ഡോക്ടറുടെ കുറിപ്പടി ഇനി ഗൂഗിൾ വായിച്ചുപറയും; പുത്തൻ ഫീച്ചർ വരുന്നു
ഗൂഗിൾ ലെൻസ് വഴിയാകും ആപ്പ് ഡോക്ടർമാരുടെ കുറിപ്പടി വായിച്ച് മരുന്നുകൾ കണ്ടെത്തുക
ന്യൂഡൽഹി: ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ ഇനി ആരും കഷ്ടപ്പെടേണ്ട. നിങ്ങളെ സഹായിക്കാൻ ഇതാ ഗൂഗിൾ വരുന്നു. ഡോക്ടർമാരുടെ കുറിപ്പടി വായിച്ച് മരുന്നുകൾ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനിരിക്കുകയാണ് ഗൂഗിൾ.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഗൂഗിൾ പരിപാടിയിൽ അവതരിപ്പിച്ച പുതിയ ഫീച്ചറുകളുടെ കൂട്ടത്തിലാണ് ഡോക്ടർമാരുടെ ദുർഗ്രാഹ്യമായ കൈയക്ഷരം വായിക്കാനുള്ള സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പ് തയാറാക്കുന്നുണ്ടെന്നാണ് വിവരം. ഗൂഗിൾ ലെൻസ് വഴിയാകും ആപ്പ് ഡോക്ടർമാരുടെ കുറിപ്പടി വായിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും(എ.ഐ) മെഷീൻ ലേണിങ്ങിന്റെയും സഹായത്തോടെ കുറിപ്പടി വായിച്ച് മരുന്നുകൾ കണ്ടെത്തി നൽകുകയും ചെയ്യും.
ഡോക്ടറുടെ കുറിപ്പടി മൊബൈൽ കാമറയിൽ പകർത്തി ഫോട്ടോ ലൈബ്രറിയിൽ സേവ് ചെയ്യുകയാണ് വേണ്ടത്. ഈ ചിത്രം ഉടൻ തന്നെ ആപ്പ് തിരിച്ചറിഞ്ഞ് കുറിപ്പടിയിലുള്ള മരുന്നുകൾ കണ്ടെത്തും. ആപ്പിന്റെ കൂടുതൽ വിശേഷങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല. പുതിയ ഫീച്ചർ എന്ന് അവതരിപ്പിക്കുമെന്നും എല്ലാവർക്കും ലഭ്യമാകുമോ എന്ന കാര്യവും വ്യക്തമല്ല. ഫാർമസിസ്റ്റുകളുമായി ചേർന്നാണ് ആപ്പ് രൂപകൽപന ചെയ്തത്. ഫാർമസിസ്റ്റുകൾക്കു ജോലി എളുപ്പമാക്കുക എന്ന ലക്ഷ്യംകൂടി ഈ ആപ്പ് വികസിപ്പിക്കുന്നതിനു പിന്നിലുണ്ട്.
വേറെയും നിരവധി ഫീച്ചറുകൾ ഗൂഗിൾ പുതുതായി അവതരിപ്പിക്കുന്നുണ്ട്. ഗൂഗിൾ സെർച്ചിലെ മാറ്റങ്ങൾ, ഗൂഗിൾ പേയിലെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടും. ഗൂഗിൾ പേ വഴിയുള്ള തട്ടിപ്പുശ്രമങ്ങൾ അതിവേഗം കണ്ടെത്തി ഉപയോക്താവിന് മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ ഫീച്ചർ. വിഷ്വൽ സെർച്ചിങ് കൂടുതൽ മെച്ചപ്പെടുത്താനും നീക്കമുണ്ട്.
Summary: Google to introduce a new feature that help people read badly handwritten doctor prescriptions via Google Lens