ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് 30 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്

എ.ഐ സാങ്കേതിക പുരോഗതി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Update: 2023-03-29 10:34 GMT
Advertising

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലെ (നിര്‍മിതബുദ്ധി) ഗവേഷണങ്ങള്‍ക്ക് അതിവേഗം കൈവന്നിരിക്കുന്ന കാലമാണിത്. ഈ സാങ്കേതികവിദ്യ ലോകത്തെ അമ്പരപ്പിക്കുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട് പറയുന്നത് ഭാവിയില്‍ 30 കോടി തൊഴിലവസരങ്ങള്‍ എ.ഐ കാരണം തൊഴില്‍ നഷ്ടമായേക്കാം എന്നാണ്.

''ജനറേറ്റീവ് എ.ഐ മേഖലയിലെ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായാല്‍, തൊഴിൽ മേഖലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകും. അമേരിക്കയിലെയും യൂറോപ്പിലെയും ഡാറ്റ പരിശോധിക്കുമ്പോള്‍ നിലവിലെ ജോലിയുടെ നാലിലൊന്ന് വരെ എ.ഐ ചെയ്യുന്ന സാഹചര്യം വരും"- സാമ്പത്തിക വളര്‍ച്ചയില്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രത്യാഘാതങ്ങൾ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അതേസമയം എ.ഐ സാങ്കേതിക പുരോഗതി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എ.ഐ സംവിധാനങ്ങൾക്ക് മനുഷ്യരെ പോലെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും. ഉൽപ്പാദനക്ഷമതയില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ഇത് ആഗോള ജി.ഡി.പിയെ 7 ശതമാനം വരെ ഉയർത്താനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഴയ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 1940കളില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ജോലികളിലാണ് ഇന്ന് 60 ശതമാനം പേരും ഏര്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 1980കൾക്ക് ശേഷമുള്ള സാങ്കേതിക മാറ്റങ്ങൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിരിച്ചുവിടലിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. മുൻകാല ഇൻഫർമേഷൻ ടെക്നോളജി മുന്നേറ്റങ്ങൾ പോലെ ജനറേറ്റീവ് എ.ഐ സമീപകാലത്ത് തൊഴിലവസരങ്ങൾ കുറയ്ക്കുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.

ഓരോ തൊഴില്‍ മേഖലയെയും എ.ഐ ബാധിക്കാന്‍‌ പോകുന്നത് വ്യത്യസ്തമായാണ്. അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ 46 ശതമാനവും നിയമ മേഖലയില്‍ 44 ശതമാനവും ജോലികള്‍ എ.ഐ ചെയ്യുന്ന സാഹചര്യമുണ്ടായേക്കാം. ശുചീകരണം, ഇന്‍സ്റ്റലേഷന്‍, അറ്റകുറ്റപ്പണി, നിർമാണ ജോലികൾ തുടങ്ങിയ മേഖലകളെ എ.ഐ കാര്യമായി ബാധിക്കില്ല. പ്രധാനമായും ശാരീരികാധ്വാനം ആവശ്യമായ ജോലികള്‍ സുരക്ഷിതമാണ്. 

Summary- With recent advancements in artificial intelligence, people are increasingly worried that powerful technology may eliminate several jobs in the future. Now, a report by Goldman Sachs predicts that as many as 300 million jobs could be affected by generative AI

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News