അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽപോയി, തിരിച്ചുവന്നപ്പോൾ ജോലിയില്ല; വേദന പങ്കുവെച്ച് ഗൂഗിൾ ജീവനക്കാരൻ
'നമ്മൾ തളർന്നിരിക്കുമ്പോൾ മുഖത്തടി കിട്ടുന്നതിന് തുല്യമാണ് ഇത്'
ന്യൂഡൽഹി: ടെക് ഭീമൻ കമ്പനിയായ ഗൂഗിൾ ജീവനക്കാരെ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി കമ്പനിയിൽ ഉന്നത പദവിയിൽ ജോലി ചെയ്തവർക്ക് പോലും പിരിച്ചുവിടൽ നോട്ടീസ് നൽകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഗൂഗിളിലെ സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന ടോമി യോർക്കിൽ . അമ്മയുടെ മരണാനന്തരചടങ്ങുകൾക്കായി നാട്ടിലേക്ക് അവധിക്ക് പോയതായിരുന്നു യുവാവ്. അവധി കഴിഞ്ഞ് ജോലിയിൽ മടങ്ങിയെത്തി നാലാം ദിവസം പിരിച്ചുവിടൽ നോട്ടീസ് തനിക്ക് ലഭിച്ചെന്നും ഇയാൾ പറയുന്നു.
കാൻസർ ബാധിച്ചാണ് ടോമി യോർക്കിലിന്റെ അമ്മ മരിക്കുന്നത്.'നമ്മൾ തളർന്നിരിക്കുമ്പോൾ മുഖത്തടി കിട്ടുന്നതിന് തുല്യമാണ് ഇത്. . ജോലി പോയ നിരവധി പേരുടെ കഥ താൻ കേട്ടിട്ടുണ്ട്.. ഭാര്യയുടെ പ്രസവം അടുത്തിരിക്കുന്നവർക്കും അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്നവർക്കുമെല്ലാം ജോലി പോയ കഥകൾ കേട്ടു. ഇപ്പോൾ ആ അവസ്ഥ ഞാൻ നേരിട്ട് അനുഭവിച്ചു.ഇപ്പോൾ ആകെ തളർന്ന് നിരാശനായ അനസ്ഥയിലാണുള്ളത്.' ടോമി യോർക്കിൽ സാമൂഹികമാധ്യമമായ ലിങ്ക്ഡിനില്‍ കുറിച്ചു.
2021ലാണ് ഇയാൾ ഗൂഗിളിൽ ജോലിക്ക് കയറുന്നത്. തൊട്ടുപിന്നാലെയാണ് അമ്മക്ക് കാൻസറാണെന്ന് കണ്ടെത്തുന്നത്. എന്നാൽ ജോലി പോയതിൽ പശ്ചാത്താപമില്ലെന്നും യുവാവ് കുറിച്ചു. ഇത്തരം കമ്പനികളിൽ ജോലി ചെയ്യുന്നത് എപ്പോഴും കൂടുതൽ അവസരങ്ങളുണ്ടാക്കും. നമ്മുടെ ബോസ് മാത്രമേ ഇല്ലാതാകുന്നൊള്ളൂ.. അമ്മക്കൊപ്പം ചെലവഴിച്ച ആ നിമിഷത്തെ കുറിച്ചോർക്കുമ്പോൾ ഞാൻ നന്ദിയുള്ളവനാണ്. ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്..അദ്ദേഹം കുറിച്ചു.
12,000 പേരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ജോലി ചെയ്യുന്ന സിസ്റ്റങ്ങൾ തുറക്കാന്‍ കഴിയാതെ വരുമ്പോഴാണ് ജോലി നഷ്ടപ്പെട്ടതായി ചില ജീവനക്കാർ മനസ്സിലാക്കുന്നത്. എന്നാൽ ശ്രദ്ധാപൂർവ്വം പരിഗണിച്ച ശേഷമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ പറഞ്ഞത്. ആഗോള ടെക് ഭീമൻമാരായ ട്വിറ്ററും മെറ്റയും ആമസോണുമെല്ലാം നേരത്തെ തന്നെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു.