1,338 കോടി പിഴ; ഇന്ത്യൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടിയാകുമെന്ന് ഗൂഗ്ൾ
വിപണിയിൽ കൂടുതൽ ആധിപത്യം നേടാനായി ആൻഡ്രോയിഡ് മൊബൈൽ സംവിധാനങ്ങളിലെ കമ്പനിയുടെ സ്വാധീനം ദുരുപയോഗിച്ചുവെന്ന് കാണിച്ചാണ് ഒക്‌ടോബർ 20ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗ്‌ളിന് പിഴ ചുമത്തിയത്
ന്യൂഡൽഹി: കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴ ചുമത്തിയതിൽ പ്രതികരിച്ച് ഗൂഗ്ൾ. 'ഇന്ത്യൻ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടി' എന്നാണ് കമ്പനിയുടെ പ്രതികരണം. വിപണിയിൽ കൂടുതൽ ആധിപത്യം നേടാനായി ആൻഡ്രോയിഡ് മൊബൈൽ സംവിധാനങ്ങളിലെ കമ്പനിയുടെ സ്വാധീനം ദുരുപയോഗിച്ചുവെന്ന് കാണിച്ചാണ് ഒക്‌ടോബർ 20ന് കമ്മീഷൻ ഗൂഗ്‌ളിന് പിഴ ചുമത്തിയത്. അന്യായ ബിസിനസ് രീതികൾ നിർത്താനും ഇൻറർനെറ്റ് ഭീമനോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ആൻഡ്രോയിഡ് സ്മാർഫോൺ ഉപഭോക്തക്കളുടെ പരാതിയെ തുടർന്ന് 2019 ഏപ്രിലിൽ കമ്മീഷൻ വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൊബൈൽ അപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ അഗ്രിമെൻറ് (എംഎഡിഎ), ആൻറി ഫ്രാഗ്‌മെന്റേഷൻ അഗ്രിമെൻറ് (എഎഫ്എ) എന്നിവയുമായി ബന്ധപ്പെട്ട് ഗൂഗ്ൾ അനുചിത പ്രവർത്തനങ്ങൾ നടത്തിയതായാണ് ആരോപിക്കപ്പെട്ടിരുന്നത്.
തങ്ങളുടെ ആപ്പുകളുടെ ആധിപത്യം ഉറപ്പാക്കാൻ ടെക് ഭീമനായ ഗൂഗ്ൾ സ്മാർട്ട്ഫോൺ നിർമാതാക്കളുമായി ഏകപക്ഷീയമായ കരാറുകളിൽ ഏർപ്പെട്ടതായി സി.സി.ഐ ആരോപിച്ചിരുന്നു. അത്തരം സമ്പ്രദായങ്ങളിൽ നിന്ന് പിന്മാറാൻ ഉത്തരവിടുകയും ചെയ്തു. സ്മാർട്ട്ഫോണുകൾ, വെബ് തിരയലുകൾ, ബ്രൗസിംഗ്, വീഡിയോ ഹോസ്റ്റിംഗ് സേവനങ്ങൾ എന്നിവയുടെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലൈസൻസിംഗ് ഗൂഗ്ൾ ദുരുപയോഗം ചെയ്യുകയാണെന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഗൂഗ്ൾ ക്രോം, യൂട്യൂബ്, ഗൂഗ്ൾ മാപ്സ് എന്നിവ പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗ്ൾ ബഹിരാകാശ സംരംഭങ്ങളുമായി നിർബന്ധിത കരാറുകളിൽ ഏർപ്പെടുകയാണെന്ന് അതിൽ കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങൾ ഈ രംഗത്തെ മത്സരം ഇല്ലാതാക്കിയെന്നും ഉപഭോക്തൃ ഡാറ്റയിലേക്കും ലാഭകരമായ പരസ്യ അവസരങ്ങളിലേക്കും ഗൂഗ്‌ളിന് തുടർച്ചയായി പ്രവേശനം നൽകുന്നുവെന്നും പ്രസ്താവനയിൽ വിമർശിച്ചു.
ഉപകരണ നിർമ്മാതാക്കളെ ഗൂഗ്ൾ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കരുതെന്നും നിർമ്മാതാക്കൾക്കും ഉപയോക്താക്കൾക്കും ഇഷ്ടമുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കണമെന്നും സിസിഐ ഗൂഗ്‌ളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണിയിലെ കമ്പനികളെ മെറിറ്റനുസരിച്ച് മത്സരിക്കാൻ അനുവദിക്കണമെന്നും അവ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഗൂഗ്‌ളടക്കമുള്ള വൻകിടക്കാർക്ക് ബാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. ഗൂഗ്ൾ ഇന്ത്യയിൽ നിരവധി ആൻറി ട്രസ്റ്റ് കേസുകൾ നേരിടുന്നുണ്ട്.
യൂറോപ്പിൽ നേരിട്ടതിന് സമാനമാണ് ഇന്ത്യയിൽ ഗൂഗ്‌ളിനെതിരെയുള്ള ഈ കേസ്. വിപണിയിൽ അന്യായ നേട്ടം നേടുന്നതിനായി ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചതിന് യൂറോപ്പിലെ റെഗുലേറ്റർമാർ കമ്പനിക്ക് 5 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു.
Google said the 1,338 crore fine would be a huge blow to Indian consumers and businesses