ആൻഡ്രോയിഡിനും, ഐഒഎസിനും ഇന്ത്യയുടെ പകരക്കാരൻ വരുന്നു; ഗൂഗിളും ആപ്പിളും പേടിക്കണോ?
രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകളുടെ വില ഉയരുമെന്ന സൂചന ഗൂഗിളും നൽകിയിട്ടുണ്ട്
മൊബൈൽ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിലവിലെ മാർക്കറ്റ് ഭരിക്കുന്നത് ആൻഡ്രോയിഡ്, ഐഒഎസ് എന്നീ രണ്ട് രാജാക്കൻമാരാണ് . എന്നാൽ തദ്ദേശീയമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഒരു സ്വദേശ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ 'IndOS' എന്ന പേരിലുള്ള ഒരു പുതിയ പ്രോജക്റ്റിൽ സർക്കാർ പ്രവർത്തിക്കുന്നതായാണ് വാർത്ത. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് 'ഒഎസ്' ആപ്പിളിനും ഗൂഗിളിനോടും മത്സരിക്കാൻ വിപണിയിലെത്തും,
സ്മാർട്ട് ഫോൺ വിപണിയിലെ ആധിപത്യം ചൂഷണം ചെയ്തതിന് രണ്ട് കേസുകളിലായി 2273 കോടി രൂപ പിഴയാണ് ഗൂഗിളിന് സിസിഐ പിഴ ചുമത്തിയിട്ടുണ്ട്. രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകളുടെ വില ഉയരുമെന്ന സൂചന ഗൂഗിളും നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഒഎസ് എന്ന ആശയം ഉയരുന്നത്.
നിലവിൽ ഇന്ത്യയുടെ മൊബൈൽ മേഖല ഭരിക്കുന്നത് ഗൂഗിൾ ആണ്. 97 ശതമാനത്തിലധികം വിഹിതമുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിളിന്റെ ഐഒഎസിന് വളരെ പരിമിതമായ വിപണിയാണ് ഉള്ളത്.
'ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡിന്റെയും ഐഒഎസിനെതിരെയും മത്സരവും സൃഷ്ടിക്കാൻ കഴിയുന്ന സുരക്ഷിതമായ ഒരു ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് അവരുടെ റിപ്പോർട്ടിൽ പറയുന്നു.