മസ്ക് പണി തുടങ്ങി, ജീവനക്കാർ പടിക്ക് പുറത്ത്; ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ
പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ മാനേജർമാർക്ക് മസ്ക് നിർദ്ദേശം നൽകി
വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോണ്‍ മസ്ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ആദ്യത്തെ നടപടി സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയായിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മസ്കിന്റെ നടപടി.
എന്നാൽ, ഇതുകൊണ്ടൊന്നും നിർത്താൻ മസ്ക് തയ്യാറായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമ്പനിയിലെ 75 ശതമാനം ജീവനക്കാരുടെയും പണി പോയേക്കും. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ മാനേജർമാർക്ക് മസ്ക് നിർദ്ദേശം നൽകിയതായാണ് പുതിയ റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം തന്നെ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി മസ്ക് ആരംഭിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്ക് ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ, മസ്ക് പിരിച്ചുവിടാൻ ഒരുങ്ങുന്ന ജീവനക്കാരുടെ എണ്ണം ട്വിറ്ററിൽ നേരത്തെ പിരിച്ചുവിടാൻ സാധ്യതയുള്ള തൊഴിലാളികളേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്.
75 ശതമാനം ആളുകളെ വെട്ടി കുറച്ചാൽ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതൽ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മസ്കിന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എന്നാൽ, ജീവനക്കാരുടെ എന്നതിൽ ഇത്രയും കുറവ് വരുന്നത് കമ്പനിക്ക് ദോഷമാണെന്ന അഭിപ്രായക്കാരുമുണ്ട്.
2022 ഏപ്രിലിൽ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് 7500ഓളം ജീവനക്കാരുടെ ഭാവി ആശങ്കയിലാക്കുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നില്ല. ഇടയ്ക്ക് ട്വിറ്റർ ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് പിന്നോട്ടുപോകുമെന്നാണ് മസ്ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയായിരുന്നു.