ഗൂഗിളിന് ഇന്ന് 23ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡില്‍

1998 സെപ്തംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്

Update: 2021-09-27 07:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുകയാണ്. മനോഹരമായ ഡൂഡിലുമായാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയ ഡൂഡില്‍ ഹോം പേജില്‍ കാണാം. കേക്കിന് മുകളില്‍ 23 എന്ന് എഴുതിയിട്ടുണ്ട്.

1998 സെപ്തംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്.നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു. ഗണിതശാസ്ത്ര പദമായ ഗൂഗോളില്‍ (Googol) നിന്നാണ് ഗൂഗിള്‍( Google) എന്ന പേര് വന്നത്.

1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു ഗൂഗിൾ സെർച്ച് എഞ്ചിന്‍റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്‍റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.

ഇന്‍റര്‍നെറ്റിൽ തിരയുക എന്നതിനു പകരമായി റ്റു ഗൂഗിൾ എന്ന പ്രയോഗശൈലി തന്നെ ഇംഗ്ലീഷിൽ രൂപപ്പെട്ടു. ഏതായാലും ഗൂഗിൾ ഉടമകൾ ഈ ശൈലിക്ക് അത്ര പ്രോത്സാ‍ഹനം നൽകിയില്ല. തങ്ങളുടെ ഡൊമെയിൻ നാമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയായിരുന്നു ഇതിനുപിന്നിൽ. 23 വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ ഒരു വമ്പന്‍ ശൃഖലയായി മാറിക്കഴിഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News