ഫോട്ടോസ് കൂടുതൽ അടിപൊളിയാക്കാം; മാജിക് ഇറേസർ ഫീച്ചറുമായി ഗൂഗിൾ ഫോട്ടോസിന്റെ പുതിയ അപ്‌ഡേറ്റ്

എല്ലാ ഗൂഗിൾ വൺ സബ്‌സ്‌ക്രൈബർമാർക്കും ഈ ഫീച്ചർ ലഭ്യമാകും

Update: 2023-02-25 11:55 GMT
Editor : banuisahak | By : Web Desk
Advertising

ചില ഫോട്ടോ എടുക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് കുറച്ചുകൂടി നല്ലതായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടില്ലേ. ആവശ്യമില്ലാത്ത സാധനങ്ങൾ ഫോട്ടോയിൽ നിന്ന് മായ്ച്ച് കളയാൻ ഇറേസർ ടൂൾ ഉണ്ടെങ്കിലും അതിനൊരു പെർഫെക്ഷൻ കിട്ടാറില്ല പലപ്പോഴും. ഇതിനൊരു പരിഹാരമായാണ് ഗൂഗിൾ ഫോട്ടോസ് എത്തുന്നത്. ഫോട്ടോകളിലെ അനാവശ്യ വസ്തുക്കളും ആളുകളെയും എഡിറ്റ് ചെയ്യുന്നതിനായി മാജിക് ഇറേസർ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഫോട്ടോസ്. എല്ലാ ഗൂഗിൾ വൺ സബ്‌സ്‌ക്രൈബർമാർക്കും ഈ ഫീച്ചർ ലഭ്യമാകും. 

മുൻപ് പിക്സൽ 7, പിക്സൽ 6 സീരീസ് സ്‌മാർട്ട്‌ഫോൺ ഉടമകൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളൂ. ഫോട്ടോഷോപ്പ് പോലുള്ള ആപ്പുകളുടെ ഉപയോഗം ആവശ്യമായിരുന്നിടത്താണ് മാജിക് ഇറേസർ ഈ ജോലി എളുപ്പമാക്കുന്നത്. കൂടാതെ, ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ ഗൂഗിൾ ഫോട്ടോസിലേക്ക് എച്ച്ഡിആർ വീഡിയോ ഇഫക്റ്റും പുതിയ കൊളാഷ് ശൈലികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 

എല്ലാ പ്ലാനുകളിലും ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നതും ശ്രദ്ധേയമാണ്. പിക്‌സൽ 5എയുടെയും അതിനുമുമ്പുള്ള പിക്‌സൽ മോഡലുകളുടെയും ഉടമകൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ തന്നെ ഗൂഗിൾ ഫോട്ടോസിലെ മാജിക് ഇറേസർ ഫീച്ചർ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകളിൽ നിന്ന് ആളുകളെയോ ആവശ്യമില്ലാത്ത വസ്തുക്കളെയോ മാജിക് ഇറേസർ ഫീച്ചർ ഉപയോഗിച്ച് ടാപ്പുചെയ്യുകയോ ബ്രഷ് ചെയ്യുകയോ ചെയ്‌ത്‌ മായ്ച്ച് കളയാവുന്നതാണ്. 

ഗൂഗിൾ ഫോട്ടോകളിലെ ചിത്രങ്ങളുടെ എച്ച്ഡിആർ ഇഫക്റ്റ് പോലെ, ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ വീഡിയോകളിൽ തെളിച്ചവും ദൃശ്യതീവ്രതയും മെച്ചപ്പെടുത്താൻ എച്ച്ഡിആർ വീഡിയോ എഫക്റ്റ് സഹായിക്കുമെന്നും കമ്പനി അറിയിച്ചു. മാജിക് ഇറേസർ ടൂൾ പോലെ തന്നെയാണ് ഈ ഫീച്ചറും. ഇത് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനില്ലാതെ പഴയ പിക്സൽ മോഡലുകൾക്കും ലഭ്യമാകും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News