80 ശതമാനം ചാർജ് 5 മിനുറ്റിൽ; കരുത്തുറ്റ ബാറ്ററിയുമായി ചൈനീസ് കമ്പനി
വൈകാതെ അരങ്ങേറ്റം കുറിക്കുന്ന വൈദ്യുത കാറായ പീച്ച് ജിടിയാവും ഡെസ്റ്റെന്റെ ഈ അതിവേഗ ബാറ്ററി ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ മോഡൽ
അഞ്ചു മിനുറ്റിൽ താഴെ സമയമുണ്ടെങ്കിൽ 80% വരെ ചാർജ് ചെയ്യാവുന്ന സൂപ്പർ ബാറ്ററിയുമായി ഹോങ്കോങ് ആസ്ഥാനമായ പ്രവർത്തിക്കുന്ന ബാറ്ററി നിർമാതാക്കളായ ഡെസ്റ്റെൻ. 900 കിലോവാട്ട് അൾട്രാ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ടെങ്കിൽ വെറും നാലു മിനിറ്റ് 40 സെക്കൻഡിൽ പൂജ്യം ശതമാനത്തിൽ നിന്ന് 80% ചാർജിങ് സാധ്യമാണെന്നാണു ഡെസ്റ്റെന്റെ വാഗ്ദാനം. വൈകാതെ അരങ്ങേറ്റം കുറിക്കുന്ന വൈദ്യുത കാറായ പീച്ച് ജിടിയാവും ഡെസ്റ്റെന്റെ ഈ അതിവേഗ ബാറ്ററി ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ മോഡൽ. ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാനും ഈ കാറിനാവുമത്രെ.
ബാറ്ററിയുടെ ചാർജിങ് ക്ഷമത വർധിക്കുന്നതോടെ ചാർജിങ്ങിന് ആവശ്യമായ സമയം കുറയുമെന്നും ചാർജിങ്ങിനിടയിലെ ഇടവേളകൾ കുറയുമെന്നുമാണു ഡെസ്റ്റെന്റെ നിഗമനം. ഇതുവഴി വാഹനത്തിന്റെ റീജനറേറ്റീവ് ബ്രേക്കിങ് മികവ് ഉയരുമെന്നും കമ്പനി വിശദീകരിക്കുന്നു. പോരെങ്കിൽ ക്ഷമതയേറിയ ഈ സെല്ലുകൾക്ക് സാധാരണ ബാറ്ററികളെ അപേക്ഷിച്ച് ദീർഘായുസ്സും ഡെസ്റ്റെൻ ഉറപ്പു നൽകുന്നു.
ഇതിനൊക്കെ പുറമെ പുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ളതിനാൽ സാധാരണ ബാറ്ററികളിൽ നിന്നു വ്യത്യസ്തമായി ഈ സെല്ലുകൾ അതിവേഗ ചാർജിങ് വേളയിൽ പോലും ചൂടാവില്ലെന്നും ഡെൻസ്റ്റെൻ അവകാശപ്പെടുന്നു.