റേഡിയേഷൻ നിരക്ക് കൂടുതൽ; ഐഫോൺ 12 ന്റെ വിൽപ്പന നിരോധിച്ച് ഫ്രാൻസ്
യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിട്ടുള്ള റേഡിയേഷൻ പരിധി ഐഫോൺ 12 ലംഘിക്കുന്നെന്നാണ് റിപ്പോര്‍ട്ട്
പാരീസ്: ആപ്പിളിന്റെ ഐഫോൺ 12 ന്റെ വിൽപ്പന നിരോധിക്കാൻ തീരുമാനിച്ച് ഫ്രാൻസ്. റേഡിയേഷൻ നിരക്കിന്റെ പരിധി കൂടുതലാണെന്ന കാണിച്ചാണ് വിൽപ്പന നിർത്തിവെക്കാൻ തീരുമാനിച്ചത്. യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിട്ടുള്ള റേഡിയേഷൻ പരിധി ഐഫോൺ 12 ലംഘിക്കുന്നെന്ന് ഫ്രഞ്ച് വാച്ച് ഡോഗിന്റെ റിപ്പോർട്ട് പറയുന്നു. ഫ്രാൻസിലെ ഏജൻസി നാഷണൽ ഡെസ് ഫ്രീക്വൻസസ് നടത്തിയ ലാബ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഐഫോൺ 12 യൂറോപ്യൻ യൂണിയന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഐഫോൺ 12 ഉൾപ്പെടെ 141 ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഐഫോൺ 12 ഒരു ഫ്രാഞ്ചൈസിയിലും വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിലേക്ക് ഏജന്റുമാരെ അയയ്ക്കുമെന്നും ഫ്രാൻസ് വ്യക്തമാക്കി. ഐഫോൺ 12 വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉപഭോക്താക്കൾ വിറ്റ ഫോണുകൾ തിരിച്ചുവിളിക്കുമെന്നും ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.ഫ്രാൻസ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ, ജർമ്മനിയും സ്പെയിനും ഐഫോൺ 12-ന്റെ നിർമ്മാണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും അതിന്റെ വിൽപ്പന നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഈ ആരോപണങ്ങൾ ആപ്പിൾ കമ്പനി നിഷേധിച്ചിട്ടുണ്ട്. 2020 ൽ ഐഫോൺ 12 പുറത്തിറക്കിയപ്പോൾ, അത് വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ആഗോള റേഡിയേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത് തെളിയിക്കുന്ന നിരവധി പഠന-ലാബ് ഫലങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ആപ്പിൾ വ്യക്തമാക്കി. മൊബൈൽ ഫോണുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മനസിലാക്കാൻ കഴിഞ്ഞ 20 വർഷമായി ഗവേഷകർ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഇതിനെ സാധൂകരിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആപ്പിൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.