കാൾ ചെയ്യാം, ഫോട്ടോയുമെടുക്കാം പുതിയ സ്മാർട്ട് ഗ്ലാസുമായി ഷിഓമി

ഗ്ലാസിന് എന്ത് വില വരുന്നമെന്നോ എന്ന് പുറത്തിറങ്ങുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Update: 2021-09-14 17:12 GMT
Advertising

കാൾ ചെയ്യൽ, ഫോട്ടോയെടുപ്പ്, മെസേജും നോട്ടിഫിക്കേഷനും കാണുക, നാവിഗേഷൻ, എന്തിനേറെ ടെക്‌സ്റ്റ് ഭാഷാന്തരം ചെയ്യാൻ വരെ സൗകര്യമുള്ള സ്മാർട്ട് ഗ്ലാസുമായി ഷിഓമി. ഷിഓമി 11ടി ഷിഓമി 11 ടി പ്രോ എന്നിവ ലോക വിപണിയിൽ അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഷിഓമി സ്മാർട്ട് ഗ്ലാസ് എന്ന് പേരിട്ട ഉൽപ്പന്നത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

കണ്ടാൽ സാധാരണ ഗ്ലാസ് പോലെ തോന്നുന്ന മൈക്രോ എൽ.ഇ.ഡി ഇമേജിംഗ് ടെക്‌നോളജിയാണ് സ്മാർട്ട് ഗ്ലാസിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

0.13 ഇഞ്ച് വരുന്ന മൈക്രോ എൽ.ഇ.ഡി ഡിസ്‌പ്ലേയുള്ള ഗ്ലാസിന് ആകെ 51 ഗ്രാം തൂക്കമുണ്ട്. മൈക്രോ എൽ.ഇ.ഡി ഉയർന്ന പിക്‌സൽ സാന്ദ്രതയുള്ളതും ഒതുക്കമുള്ള ഡിസ്‌പ്ലേയാക്കുന്നതും സ്‌ക്രീൻ സംയോജനം അനുവദിക്കുന്നതുമാണ്.

ധാന്യമണിയുടെ അത്രമാത്രം വലിപ്പമുള്ള ഡിസ്‌പ്ലേ ചിപ്പാണ് ഉപയോഗിച്ചതെന്നാണ് ഷിഓമി അവകാശപ്പെടുന്നത്. രണ്ടു മില്ല്യൺ നൈറ്റ് (ഒരു നൈറ്റ് എന്നാൽ ഒരു സ്‌ക്വയർ മീറ്ററിലെ മെഴുകുതിരി വെട്ടം) ബ്രൈറ്റ്‌നസുള്ള മോണോക്രോം ഡിസ്‌പ്ലേ ആണുള്ളത്. ഒപ്റ്റിക്കൽ വേവ് ഗൈഡ് സാങ്കേതികത ഉപയോഗിച്ചതിനാൽ മനുഷ്യ നേത്രങ്ങൾക്ക് സുഖകരമായ വിധത്തിൽ വെളിച്ചം കടത്തിവിടുന്നതുമാണ് പുതിയ ഗ്ലാസ്.

ലെൻസിന്റെ അകത്തെ പ്രതലം വെളിച്ചം ബുദ്ധിമുട്ടുണ്ടാക്കാതെ കണ്ണിൽ പതിക്കുന്ന തരത്തിൽ തയാറാക്കിയതുമാണ്. അതോടൊപ്പം പൂർണ ചിത്രം നൽകുന്നതുമാണ്. ഷഓമി പങ്കുവെച്ച വിഡിയോയിൽ ഭാവി മുൻകൂട്ടി കണ്ടുള്ള ഡിസ്‌പ്ലേയുടെ സവിശേഷത വ്യക്തമാക്കുന്നതാണ്.

ഫോട്ടോയെടുക്കാൻ അഞ്ച് മെഗാപിക്‌സൽ ക്യാമറയാണ് ഗ്ലാസിലുള്ളത്. ഷിയാഓ വോയിസ് അസിസ്റ്റൻറ് സംവിധാനം ഉപയോഗിച്ച് ടെക്‌സ്റ്റുകൾ ഭാഷാന്തരം ചെയ്യാനും കഴിയും.

ഗ്ലാസിന് സ്‌നാപ് ഇൻറർനാഷണലിന്റെ കണ്ണടയുമായും ഫേസ്ബുക്കിന്റെ റെയ്ബാൻ സ്‌റ്റോറീസുമായും സാമ്യമുണ്ട്.

ഫോട്ടേയെടുക്കുമ്പോൾ സൂചന നൽകുന്ന ലൈറ്റും ഗ്ലാസിലുണ്ട്. ഇവ വഴി തന്നെ സ്മാർട്ട് ഗ്ലാസ് നാവിഗേഷനായും ഉപയോഗിക്കാം. ഗ്ലാസിൽ വൈഫൈയും ബ്ലൂടൂത്തും പ്രയോജനപ്പെടുത്താം. ഈ സംവിധാനം ആൻഡ്രോയിഡ് ഉപകരണത്തിൽ പ്രവർത്തിക്കുന്നതും ഒരു ടെച്ച്പാഡുള്ളതുമാണ്.

സ്മാർട്ട് ഹോം മുന്നറിയിപ്പുകൾ, ഓഫിസ് അപ്ലിക്കേഷനുകളിലെ പ്രധാന വിവരങ്ങൾ, പ്രധാന കോൺടാക്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ തുടങ്ങിയവ നോട്ടിഫിക്കേഷനുകളാണ് ഗ്ലാസിൽ വഴിയെത്തുകയെന്ന് ഷഓമി അധികൃതർ അറിയിച്ചു. അവർ പുറത്തുവിട്ട വിഡിയോയിൽ ഇക്കാര്യം കാണാവുന്നതാണ്.

സ്മാർട്ട് ഫോണിന്റെ അനുബന്ധ ഉൽപ്പന്നമായല്ലാതെ, വേറിട്ട ഒരു ഉൽപ്പന്നമായി ഗ്ലാസ് സ്വീകരിക്കപ്പെടുമെന്നാണ് കമ്പനി കരുതുന്നത്. എന്നാൽ ഗ്ലാസിന് എന്ത് വില വരുന്നമെന്നോ എന്ന് പുറത്തിറങ്ങുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏതൊക്കെ വിപണികൾ ലക്ഷ്യമിട്ടാണ് ഗ്ലാസ് ഇറക്കിയതെന്നത് കൗതുകമുണർത്തുന്നതാണ്.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News