ടെലികോം വിപണിയിൽ ജിയോ മുന്നേറ്റം; വെട്ടിലായി വോഡഫോൺ, ഐഡിയ
ഒക്ടോബറിലെ വരിക്കാരുടെ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
രാജ്യത്തെ ടെലികോം വിപണിയിൽ വമ്പൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് ജിയോയും റിലയൻസും. ഇതോടെ വെട്ടിലായതാകട്ടെ വോഡഫോണും ഐഡിയയും എയർടലുമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഒക്ടോബറിലെ വരിക്കാരുടെ കണക്കുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ടെലികോം രംഗത്ത് റിലയൻസും ജിയോയും വൻ കുതിച്ചുചാട്ടം നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 31 ദിവസത്തിനിടെ ജിയോ 14.14 ലക്ഷം പുതിയ വയർലെസ് വരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം എയർടെലിന് 8.05 ലക്ഷം വരിക്കാരെയാണ് അധികമായി സ്വന്തമാക്കാൻ കഴിഞ്ഞത്. ഐഡിയക്കും വോഡഫോണിനും 35.09 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തത് തിരിച്ചടിയായി.
ജിയോയും എയർടെലും വരിക്കാരെ പിടിച്ചുനിർത്തുന്നതിൽ ഏറെ വിജയിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാകുന്നുണ്ട്. ബി.എസ്.എൻ.എല്ലിനെ ഉപേക്ഷിച്ചതാകട്ടെ 5.19 ലക്ഷം വരിക്കാരാണ്. ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം സെപ്റ്റംബർ അവസാനത്തിലെ 1,14.5 കോടിയിൽ നിന്ന് ഒക്ടോബർ അവസാനത്തോടെ 1,14.36 കോടിയായി കുറഞ്ഞിട്ടുണ്ട്. 0.16 ശതമാനമാണ് പ്രതിമാസ ഇടിവ് കാണിക്കുന്നത്. ടെലികോം വിപണിയുടെ 36.85 ശതമാനം ജിയോ കീഴടക്കിയപ്പോൾ എയർടെൽ 31.92 ശതമാനം വിഹിതം പിടിച്ചെടുത്തു. വി യ്ക്ക് വിപണി വിഹിതത്തിന്റെ 21.48 ശതമാനവും പിടിച്ചെടുക്കാനായി. 9.52 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എൻഎൽ നാലാം സ്ഥാനത്ത് ഒതുങ്ങി.
രാജ്യത്തെ വയർലൈൻ വരിക്കാരുടെ 2.64 കോടിയിൽ നിന്ന് ഒക്ടോബർ അവസാനത്തോടെ 2.82 കോടിയായി വർധിച്ചു. ഇത് പ്രതിമാസ വളർച്ചാ നിരക്ക് 0.35 ശതമാനമായാണ് കാണിക്കുന്നത്. വിപണി വിഹിതത്തിന്റെ 29.45 ശതമാനം പിടിച്ചെടുത്തത് ജിയോ ആണെനന്ന് ട്രായുടെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വയർലൈൻ സേവന ദാതാവായിരിക്കുകയാണ് ജിയോ. വിപണി വിഹിതത്തിന്റെ 26.45 ശതമാനവും 24.27 ശതമാനവും കീഴടക്കി ബിഎസ്എൻഎൽ, എയർടെലും രണ്ടും മൂന്നും സ്ഥാനത്താണ്.
ആകെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 81.62 കോടിയിൽ നിന്ന് ഒക്ടോബർ അവസാനത്തോടെ 82.14 കോടിയായി വർധിച്ചതായും ട്രായുടെ കണക്കുകൾ വ്യക്തമാക്കുന്നു. റിലയൻസ് ജിയോയ്ക്ക് 42.85 കോടി വരിക്കാരും ഭാരതി എയർടെലിന് 22.82 കോടി ബ്രോഡ്ബാൻഡ് വരിക്കാരും ഉണ്ട്. 12.33 കോടി വരിക്കാരുള്ള വോഡഫോൺ ഐഡിയ, 2.6 കോടി വരിക്കാരുള്ള ബിഎസ്എൻഎൽ, 2.14 ലക്ഷം വരിക്കാരുള്ള ആട്രിയ കൺവെർജൻസ് എന്നിവയാണ് ഒക്ടോബറിലെ ഏറ്റവും വലിയ മറ്റു ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.