കുറഞ്ഞ ചെലവിൽ ഇനി യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കാം
ഒരു വീഡിയോ ചിത്രീകരിക്കാൻ ഇന്നത്തെ കാലത്ത് എടുത്താൽ പൊങ്ങാത്ത ക്യാമറയോ അല്ലെങ്കിൽ അനുബന്ധ ഉപകരണങ്ങളോ വേണ്ട
ഇത് യൂട്യൂബിന്റെയും യൂട്യുബേഴ്‌സിന്റെയും കാലമാണ്. മലയാളികൾ ഉൾപ്പെടെ ഒരുപാട് പേരാണ് ഇന്ന് യൂട്യുബിൽ നിന്ന് വരുമാനം നേടുന്നത്. ഒരു വീഡിയോ ചിത്രീകരിക്കാൻ ഇന്നത്തെ കാലത്ത് എടുത്താൽ പൊങ്ങാത്ത ക്യാമറയോ അല്ലെങ്കിൽ അനുബന്ധ ഉപകരണങ്ങളോ വേണ്ട. പകരം നല്ലൊരു സ്മാർട്ട് ഫോണും അതിനു വേണ്ട മറ്റു ഉപകരണങ്ങളുമുണ്ടെങ്കിൽ നിങ്ങൾക്കും നല്ലൊരു വീഡിയോ ചിത്രീകരിക്കാവുന്നതാണ്. യൂട്യൂബേഴ്‌സിന് കുറഞ്ഞ ചിലവിൽ എങ്ങനെ വീഡിയോ ചിത്രീകരിക്കാമെന്ന് നോക്കാം.
നല്ലൊരു സ്മാർട്ട് ഫോണാണ് ആദ്യം വേണ്ടത്. അതിന് ഐഫോൺ നിർബന്ധമാണെന്ന് പറയാൻ കഴിയില്ല. അതുണ്ടെങ്കിൽ നിങ്ങളുടെ വീഡിയോയുടെ ക്വാളിറ്റി കൂട്ടാൻ കഴിയുമെന്നത് സത്യമാണ്. പക്ഷേ ഐഫോൺ ഇല്ലെങ്കിൽ വൺപ്ലസ്, സാംസങ്, പോക്കോ എന്നി കമ്പനികളുടെ ഫോണുകൾ മികച്ച ക്വാളിറ്റിയുള്ള വീഡിയോകൾ ചിത്രീകരിക്കാൻ നല്ലതാണ്.
സ്മാർട്ട്‌ഫോൺ കൂടാതെ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ ആവശ്യമായ ഒന്നാണ് ജിംബലുകൾ. ചടുലതകളും ടിൽറ്റിംഗുമില്ലാതെ ഫോൺ പിടിച്ച് വീഡിയേ ചിത്രീകരിക്കുന്നത് പ്രയാസമാണ്. ഈ സാഹചര്യത്തിൽ ജിംബൽ നല്ലൊരു സഹായിയാണ്. പ്രധാനമായും മൂന്ന് തരത്തിലുള്ള മൂവ്‌മെന്റുകളാണ് ജിംബലിൽ നിന്ന് ലഭിക്കുന്നത്. ടിൽറ്റ്, പാൻ, റോളിംഗ്. 3000 രൂപ മുതൽ ചെലവഴിച്ചാൽ നല്ലൊരു ജിംബൽ വാങ്ങാൻ കഴിയും. 4,899 രൂപ വിലയുള്ള മോസ മിനി എസ് ജിംബലുകൾ നല്ലൊരു ഓപ്ഷനാണ്.
ഫോണിൽ സ്‌റ്റേഷനറി ഷോട്ടുകൾ ചിത്രീകരിക്കാൻ ജിംബലുകളുടെ ആവശ്യമില്ല. പകരം നല്ലൊരു ട്രൈപ്പോഡ് വാങ്ങിയാൽ മതിയാകും. 300 രൂപയിൽ തുടങ്ങുന്ന നല്ല ട്രൈപ്പോഡുകൾ ആമസോൺ, ഫ്‌ളിപ്പ്കാർട്ട് എന്നിവയിൽ ലഭ്യമാണ്.
വീഡിയോ ചിത്രീകരിച്ചാൽ മാത്രം പോരാ. ഫൂട്ടേജുകളുടെ ഓഡിയോ കൃത്യമായി കിട്ടിയെങ്കിൽ മാത്രമേ നല്ലൊരു ഔട്ട്പുട്ടിറക്കാൻ സാധിക്കുകയുള്ളു. ഇതിനായി നല്ലൊരു മൈക്രോഫോണും കൈയ്യിൽ കരുതേണ്ടതുണ്ട്. പ്രധാനമായും രണ്ട് മൈക്രോഫോണുകളാണ് നമുക്ക് ഉപയോഗിക്കാൻ കഴിയുക. ലാവലിയർ മൈക്രോഫോണുകളും ഷോട്ട് ഗൺ മൈക്രോഫോണുകളും. വാവലിയർ മൈക്രോഫോണെന്ന് പറഞ്ഞാൽ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ലേപ്പൽ മൈക്കുകളാണ് അവ. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഇവയാണ് മികച്ചത്. എന്നാൽ ആംബിയൻസുകൾ റെക്കോർഡ് ചെയ്യാൻ ഷോട്ട്ഗൺ മൈക്കുകളാണ് നല്ലത്. 1,000 രൂപയിൽ താഴെയുള്ള മൈക്കുകൾ വിപണിയിൽ ലഭ്യമാണ്.
ചില ഫൂട്ടേജുകൾക്കു സ്വാഭാവിക വെളിച്ചം പോരാതെ വരുമ്പോൾ റിംഗ് ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ട്രൈപോഡുകളോടു കൂടിയോ അല്ലാതെയോ റിംഗ് ലൈറ്റുകൾ വിപണിയിൽ ലഭിക്കും. 500 രൂപ മുതൽ വിലയുള്ള രിംഗ് ലൈറ്റുകൾ ലഭ്യമാണ്.