ജീവനക്കാരുടെ ഇസ്രയേലി പക്ഷപാതം; അന്വേഷണം പ്രഖ്യാപിച്ച് ഫേസ്ബുക്ക്

ഫലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുപിടിക്കാൻ ഫേസ്ബുക്ക് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് ഈ നീക്കം.

Update: 2021-10-15 13:47 GMT
Editor : André | By : André
Advertising

ഫലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്ന ആരോപണത്തിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിക്കുമെന്ന് ഫേസ്ബുക്ക്. കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിലായി ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങൾക്കിടെ അറബിക്, ഹിബ്രു ഭാഷകളിലുള്ള പോസ്റ്റുകളുടെ മോഡറേഷൻ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറത്തുള്ള ഏജൻസിയെ ഏൽപ്പിക്കുകയാണെന്നും, അവരുടെ നിർദേശങ്ങൾ മുഖവിലക്കെടുക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുപിടിക്കാൻ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് ഈ നീക്കം.

'ബിസിനസ്, മനുഷ്യാവകാശം എന്നീ മേഖലകളിൽ വിദഗ്ധരായ ബി.എസ്.ആറുമായി (ബിസിനസ് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി) ഞങ്ങൾ കൈകോർക്കുകയാണ്. കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിലായി ഫലസ്തീനിലും ഇസ്രയേലിലും നടന്ന അക്രമങ്ങളിൽ ഫേബ്‌സുക്കിന്റെ സ്വാധീനം സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതിനു വേണ്ടിയാണിത്. ബി.എസ്.ആർ ഫേസ്ബുക്കിനുള്ളിലെ വ്യക്തികളുമായും ബാധിക്കപ്പെട്ട വ്യക്തികളുമായും സംസാരിക്കും. ബിസിനസ്, മനുഷ്യാവകാശ മേഖലകളിൽ യു.എൻ നയങ്ങൾക്കനുസൃതമായി നയം പരിഷ്‌കരിക്കുന്നതിൽ അവരുടെ ശിപാർശകളെ ഞങ്ങൾ ആശ്രയിക്കും.' - ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തൽ അടുത്ത വർഷം പുറത്തുവിടുമെന്നും കമ്പനി വ്യക്തമാക്കി.


ഫലസ്തീനികളുടെയും ഫലസ്തീൻ അനുകൂലികളുടെയും ഉള്ളടക്കങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്യുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ആരോപിച്ചിരുന്നു. ഗസ്സയ്ക്കു മേലുള്ള ഇസ്രയേൽ അതിക്രമത്തിനിടയിലും അതിനു മുമ്പും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നതായി ഫേസ്ബുക്കിലെ തന്നെ 200 ഓളം ജീവനക്കാർ വ്യക്തമാക്കുകയും ചെയ്തു.

വിമർശനങ്ങൾക്കു പിന്നാലെ, ഇസ്രയേൽ - ഫലസ്തീൻ വിഷയത്തിലുള്ള ഉള്ളടക്കങ്ങൾ അടിച്ചമർത്തുന്നുവെന്ന ആരോപണത്തിൽ പുറത്തുള്ള ഏജൻസിയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തിക്കണമെന്ന് ഫേസ്ബുക്കിന്റെ ഓവർസൈറ്റ് ബോർഡ് ആവശ്യപ്പെട്ടു. അന്വേഷണം നടത്തുന്ന ഏജൻസി ഇസ്രയേലുമായോ ഫലസ്തീനുമായോ ബന്ധമുള്ളതായിരിക്കരുതെന്നും അറബിക്, ഹിബ്രു ഭാഷകളിലുള്ള ഉള്ളടക്കങ്ങളിൽ മാനുഷികവും ഓട്ടോമേറ്റഡും ആയ മോഡറേഷനുകളിൽ പരിശോധിക്കപ്പെടണമെന്നും ബോർഡ് വ്യക്തമാക്കി.

ഏപ്രിൽ, മെയ് മാസങ്ങളിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഇസ്രയേൽ ഭരണകൂടം ഔദ്യോഗികമായോ അനൗദ്യോഗികമായോ ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യം വ്യക്തമാക്കണമെന്നും ബോർഡ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് 'ചട്ടപ്രകാരമുള്ള ഔദ്യോഗികമായ' ആവശ്യം ഇസ്രയേൽ ഗവൺമെന്റിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും എന്നാൽ, മറ്റുതരത്തിലുള്ള വിവരങ്ങൾ പങ്കുവെക്കാൻ കഴിയില്ലെന്നുമാണ് ഫേസ്ബുക്ക് ഇതിന് മറുപടി നൽകിയത്.

അതേസമയം അന്വേഷണം മെയ്, ജൂൺ മാസങ്ങളിലെ ഉള്ളടക്കങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയത് നിരാശാജനകമാണെന്നും ഇസ്രയേൽ അനുകൂല ഗ്രൂപ്പുകളുടെ സമ്മർദത്തിൽപ്പെട്ട് ഈ അന്വേഷണം വഴിതെറ്റാതിരിക്കട്ടെയെന്നും മനുഷ്യാവകാശപ്രവർത്തകയും ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഡിജിറ്റൽ അവകാശ അഭിഭാഷകയുമായ ഡിബോറ ബ്രൌൺ പ്രതികരിച്ചു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News