ടെലഗ്രാമിൽ ഫയൽ പേര് മാറ്റി പറ്റിക്കപ്പെട്ടോ? ഈ കാര്യങ്ങൾ ചെയ്താൽ കബളിപ്പിക്കൽ ഒഴിവാക്കാം
ഫയലുകൾ ഇങ്ങനെ മാറുന്നത് വഴി നമുക്ക് സമയ നഷ്ടവും ഡാറ്റ നഷ്ടവുമാണ് ബാക്കി.
വലിയ ഫയലുകൾ പങ്കുവെക്കാൻ സഹായിക്കുന്ന ചാറ്റിങ് ആപ്പാണ് ടെലഗ്രാം. ലോകത്താകമാനം 500 മില്യൺ സജീവ ഉപഭോക്താക്കൾ ടെലഗ്രാമിനുണ്ട്. വലിയ ഫയലുകൾ എളുപ്പത്തിൽ ഷെയർ ചെയ്യാൻ സാധിക്കുമെങ്കിലും ചിലപ്പോൾ ചില അബദ്ധങ്ങളും ടെലഗ്രാം വഴി പറ്റാറുണ്ട്. അതിൽ ഏറ്റവും വലിയ അബദ്ധമാണ് വലിയ വീഡിയോ ഫയലുകളുടെ പേര് കണ്ട് ഡൗൺലോഡ് ചെയ്തശേഷം ഡൗൺലോഡ് ചെയ്ത ഫയൽ മാറിപ്പോയി എന്ന് മനസിലാക്കുന്നത്. നമ്മളെ പറ്റിക്കാനായി ചില വിരുതൻമാരുടെ തമാശയാണത്. ഫലത്തിൽ നമ്മുക്ക് സമയ നഷ്ടവും ഡാറ്റ നഷ്ടവുമാണ് ബാക്കി.
എന്നാൽ ഇത് ഒഴിവാക്കാൻ ചില വഴികളുണ്ട്. ഒന്നാമത്തെ വഴി ഇതാണ്. ഈ വഴി അൽപ്പം സങ്കീർണമാണ്. വീഡിയോ ഫയൽ ഡൗൺലോഡ് ചെയ്തു തുടങ്ങുമ്പോൾ തന്നെ അത് കാഷ് മെമ്മറിയായി (Cache Memmory) സേവ് ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ ഫയൽ ഡൗൺലോഡ് ചെയ്യാൻ ആരംഭിക്കുമ്പോള്‍ തന്നെ ഫയൽ മാനേജറിൽ നിന്ന് ഈ ഫയൽ തുറന്ന് ഡൗൺലോഡ് ചെയ്യുന്നത് അതേ ഫയൽ ആണോ എന്ന് ഉറപ്പിക്കാൻ സാധിക്കും.
Internalstorage/Android/data/org.telegram.messenger/cache- ഇതാണ് ആ ഫയലിന്റെ പാത്ത് (ഫോണിന്റെ ഫയൽ മാനേജർ അല്ലാതെ 3Rd Party ഫയൽ മാനേജർ ഉപയോഗിക്കുക). അത് .tmp ഫോർമാറ്റിലായതുകൊണ്ട് തന്നെ നേരിട്ട് ഓപ്പൺ ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും. അപ്പോൾ വിഎൽസി പ്ലെയർ ഉപയോഗിക്കുക (VLC). വിഎൽസിയിൽ Media/Browse-Open File-Select Option 'All Files'-Select The File. എന്ന വഴിയിലൂടെ ആ ഫയൽ തുറക്കാൻ സാധിക്കും.
മേൽപ്പറഞ്ഞ വഴി ചിലപ്പോൾ സാങ്കേതികകാരണങ്ങളാൽ പരാജയപ്പെട്ടാൽ മറ്റൊരു എളുപ്പവഴിയുണ്ട്. അതാണ് ടെലഗ്രാമിൽ തന്നെയുള്ള ചാറ്റ് ബോട്ടുകൾ (Bot). ' Screenshot Generator Bot' എന്ന് ടെലഗ്രാമിൽ സെർച്ച് ചെയ്താൽ ലഭിക്കുന്ന ബോട്ടിൽ നിങ്ങൾ സ്റ്റാർട്ട് എന്ന് മെസേജ് അയച്ചശേഷം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട ഫയലിന്റെ ലിങ്ക് ബോട്ടിന് നൽകുക.
അപ്പോൾ ബോട്ട് നിങ്ങളോട് എത്ര സക്രീൻഷോട്ട വേണം? അല്ലെങ്കിൽ ഷോർട്ട് വീഡിയോ വേണോ എന്ന ഓപ്ഷൻ നൽകും. അതിന് മറുപടി നൽകിയാൽ ആ ലിങ്കിലുള്ള ഫയലിന്റെ സ്‌ക്രീൻഷോട്ട്/ഷോർട്ട് വീഡിയോ ലഭിക്കും. അത് പരിശോധിച്ച് ഫയൽ അതാണെന്ന് ഉറപ്പുവരുത്താം.
അപ്പോൾ അടുത്ത തവണ ഡൗൺലോഡ് ചെയ്യുംമുമ്പ് അബദ്ധം പറ്റാതെയിരിക്കാൻ ശ്രദ്ധിക്കുക.
Summary: How to see telegram files before downloading