ഏറ്റെടുക്കാനാളില്ല; എക്‌സിന്റെ ഇന്ത്യൻ ബദലായ 'കൂ' അവസാനിപ്പിക്കുന്നു

പ്രതിസന്ധിയിലൂടെ കടന്ന് പോകുകയായിരുന്ന 'കൂ'വിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം നേടാനാവാതെ വന്നതോടെയാണ് കമ്പനി അടച്ചുപൂട്ടുന്നത്.

Update: 2024-07-03 10:24 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ട്വിറ്ററിന്(എക്‌സ്) ബദലായി ഇന്ത്യൻ കമ്പനി തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'കൂ' അടച്ചുപൂട്ടുന്നു. നാല് വർഷം മുമ്പ് അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്വത്കയും ചേർന്ന് ആരംഭിച്ചതാണ് കൂ.

പ്രതിസന്ധിയിലൂടെ കടന്ന് പോകുകയായിരുന്ന 'കൂ'വിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം നേടാനാവാതെ വന്നതോടെയാണ് കമ്പനി അടച്ചുപൂട്ടുന്നത്. പ്രമുഖ ഇന്റർനെറ്റ് കമ്പനികൾ, മീഡിയാ ഹൗസുകൾ എന്നിവരുമായായിരുന്നു ഏറ്റെടുക്കൽ ചർച്ചകൾ നടത്തിയിരുന്നത്.

എല്ലാം പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടുന്നതെന്ന് ഉടമകളായ അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്വത്കയും പറഞ്ഞു. പ്രാദേശിക ഭാഷകളിൽ ഉപയോക്താക്കൾക്ക് സേവനം നൽകിക്കൊണ്ട് ഇന്ത്യയിൽ ആരംഭിച്ച സ്റ്റാര്‍ട്അപ്പുകളിലൊന്നായിരുന്നു കൂ.

ബാംഗ്ലൂർ ആസ്ഥാനമായുള്ള ന്യൂസ് ആന്റ് കണ്ടന്റ് സ്ഥാപനമായ ഡെയ്‌ലിഹണ്ട് 'കൂ'വിനെ ഏറ്റെടുക്കാനുള്ള ചർച്ചയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചർച്ച നടത്തിയിരുന്ന കമ്പനികളിൽ ചിലത് കരാർ ഒപ്പിടുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നുവെന്നും എന്നാൽ അവർ മുൻഗണനകൾ മാറ്റിയതിനാൽ കരാർ സാധ്യമായില്ലെന്നും കമ്പനി വ്യക്തമാക്കി.

2020-21 കാലഘട്ടത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് 'കൂ' ജനശ്രദ്ധ നേടുന്നത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തോട് വഴങ്ങാന്‍ അന്ന് ട്വിറ്റര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് സര്‍ക്കാരും അനുകൂല കേന്ദ്രങ്ങളും ട്വിറ്ററിനെതിരെ വ്യാപകമായ പ്രചാരണം നടത്തി. ട്വിറ്ററിനെ ഉപേക്ഷിച്ച് 'കൂ'വിലേക്ക് മാറണമെന്ന രീതിയില്‍ പ്രചാരണം വ്യാപകമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഒരു മന്‍കി ബാത്തില്‍ 'കൂ'വിനെ പ്രശംസിക്കുകയും ചെയ്തു. അതുവഴി ഉപയോക്താക്കളെ സൃഷ്ടിക്കാന്‍ കമ്പനിക്ക് കാര്യമായി കഴിഞ്ഞിരുന്നു.

കൂവിന് ഏകദേശം 10 മില്യണ്‍(ഒരു കോടി) പ്രതിമാസ സജീവ ഉപയോക്താക്കളും 2.1 മില്യണ്‍(21 ലക്ഷം) പ്രതിദിന ഉപയോക്താക്കളും ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്നു. 2022ൽ കൂ, 50 മില്യൺ ഉപയോക്താക്കളെ നേടിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ട്വിറ്ററിനെ മറികടക്കാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News