യുക്രൈനിൽ ഇന്റർനെറ്റ് തടസ്സപ്പെടില്ല; സാറ്റലൈറ്റ് സംവിധാനം ഒരുക്കി ഇലോൺ മസ്‌ക്

യുക്രൈൻ ഡിജിറ്റൽ ട്രാൻസ്‌ഫോമേഷൻ വകുപ്പു മന്ത്രി മിഖൈലോ ഫെദെറോവ് ആണ് ഇക്കാര്യമറിയിച്ചത്

Update: 2022-02-27 05:57 GMT
Editor : abs | By : Web Desk
Advertising

കിയവ്: സ്റ്റാർലിങ്ക് സാറ്റലൈറ്റ് വഴി യുക്രൈനിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. റഷ്യൻ അധിനിവേശത്തിൽ രാജ്യത്തിന്റെ ദക്ഷിണ-കിഴക്കൻ ഭാഗങ്ങളിൽ നേരത്തെ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് മസ്‌ക് ഉപഗ്രഹം വഴി നേരിട്ടുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.

യുക്രൈൻ ഡിജിറ്റൽ ട്രാൻസ്‌ഫോമേഷൻ വകുപ്പു മന്ത്രി മിഖൈലോ ഫെദെറോവ് ആണ് ഇക്കാര്യമറിയിച്ചത്. ഫെദെറോവിന്റെ ട്വീറ്റ് വന്ന് പത്തുമിനിറ്റിന് ശേഷം യുക്രൈനിൽ സ്റ്റാർലിങ്ക് സേവനം ലഭ്യമാണെന്ന് മസ്‌കും അറിയിച്ചു.

'നിങ്ങൾ ചൊവ്വയെ കോളനിവത്ക്കരിക്കാൻ ശ്രമിക്കുമ്പോൾ റഷ്യ യുക്രൈന്‍ കീഴടക്കാൻ ശ്രമിക്കുകയാണെന്നും നിങ്ങളുടെ റോക്കറ്റുകൾ ബഹിരാകാശത്ത് വിജയകരമായി വിക്ഷേപിക്കപ്പെടുമ്പോൾ റഷ്യൻ റോക്കറ്റുകൾ യുക്രൈന്‍ പൗരന്മാരെ ആക്രമിക്കുകയാണെന്നും' മസ്‌കിനെ ടാഗ് ചെയ്ത ട്വീറ്റിൽ ഫെദറോവ് പറഞ്ഞിരുന്നു. സ്റ്റാർലിങ്ക് സേവനങ്ങൾ നൽകി റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ സ്‌പേസ് എക്‌സ് നിർമിച്ച സാറ്റലൈറ്റ് സഞ്ചയമാണ് സ്റ്റാർലിങ്ക്. ഭ്രമണപഥത്തിൽ സ്റ്റാർലിങ്കിന്റെ രണ്ടായിരം ചെറു സാറ്റലൈറ്റുകൾ ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. സാറ്റലൈറ്റുകളുടെ എണ്ണം നാലായിരമാക്കാനാണ് മസ്‌ക് തയ്യാറെടുക്കുന്നത്. ലോ എർത്ത് ഓർബിറ്റിംഗ് നെറ്റ് വർക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റൻസി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സർവീസ് ലഭ്യമാക്കുകയാണ് സ്റ്റാർലിങ്കിന്റെ ലക്ഷ്യം.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. സെക്കൻഡിൽ 50 എംബി മുതൽ 150 എംബി വരെ സ്പീഡ് പരീക്ഷണ വേർഷനായ ബീറ്റയിൽ ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം. കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News