ ഇടപാടുകൾ കുറ്റകരമാണ്. കൊടുക്കൽ വാങ്ങലുകൾ രാജ്യത്തെ നിയമത്തിന് അനുസൃതമായി മാത്രം നടത്തുക 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News