നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ഗൂഗിൾ സേർച്ചിലുണ്ടോ?, എങ്ങനെ അറിയാം ?
സ്വകാര്യ വിവരങ്ങൾ ഗൂഗിൾ സേർച്ചിലുണ്ടോ എന്ന് പരിശോധിക്കാനും അത് നീക്കം ചെയ്യാനും പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ
സ്വന്തം പേര് ഗൂഗിളിൽ സേർച്ച ചെയ്തു നോക്കിയവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ നമ്മളുടെ എന്തെല്ലാം വിവരങ്ങളാണ് ഗൂഗിളിലുള്ളതെന്ന് പരിശോധിക്കാനും അത് നീക്കം ചെയ്യാനുമുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.
നിലവിൽ അമേരിക്കയിൽ ലഭ്യമായിട്ടുള്ള ഈ സംവിധാനം വൈകാതെ എല്ലാ രാജ്യങ്ങളിലും ലഭിക്കും. ഇതിനായി ഗൂഗിൾ അക്കൗണ്ട് ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് തെളിയുന്ന 'റിസൾട്‌സ് എബൗട്ട് യു' ഓപ്ഷനിൽ നിന്ന് നമുക്ക് പരസ്യമായി ലഭ്യമാകുന്ന വിവരങ്ങൾ അറിയാൻ സാധിക്കും.
സ്വകാര്യവിവരങ്ങളും ചിത്രങ്ങളുമുൾപ്പടെ പരസ്യമാക്കാനാഗ്രഹിക്കാത്ത വിവരങ്ങൾ ഇതിൽ നിന്നും നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടാൻ സാധിക്കും. പേര്, മൊബൈൽ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ പരസ്യമായിട്ടുണ്ടെങ്കിൽ ഗൂഗിൾ ആപ്പിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ പകർത്തിയതോ സമ്മതമില്ലാതെ പങ്കിട്ടതോ ആയ ചിത്രങ്ങൾ ഗൂഗിൾ സേർച്ചിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടാൻ സാധിക്കുന്ന അപ്‌ഡേറ്റുകൾ ഗൂഗിൾ നേരത്തെ അവതരിപ്പിച്ചിരുന്നു.