പതിനാറു മാസം കൊണ്ട് ഒരു കോടി ഉപയോക്താക്കളുമായി 'കൂ' ആപ്പ്
കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലാണ് 'കൂ ആപ്പ്' സേവനം കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്.
ട്വിറ്ററിന് ബദലായെത്തിയ കൂ ആപ്പ് ഉപയോക്താക്കള്‍ ഒരു കോടിയിലേക്ക്. ആപ്പ് നിലവില്‍ വന്ന് പതിനാറു മാസത്തിനു ശേഷമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പത്തു കോടി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി കൂ ആപ്പിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു.
കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലാണ് 'കൂ ആപ്പ്' സേവനം കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഉപയോക്താക്കളില്‍ 85 ശതമാനം പേരും കഴിഞ്ഞ ഫെബ്രുവരിയിലാണ് കൂ ആപ്പില്‍ ചേര്‍ന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഉപയോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ, ചിത്രങ്ങൾ, ചെറിയ വീഡിയോകൾ എന്നിവ രേഖപെടുത്താവുന്ന ട്വിറ്ററിന് സമാനമായ മൈക്രോബ്ലോഗിംഗ് സേവനമാണ് കൂ ആപ്പ് ഒരുക്കുന്നത്. മറ്റ് ആപ്പുകളില്‍ നിന്ന് വിഭിന്നമായി മാതൃഭാഷയിലൂടെയും ഇതില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാം. ഈ സംവിധാനമാണ് ആപ്പ് കൂടുതല്‍ ജനപ്രിയമാകാന്‍ കാരണമെന്നും അപ്രമേയ രാധാകൃഷ്ണ കൂട്ടിച്ചേര്‍ത്തു. ദക്ഷിണേഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഈസ്റ്റേണ്‍ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂ ആപ്പ് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.