ടെക് ലോകത്തെ ഞെട്ടിക്കാൻ ഐഫോൺ 15 എത്തുന്നു; ഫീച്ചറുകൾ ഇങ്ങനെ
ഐഫോൺ 15 സീരീസ് വിപണിയിലെത്തുക നിരവധി കിടിലൻ ഫീച്ചറുകളുമായിട്ടാണ്
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഫോൺ 14 സീരീസ് പുറത്തിറക്കിയത്. ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്, ഐഫോൺ 14 പ്ലസ് എന്നീ ഡിവൈസുകൾ അടങ്ങുന്ന സീരീസ് വൻതോതിൽ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ തന്നെ അടുത്ത തലമുറ ഐഫോണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നുതുടങ്ങി. ഐഫോൺ 15 സീരീസ് വിപണിയിലെത്തുക നിരവധി കിടിലൻ ഫീച്ചറുകളുമായിട്ടാണ്.
ഐഫോൺ 15 സീരീസ് സ്മാർട്ട്‌ഫോണുകളിൽ വലിയ ഡിസൈൻ മാറ്റങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ല. ഐഫോൺ14 സീരീസിലുള്ളത് പോലെ 6.1 ഇഞ്ച് വലിപ്പമുള്ള ഐഫോൺ 15, 6.5 ഇഞ്ച് വലിപ്പമുള്ള ഐഫോൺ 15 പ്ലസ്, 6.7 ഇഞ്ച് വലിപ്പമുള്ള ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് അഥവാ ഐഫോൺ 15 അൾട്ര എന്നിവയായിരിക്കും ഈ സീരീസിൽ ഉണ്ടാകുന്നത്. വോളിയം പവർ ബട്ടണുകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളായിരിക്കും ഐഫോൺ 15 സീരീസിൽ ഉണ്ടാവുക എന്നാണ് സൂചനകൾ.
പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ അടുത്ത തലമുറ ഐഫോൺ സീരീസിൽ പ്രോ മാക്‌സ് എന്ന മോഡൽ പുറത്തിറക്കില്ല. ഇതിന് പകരം അൾട്ര എന്ന മോഡലായിരിക്കും കമ്പനി അവതരിപ്പിക്കുന്നത്. ഐഫോൺ സീരീസുകളിൽ ഓരോന്നിലും ഏറ്റവും വില കൂടിയതും മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നതുമായ മോഡലാണ് പ്രോ മാക്‌സ്. ഈ പേരിന് പകരം അൾട്ര എന്ന് ഉപയോഗിക്കാൻ സാധ്യത ഏറെയാണ്. ഈ വർഷം ആപ്പിൾ വാച്ച് അൾട്ര എന്ന വെയറബിൾ പുറത്തിറക്കിയിരുന്നു.
ആപ്പിൾ ഐഫോണുകളുടെ ചരിത്രം തിരുത്തുന്ന വിധത്തിൽ ആദ്യമായി ടൈപ്പ് സി പോർട്ടുമായി വരുന്ന സ്മാർട്ട്‌ഫോണുകളായിരിക്കും ഐഫോൺ 15 സീരീസ് എന്നാണ് സൂചനകൾ. ലൈറ്റ്‌നിങ് പോർട്ട് മാറ്റി യുഎസ്ബി ടൈപ്പ് സി പോർട്ട് നൽകാൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്. യൂറോപ്പിലെ പുതിയ നയങ്ങൾ അനുസരിച്ച് ടൈപ്പ് സി പോർട്ട് ഇല്ലാത്ത ഫോണുകൾ അവിടെ വിൽക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ യൂറോപ്പിനായി ഐഫോൺ 15 സീരീസ് ടൈപ്പ് സി പോർട്ടുമായി പുറത്തിറങ്ങും.
ആപ്പിൾ വരാനിരിക്കുന്ന ഐഫോൺ മോഡലുകളിൽ ടച്ച് ഐഡി തിരികെ കൊണ്ടുവരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് ശരിയല്ല. ഐഫോൺ 15 മോഡലുകളിൽ ടച്ച് ഐഡി ഉണ്ടായിരിക്കില്ല, ഫേസ് ഐഡിയായിരിക്കും ഈ ഡിവൈസുകളിൽ ഉണ്ടാവുക. ആപ്പിൾ ഒരു അണ്ടർ ഡിസ്‌പ്ലെ ഫേസ് ഐഡി ഫീച്ചർ പുറത്തിറക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ ഫീച്ചർ തയ്യാറാകാൻ 2025 ആകുമെന്നാണ് സൂചനകൾ. ഐഫോൺ 15 മോഡലുകൾ ഡൈനാമിക്ക് ഐലൻഡ് തന്നെ ഉപയോഗിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐഫോൺ 15 സീരീസ് അടുത്ത വർഷമാണ് വിപണിയിലെത്താൻ പോകുന്നത്. ആപ്പിൾ പിന്തുടരുന്ന രീതി അനുസരിച്ച് 2023 സെപ്റ്റംബർ മാസത്തിൽ തന്നെ ഈ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കും.