ഇസ്രായേൽ-ഫലസതീൻ സംഘർഷം: എക്സിലെ വ്യാജവാർത്തകളിൽ 74 ശതമാനവും വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന്
വ്യാജവാർത്തകൾ പ്രചരിപ്പിച്ച 250 പോസ്റ്റുകളിൽ 186 എണ്ണവും വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നാണ്
ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തെ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അധികവും എക്‌സിലെ വെരിഫൈഡ് അക്കൗണ്ടുകളാണെന്ന് റിപ്പോർട്ട്. സംഘർഷം തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ എൻഗേഞ്ച് ചെയ്ത 250 പോസ്റ്റുകൾ സംഘർഷവുമായി ബന്ധപ്പെട്ട തെറ്റായ പത്ത് കാര്യങ്ങളിൽ ഒന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നാണ് 'ന്യൂസ് ഗാർഡ്' റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ 250 പോസ്റ്റുകളിൽ 186 എണ്ണവും (ഏകദേശം 74 ശതമാനം) വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നാണ്.
ഈ പോസ്റ്റുകൾ ഒരാഴ്ചക്കുള്ളിൽ 100 മില്ല്യണിലധികം എൻഗേഞ്ച്‌മെന്റുകളാണ് ലഭിച്ചത്. ഇതിന് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, ടെലഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലും വ്യാജവാർത്തകൾ പ്രചരിച്ചതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളിൽ ഭൂരിഭാഗവും മറ്റ് പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് എക്‌സിൽ വൈറലാക്കുന്നതായി ഗവേഷകർ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ പ്രചരിച്ച വ്യാജ വാർത്തയായ ഉക്രൈൻ ഹമാസിന് ആയുധങ്ങൾ വിറ്റുവെന്ന വാർത്ത പ്രചരിപ്പിച്ച 25 പോസ്റ്റുകളിൽ 24 എണ്ണവും എക്‌സ് പ്രീമിയം അക്കൗണ്ടുകളിൽ നിന്നാണ്. സി.എൻ.എൻ വ്യാജവാർത്ത ഏറ്റുപിടിച്ച 25 അക്കൗണ്ടുകളിൽ 23 എണ്ണം വെരിഫൈഡ് അക്കൗണ്ടുകളാണ്. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പ് വളരെ ആധികാരികമായാണ് അക്കൗണ്ടുകൾ വെരിഫൈ ചെയ്ത് ചെക്ക് മാർക്ക് കൊടുത്തിരുന്നതെന്നും ഇന്ന് പണം കൊടുത്ത് വാങ്ങാവുന്നതിനാൽ അക്കൗണ്ടുകളുടെ ആധികാരികത നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തുന്നവരുണ്ട്.