ഫോൺ കളഞ്ഞുപോയാലും കളവ് പോയാലും വഴിയുണ്ട്... ഈ സർക്കാർ വെബ്സൈറ്റ് സഹായിക്കും
വെബ്‌സൈറ്റിൽ പരാതി നൽകിയാലുടൻ തന്നെ നഷ്ടപെട്ട ഫോൺ ബ്ലോക്ക് ചെയ്യപ്പെടും. നഷ്ടപ്പെട്ട ഫോൺ കളഞ്ഞുകിട്ടിയ ആൾക്കോ അല്ലെങ്കിൽ മോഷ്ടിച്ചയാൾക്കോ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല
ഫോൺ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. കോൾ ചെയ്യാനും എസ്‌എംഎസ് അയക്കാനുമുള്ള വെറുമൊരു ഉപകരണം മാത്രമല്ല ഫോൺ. ഇപ്പോൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് കയ്യിലൊതുങ്ങുന്ന ഒരു സ്‌മാർട് ഫോണിലാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതൽ പ്രധാനപ്പെട്ട ഡോക്യുമെന്റുകളെല്ലാം കൈകാര്യം ചെയ്യുന്ന എളുപ്പത്തിനായി ഫോണിൽ സേവ് ചെയ്‌ത് വെക്കുകയാണ് ചെയ്യാറ്.
ഫോൺ നഷ്ടപ്പെടുകയോ അല്ലെങ്കിൽ ആരെങ്കിലും മോഷ്ടിക്കുകയോ ചെയ്‌താൽ ഇനി പേടിക്കേണ്ടതില്ല. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, ഇന്ത്യൻ ഗവൺമെന്റ് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റർ (CEIR) എന്ന പേരിൽ പുറത്തിറക്കിയ വെബ്‌സൈറ്റ് സഹായിക്കും. ഫോണിലെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പർ ഉപയോഗിച്ച് നഷ്‌ടമായ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റിനെക്കുറിച്ച് വേഗത്തിൽ പരാതി നൽകാൻ ഈ വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് സാധിക്കും.
മറ്റാർക്കും നഷ്ടപ്പെട്ട ഫോൺ ഉപയോഗിക്കാൻ കഴിയാത്ത വിധം ബ്ലോക്ക് ചെയ്യാൻ വെബ്‌സൈറ്റ് സഹായിക്കും. വെബ്‌സൈറ്റിൽ പരാതി നൽകിയാലുടൻ തന്നെ നഷ്ടപെട്ട ഫോൺ ബ്ലോക്ക് ചെയ്യപ്പെടും. നഷ്ടപ്പെട്ട ഫോൺ കളഞ്ഞുകിട്ടിയ ആൾക്കോ അല്ലെങ്കിൽ മോഷ്ടിച്ചയാൾക്കോ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. 2019 സെപ്റ്റംബറില്‍ മുംബൈയിലാണ് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റർ വെബ്‌സൈറ്റിന് തുടക്കമിട്ടത്. പിന്നീടിത് ഡൽഹിയിലും ലഭ്യമാക്കി. രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
മൊബൈൽ ഫോൺ കണ്ടെത്തുകയാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ ഫോൺ അൺലോക്ക് ചെയ്യാനും വെബ്‌സൈറ്റ് വഴി സാധിക്കും.കെവൈഎം (KYM) എന്ന പേരിൽ ഒരു സൗജന്യ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പും ഇതിനായി നിലവിലുണ്ട്. ഈ ആപ് വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ വിശദാംശങ്ങൾ നൽകാൻ കഴിയും IMEI നമ്പറിന്റെ നില, മൊബൈൽ നിർമ്മാതാവിന്റെ പേര്, മോഡൽ നമ്പർ, ഉപകരണ തരം എന്നിവ പോലുള്ള വിശദാംശങ്ങളാണ് നൽകേണ്ടത്. പ്രധാനമായും വേണ്ടത് ഫോണിന്റെ ഐഎംഇഐ നമ്പറാണ്. അത് ബില്ലിലും ബോക്സിലും ലഭ്യമാകും, കൂടാതെ *#06# ഡയൽ ചെയ്‌ത് ഫോണിൽ നിന്ന് ആക്‌സസ് ചെയ്യാനും കഴിയും. OTP സ്വീകരിക്കാൻ കഴിയുന്ന ഒരു ഫോൺ നമ്പറും ഒപ്പം നൽകേണ്ടതുണ്ട്.
വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടത് ഇങ്ങനെ...
ഇപ്പോൾ 37 സംസ്ഥാനങ്ങളിലും (കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ) സിഇഐആർ സേവനം ലഭ്യമാണ്. നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ സ്‌മാർട്ട്‌ഫോൺ റിപ്പോർട്ടുചെയ്യുന്നതിന്, ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന സിം കാർഡുകളുടെ മൊബൈൽ നമ്പർ, IMEI നമ്പർ, ഇൻവോയ്‌സ് തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമാണ്. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് പോലീസ് പരാതിയുടെ ഡിജിറ്റൽ പകർപ്പും ആവശ്യമായതിനാൽ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും നിങ്ങൾ പരാതി നൽകേണ്ടതുണ്ട്.
അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച് ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാവുന്നതാണ്.
ഫോൺ കിട്ടിക്കഴിഞ്ഞാൽ..
നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിക്കുകയാണെങ്കിൽ ആദ്യം തന്നെ പോലീസിൽ വിവരമറിയിക്കുക. ഇതേ വെബ്‌സൈറ്റിൽ തന്നെ അപേക്ഷയും ഒപ്പം ഐഡി, മൊബൈൽ നമ്പർ എന്നിവയും നൽകുക. വിശദാംശങ്ങൾ നല്കിക്കഴിഞ്ഞാൽ അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കുക. അപേക്ഷ നല്കിക്കഴിഞ്ഞാൽ മൊബൈൽ അൺബ്ലോക്ക് ആകാൻ അല്പം സമയമെടുക്കും. റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് ഇതിന്റെ വിവരങ്ങളും അന്വേഷിക്കാവുന്നതാണ്.