ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് മസ്ക്; സി.ഇ.ഒ പരാഗ് അഗ്രവാളിനെ പുറത്താക്കി

ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെയാണ് നടപടി

Update: 2022-10-28 04:37 GMT
Advertising

ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗ്രവാളിനെ പുറത്താക്കി. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെയാണ് നടപടി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി.

തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇലോണ്‍ മസ്ക് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. സ്പാം ബോട്ടുകളെ ഒഴിവാക്കാനും ട്വിറ്റര്‍ ഉപയോക്താക്കൾക്ക് ഉള്ളടക്കം എങ്ങനെ ലഭ്യമാക്കണമെന്ന് നിർണയിക്കുന്ന അൽഗോരിതം പൊതുവായി ലഭ്യമാക്കാനും ആഗ്രഹിക്കുന്നുവെന്ന് മസ്ക് വ്യക്തമാക്കി. വിദ്വേഷത്തിനും വിഭജനത്തിനുമുള്ള പ്ലാറ്റ്ഫോമായി ട്വിറ്ററിനെ മാറ്റുന്നത് തടയുമെന്നും മസ്ക് അവകാശപ്പെട്ടു.

ഇതെല്ലാം എങ്ങനെ സാധ്യമാക്കുമെന്നും ആരാണ് കമ്പനിയെ നയിക്കുകയെന്നും ഇലോണ്‍ മസ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലെ ഏകദേശം 7500 ജീവനക്കാർ ഭാവിയെ കുറിച്ച് ആശങ്കയിലാണ്. 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ മസ്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൂടുതൽ പണം സമ്പാദിക്കാനല്ല താൻ ട്വിറ്റർ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഇലോണ്‍ മസ്ക് അവകാശപ്പെടുന്നു.

4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്കിട്ട വില. എന്നാല്‍ ഇടയ്ക്ക് ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് പിന്നോട്ടുപോകുമെന്നാണ് മസ്ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്ക് വ്യക്തമാക്കുകയായിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News